12:30:26
07 Oct 2015
Wednesday
Facebook
Google Plus
Twitter
Rssfeed

കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട് സഹായം; മോഡി സര്‍ക്കാറിനെതിരെ സി.എ.ജി

കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട് സഹായം; മോഡി സര്‍ക്കാറിനെതിരെ  സി.എ.ജി

അഹ്മദാബാദ്: ഗുജറാത്ത് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് വഴിവിട്ട് ആനുകൂല്യങ്ങള്‍ നല്‍കി സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടാക്കിയതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി) റിപ്പോര്‍ട്ട്. സംസ്ഥാന നിയമസഭയില്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഗുജറാത്തിന്‍െറ സത്വര വ്യവസായവത്കരണത്തിന്‍െറ പേരില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ നടത്തിയ വഴിവിട്ട പ്രവര്‍ത്തനങ്ങളുടെ കുറ്റപത്രം കൂടിയായി.

ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ഫോര്‍ഡ് ഇന്ത്യ, എസ്സാര്‍ സ്റ്റീല്‍ എന്നീ കമ്പനികള്‍ക്ക് ഫാക്ടറി സ്ഥാപിക്കുന്നതിന് കുറഞ്ഞ വിലക്ക് ഭൂമി നല്‍കിയെന്നാണ് സി.എ.ജിയുടെ കണ്ടെത്തലുകളില്‍ ഏറ്റവും പ്രധാനം. സൂറത്ത് ജില്ലയിലെ ഹസാരിയയില്‍ ലാര്‍സന്‍ ആന്‍ഡ് ടര്‍ബോക്ക് മതിപ്പുവിലയുടെ 30 ശതമാനം കിഴിവില്‍ ഭൂമി നല്‍കിയതുവഴി 129 കോടി രൂപയുടെ നഷ്ടം സംസ്ഥാന ഖജനാവിനുണ്ടായി. ഏകദേശം 250 കോടി രൂപ മതിപ്പുവിലവരുന്ന ഭൂമിയാണ് ലാന്‍ഡ് വാല്വേഷന്‍ കമ്മിറ്റിയുടെ യോഗംപോലും വിളിക്കാതെ ചുളുവിലക്ക് ഫോര്‍ഡ് ഇന്ത്യക്ക് നല്‍കിയത്. എസ്സാര്‍ സ്റ്റീല്‍ കമ്പനി സര്‍ക്കാര്‍ഭൂമി കൈയേറിയത് ചെറിയ പിഴമാത്രം ഈടാക്കി നിയമവിധേയമാക്കിയെന്നും സി.എ.ജി കണ്ടെത്തി.

അദാനി പവറുമായി ഗുജറാത്ത് വൈദ്യുതി ബോര്‍ഡ് ഉണ്ടാക്കിയ കരാര്‍ പാലിക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. എന്നിട്ടും കരാര്‍ലംഘനത്തിന്‍െറ പിഴയായ 160 കോടി രൂപ ഈടാക്കാതെ സംസ്ഥാന സര്‍ക്കാര്‍ അദാനിയെ സഹായിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് ഗ്യാസ് കടത്തിയ വകയിലെ ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ് ഇളവ്ചെയ്തുകൊടുത്തു. ഇതുവഴി 52.27 കോടിയുടെ ലാഭം റിലയന്‍സിന് ഉണ്ടായതായി സി.എ.ജി ചൂണ്ടിക്കാട്ടി.
പട്ടികജാതി-വര്‍ഗ ഫണ്ടുകള്‍ അനുവദിക്കുന്നതിലും മോഡി സര്‍ക്കാര്‍ വീഴ്ചവരുത്തി. പട്ടികവര്‍ഗക്കാര്‍ക്ക് മൊത്തം ബജറ് റ്വിഹിതത്തിന്‍െറ 17.97 ശതമാനവും പട്ടികജാതിക്കാര്‍ക്ക് 7.1 ശതമാനവും ഫണ്ട് അനുവദിക്കണമെന്നിരിക്കെ യഥാക്രമം 16.48 ശതമാനവും 3.20 ശതമാനവുമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ചത്. എസ്.സി-എസ്.ടി ഫണ്ടുകള്‍ ജനസംഖ്യാനുപാതികമായി ഉയര്‍ത്തണമെന്ന് പദ്ധതിരേഖ അംഗീകരിക്കുന്ന സമയത്തുതന്നെ ആസൂത്രണ കമീഷന്‍ നിബന്ധനവെച്ചിരുന്നു. എന്നാല്‍, മോഡി സര്‍ക്കാര്‍ ഇത് പരിഗണിച്ചില്ലെന്നും സി.എ.ജി കുറ്റപ്പെടുത്തി. കഴിഞ്ഞ കുറേക്കാലമായി ഗുജറാത്തില്‍ പട്ടികജാതി-വര്‍ഗ ഫണ്ടുകള്‍ ജനസംഖ്യാനുപാതികമല്ലെന്നും കമീഷന്‍ കണ്ടെത്തി.

കാര്‍ഷിക വികസനത്തില്‍ വന്‍ കുതിച്ചുചാട്ടം നടത്തിയെന്ന മോഡിയുടെ അവകാശവാദത്തെയും റിപ്പോര്‍ട്ട് ചോദ്യംചെയ്യുന്നു.
ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന കാര്‍ഷിക വകുപ്പ് സര്‍വേകള്‍ നടത്തുകയോ ഗുണഭോക്താക്കളില്‍നിന്ന് അഭിപ്രായംതേടുകയോ ചെയ്തിട്ടില്ല. കാര്‍ഷിക ഫീല്‍ഡ് ഓഫിസര്‍മാരില്‍നിന്ന് റിപ്പോര്‍ട്ടുപോലും വാങ്ങിയിട്ടില്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടി.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മോഡിയുടെ ഗുജറാത്ത് മോഡല്‍ വികസനം ശുദ്ധ തട്ടിപ്പാണെന്ന് തെളിഞ്ഞിരിക്കയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. നിരവധി മനുഷ്യാവകാശ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും സര്‍ക്കാറിനെതിരെ രംഗത്തെത്തി. എന്നാല്‍, സി.എ.ജി ക്രമവിരുദ്ധമായി ചില നടപടികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ഇതൊന്നും അഴിമതിമൂലം ഉണ്ടായതല്ലെന്നാണ് ഗുജറാത്ത് ധനമന്ത്രി നിതിന്‍ഭായി പട്ടേലിന്‍െറ പ്രതികരണം. പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus