ജിദ്ദ പൊതുഗതാഗത പദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍

ജിദ്ദ: ജിദ്ദ പൊതുഗതാഗതപദ്ധതി ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കുമെന്ന് മെട്രോ ജിദ്ദ കമ്പനി എക്സിക്യൂട്ടീവ് മേധാവി എന്‍ജി. ഇബ്രാഹീം ഖുത്ബ് ഖാന്‍ പറഞ്ഞു. പദ്ധതി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര കമ്പനികളെ ക്ഷണിക്കുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. അതിനുശേഷം ടെന്‍ഡര്‍ ക്ഷണിക്കുമെന്നും മെട്രോ കമ്പനി മേധാവി പറഞ്ഞു.
മെട്രോ ട്രെയിനുകള്‍ റിമോട്ട് സംവിധാനത്തിലൂടെ ഓടുന്നതായിരിക്കും. കണ്‍ട്രോള്‍ റൂമില്‍ നിന്നായിരിക്കും ട്രെയിനുകളുടെ സഞ്ചാരം നിയന്ത്രിക്കുക. ടിക്കറ്റ് നിരക്ക് ഇപ്പോള്‍ പറയാന്‍ കഴിയില്ല. പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നതിന് സ്വദേശികളെയും വിദേശികളെയും ആകര്‍ഷിക്കുന്ന വിധത്തിലാകും മെട്രോ ചാര്‍ജ് നിശ്ചയിക്കുക. രാജ്യത്ത് എല്ലായിടത്തും നിരക്ക് ഏകീകരിക്കുന്നതിന് പ്രത്യേക സമിതി പഠനം നടത്തും. ട്രെയിന്‍, ബസ്, കടല്‍ ടാക്സി എന്നിവയിലെ യാത്രക്കുള്ള ടിക്കറ്റ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലായിരിക്കും. ഒരേ സ്മാര്‍ട്ട് കാര്‍ഡ് ഉപയോഗിച്ച് എല്ലാറ്റിലും യാത്ര ചെയ്യാനാകും.
സ്മാര്‍ട്ട് കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ പറ്റുന്ന വിധത്തിലായിരിക്കും. അബ്ഹുര്‍ തുക്ക് പാലം നിര്‍മാണം ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കും. ഒരു അന്താരാഷ്ട്ര കമ്പനിക്ക് കീഴില്‍ പ്ളാന്‍ തയ്യാറാക്കിവരികയാണ്. മൂന്ന് വര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാകുമെന്നും മെട്രോ കമ്പനി മേധാവി പറഞ്ഞു. പൊതുഗതാഗത പദ്ധതിക്ക് മക്ക ഗവര്‍ണര്‍, ഗതാഗതമന്ത്രി, മുനിസിപ്പല്‍ ഗ്രാമമന്ത്രി, ധനമന്ത്രി എന്നിവരുടെ മേല്‍നോട്ടത്തില്‍ ഉന്നതാധികാര സമിതിയുണ്ട്. ഓരോ സബ്കമ്മിറ്റിയുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അപ്പപ്പോള്‍ ഉന്നതാധികാരസമിതിക്ക് സമര്‍പ്പിക്കും. മെട്രോ പദ്ധതി നടപ്പിലാക്കുമ്പോള്‍ പല ഭാഗങ്ങളിലായി നിരവധി കെട്ടിടങ്ങള്‍ നീക്കം ചെയ്യേണ്ടിവരും. എത്രകെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടിവരുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ഏഴ് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന മെട്രോ പദ്ധതി ഏറ്റവും അത്യാധുനിക സംവിധാനത്തോടെയാണ് നടപ്പിലാക്കുകയെന്നും മെട്രോ കമ്പനി മേധാവി പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus