കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ സാഡിസ്റ്റുകളുടെ കേന്ദ്രങ്ങള്‍: കെ.സുധാകരന്‍ എം.പി

ദമ്മാം: ഇരകളുടെ കദനങ്ങളെ ഉല്‍സവങ്ങളാക്കി ആഘോഷിച്ച് രസിക്കുന്ന സാഡിസ്റ്റുകളുടെ കേന്ദ്രങ്ങളായി കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ മാറിയതായി കെ.സുധാകരന്‍ എം.പി പറഞ്ഞു. സൗദി അറേബ്യയിലെ പ്രവാസികളുമായി ബന്ധപ്പെട്ട നിലവിലെ തൊഴില്‍ പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ ദമ്മാമില്‍ എത്തിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. കുവൈത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് സൗദിയിലെ വിഷയങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്. സത്യം മനസ്സിലാക്കാന്‍ ഇവിടം നേരിട്ട് സന്ദര്‍ശിക്കുകയാണ് ഉചിതമെന്ന് കരുതി. യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാതെ നെഗറ്റീവ് വഴിയിലൂടെയാണ് മാധ്യമങ്ങള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസ്സിലായി. അകാരണമായി ഭീതിയും അതിശയോക്തിപരമായ കഥകളും പ്രചരിപ്പിക്കുന്ന സമയത്ത് പ്രവാസികള്‍ക്ക് അത്താണിയായി നില്‍ക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞില്ല. മത്സര ലോകത്ത് ഒന്നാമതെത്താന്‍ മറ്റുള്ളവന്‍െറ ജീവിതം കൊണ്ട് കളിക്കുന്ന ധാര്‍മിക മൂല്യമില്ലാത്ത പ്രവൃത്തികളാണ് ഇവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം ജുബൈലില്‍ സന്ദര്‍ശനം നടത്തികൊണ്ടിരിക്കുമ്പോഴാണ് ആഹാരവും വെള്ളവും കിട്ടാതെ ജുബൈലില്‍ 10 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടര്‍ ചാനല്‍ ഫ്ളാഷ് ന്യൂസ് പുറത്തു വിട്ടത്. ഉടന്‍ തന്നെ ഒ.ഐ.സി.സി പ്രവര്‍ത്തകര്‍ ചാനലുമായി ബന്ധപ്പെട്ട് ജുബൈലില്‍ എവിടെയാണിതെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ആരോ പടച്ചുവിട്ട വ്യാജവാര്‍ത്ത അവര്‍ ഫ്ളാഷ് ആക്കുകയായിരുന്നു. ഇത്തരത്തിലാണ് മിക്ക വാര്‍ത്തകളും വന്നതെന്ന് ഇവിടെ വന്നപ്പോള്‍ മനസ്സിലായി. ഇവിടെ പ്രതിസന്ധിയില്ലെന്നല്ല. ഒരു രാജ്യത്തിന്‍െറ നിയമങ്ങളെ വെല്ലുവിളിക്കാന്‍ നമുക്കെന്തവകാശം? നിയമം അനുസരിക്കാന്‍ നാമാണ് ബാധ്യസ്ഥ്യര്‍.
അതേസമയം ഇപ്പോഴത്തെ പ്രതിസന്ധിയില്‍ പ്രവാസികള്‍ക്കായി നമ്മുടെ രാജ്യത്തിന് എന്ത് നല്‍കാനാകുമെന്നുള്ള അന്വേഷണമാണ് താന്‍ നടത്തുന്നത് .അംബാസഡറും ഡി.സി.എമ്മും സംഘടനാ നേതാക്കളുമായും കുടിക്കാഴ്ച നടത്തും. വയലാര്‍ രവിയുമായി കഴിഞ്ഞ ദിവസവും ചര്‍ച്ച നടത്തിയിരുന്നു. ഇവിടെ നിന്ന് നാട്ടിലെത്തിയാലുടന്‍ കൃത്യമായ വിവരങ്ങളും നിര്‍ദേശങ്ങളും പ്രവാസകാര്യ വകുപ്പിനും വിദേശ വകുപ്പിനും സമര്‍പ്പിക്കും.
എല്ലാ പ്രതിസന്ധികളേയും അതിജീവിക്കാന്‍ പഠിച്ച മലയാളി ഇപ്പോഴത്തെ ഗള്‍ഫ് പ്രതിസന്ധിയേയും അതിജീവിക്കുമെന്നു അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പണ്ട് ബര്‍മയിലും സിലോണിലും സിങ്കപ്പുരിലും പോയ ശേഷമാണ് നാം ഗള്‍ഫിലെത്തിയത്. ഇപ്പോഴത്തെ യുറോപ്യന്‍ രാജ്യങ്ങളുടെ സാധ്യതയായിരിക്കും മലയാളി ഇനി പ്രയോജനപ്പെടുത്താന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലെടുക്കാന്‍ തയാറായാല്‍ ഗള്‍ഫില്‍ കിട്ടുന്നതിനേക്കാള്‍ വലിയ ശമ്പളം കിട്ടുന്ന സ്ഥലമായി നമ്മുടെ നാട് മാറിയിട്ടുണ്ട്. കഴിവും പ്രാപ്തിയും വര്‍ധിച്ച ഗള്‍ഫ് മലയാളിക്ക് നാട് ഒത്തിരി സാധ്യതകള്‍ കാത്തുവെച്ചിട്ടുണ്ടെന്നും ഇവിടുത്തെ പോലെ ജോലി ചെയ്യാനുള്ള മനസ്സാണ് മുഖ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒ.ഐ.സി.സി നേതാവ് മന്‍സൂര്‍ പള്ളൂരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus