12:30:26
10 Oct 2015
Saturday
Facebook
Google Plus
Twitter
Rssfeed

പ്രവാസി പ്രശ്നം: വേണ്ടത് വികാരത്തിലുപരി വിവേകം

പ്രവാസി പ്രശ്നം: വേണ്ടത് വികാരത്തിലുപരി വിവേകം

ഗള്‍ഫ് പ്രവാസികളെ, വിശിഷ്യാ കേരളീയരെ അസ്വസ്ഥരാക്കുന്ന വാര്‍ത്തകളാണ് ഒരാഴ്ചയായി പത്രങ്ങളിലും ചാനലുകളിലും വന്നുകൊണ്ടിരിക്കുന്നത്. പ്രവാസി മലയാളി ഏറ്റവും കൂടുതല്‍ ജോലിചെയ്തു ജീവിക്കുന്ന സൗദി അറേബ്യ കേന്ദ്രീകരിച്ചാണ് വാര്‍ത്തകള്‍. പൊതുവെ ഗള്‍ഫ് നാടുകളിലെല്ലായിടത്തും അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയും നിയമവിധേയരല്ലാത്ത അന്യരാജ്യ തൊഴിലാളികള്‍ക്കെതിരെയും ശക്തമായ നീക്കങ്ങള്‍ നേരത്തേ ആരംഭിച്ചിരുന്നുവെങ്കിലും പല പഴുതുകളും ഉപയോഗിച്ച് ഗള്‍ഫ്നാടുകളില്‍ കഴിഞ്ഞുവരുന്ന കുറെയേറെ പേര്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്ന തിരിച്ചറിവ് ഗള്‍ഫ് ഭരണകൂടങ്ങളില്‍ ശക്തിപ്പെട്ടതാണ് ഈ നീക്കങ്ങള്‍ക്ക് കാരണം. ഇതര ഗള്‍ഫുനാടുകളിലില്ലാത്തവിധം അനധികൃത കുടിയേറ്റക്കാരുടെ ആധിക്യം സൗദിയിലാണ്. ഹജ്ജ്, ഉംറ തുടങ്ങിയ അനുഷ്ഠാന കര്‍മങ്ങള്‍ക്കും പ്രവാചക നഗരമായ മദീനയിലേക്കുള്ള പുണ്യയാത്രക്കും സൗദിയിലെത്തുന്ന ലക്ഷോപലക്ഷം ഭക്തജനങ്ങളില്‍ ചിലരെങ്കിലും കാലങ്ങളായി തിരിച്ചുപോകാതെ സൗദിയില്‍ തങ്ങി തൊഴിലെടുക്കുന്നവരായുണ്ട്. പെട്രോള്‍ പ്രവാഹം ഉണ്ടാക്കിയ സാമ്പത്തിക സ്ഫോടനം കണ്ട് ഗള്‍ഫില്‍ ചേക്കേറിയവരില്‍ പലരും സ്പോണ്‍സര്‍മാരുടെ സ്ഥാപനങ്ങളില്‍ ജോലിചെയ്യാതെ ഇതര സ്ഥാപനങ്ങളിലോ സ്വന്തമായോ തൊഴിലെടുക്കുന്നവരാണ്. ഈ രണ്ടു കാരണങ്ങളാലും ഏറ്റവും കൂടുതല്‍ അനധികൃത താമസക്കാരുടെ നാടായി മാറിയത് സൗദി അറേബ്യയാണ്.
1995 മുതല്‍ ജി.സി.സി രാഷ്ട്രങ്ങള്‍ തങ്ങളുടെ തൊഴില്‍രഹിതരായ യുവാക്കള്‍ക്ക് തൊഴില്‍ മേഖലയില്‍ പ്രത്യേക പരിഗണനയും ചില മേഖലകളില്‍ സംവരണവും ഏര്‍പ്പെടുത്തിത്തുടങ്ങിയിരുന്നു. 1980ല്‍ ആരംഭിച്ച് എട്ടു വര്‍ഷം നീണ്ടുനിന്ന ഇറാഖ് - ഇറാന്‍ യുദ്ധം ഗള്‍ഫ് മേഖലയില്‍ അശാന്തിയുടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അതിനുശേഷം 1991ല്‍ ഇറാഖ് കുവൈത്തിനെ ആക്രമിച്ചതോടെ ജി.സി.സിയിലാകെ പടര്‍ന്നുപിടിച്ച സാമ്പത്തിക പ്രതിസന്ധിയും യുദ്ധാനന്തരം തൊഴില്‍ മേഖലയില്‍ ഉരുത്തിരിഞ്ഞുവന്ന ആശങ്കകളും പ്രവാസികളെയാണ് ഏറെ ബാധിച്ചത്. കുവൈത്തിന്‍െറ വിമോചനാനന്തരം ആ രാഷ്ട്രത്തെ പുനര്‍നിര്‍മിക്കുകയെന്ന ബാധ്യത മുഴുവന്‍ ഗള്‍ഫ്നാടുകള്‍ക്കായിരുന്നു. ഇതേതുടര്‍ന്നാണ് മേഖലയിലേക്ക് ഏഷ്യന്‍ ആഫ്രിക്കന്‍ നാടുകളില്‍നിന്ന് മാനവശേഷിയുടെ ഒഴുക്ക് ആരംഭിച്ചത്. ആഗോള സാമ്പത്തിക മാന്ദ്യകാലം വരെ ആ ഒഴുക്ക് തുടര്‍ന്നു. ഈ നൂറ്റാണ്ടിന്‍െറ ആദ്യദശകത്തില്‍ തുടങ്ങിയ സാമ്പത്തികമാന്ദ്യം പെട്രോള്‍ സാമ്പത്തികാടിത്തറയായുള്ള ഗള്‍ഫ്രാഷ്ട്രങ്ങളെ വല്ലാതെയൊന്നും ബാധിച്ചില്ലെങ്കിലും ആശങ്കകള്‍ക്ക് വിരാമമായിരുന്നില്ല. ചില രാഷ്ട്രങ്ങളെങ്കിലും വിദേശ മാനവശേഷി വെട്ടിച്ചുരുക്കാന്‍ ഈ സന്ദര്‍ഭവും പ്രയോജനപ്പെടുത്തി.
ഇതെക്കാളൊക്കെ ആശങ്കാജനകമായ സംഭവവികാസങ്ങളാണ് ഈ ദശകത്തിന്‍െറ തുടക്കം മുതല്‍ അറബ് രാഷ്ട്രങ്ങളിലുണ്ടായായത്. മുല്ലപ്പൂ വിപ്ളവം, അറബ് വസന്തം എന്നൊക്കെ വിളിക്കപ്പെടുന്ന രാഷ്ട്രീയ വിപ്ളവം തൊഴില്‍മേഖലയിലെ സ്വദേശിവത്കരണം ശക്തിപ്പെടുത്താന്‍ ഗള്‍ഫ്നാടുകളെ കൂടുതല്‍ ഉദ്യുക്തരാക്കിയെന്നു വേണം പറയാന്‍. പൊതുവെ ശാന്തമായി നിലകൊള്ളുന്ന ഈ മേഖലയില്‍ തൊഴില്‍രഹിതരായ യുവാക്കളുടെ വന്‍വ്യൂഹം തന്നെയുണ്ടായിരുന്നു. 240 ലേറെ കോളജുകളും യൂനിവേഴ്സിറ്റികളും ഈ മേഖലയിലുണ്ടെന്നാണ് കണക്ക്. അവയില്‍നിന്ന് വര്‍ഷംതോറും ലക്ഷത്തിലേറെ യുവാക്കളാണ് ഉന്നത ഡിഗ്രിയുമായി പുറത്തുവരുന്നത്. ഇവരെ പുനരധിവസിപ്പിക്കേണ്ട വന്‍ഭാരമാണ് ഗള്‍ഫിലെ ഭരണകര്‍ത്താക്കള്‍ക്കുള്ളത്. തൊഴില്‍രഹിതരായ യുവാക്കള്‍ സൃഷ്ടിക്കുന്ന സാമ്പത്തികഭാരത്തെക്കാള്‍ ഉപരി അസ്വസ്ഥരായ യുവാക്കള്‍ സൃഷ്ടിക്കുന്ന പ്രക്ഷോഭങ്ങള്‍ സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായിത്തീരുമെന്ന ന്യായമായ ആശങ്കയാണ് ഈ മേഖലയില്‍ അസ്വാസ്ഥ്യത്തിന്‍െറ കരിംഭൂതത്തെ തുറന്നുവിട്ടത്. ഉപര്യുക്ത കാരണങ്ങളാല്‍ തൊഴില്‍ മേഖലകളിലെ സ്വദേശിവത്കരണം ഒരു അനിവാര്യതയായി കാണുന്നവരാണ് ഗള്‍ഫ്രാഷ്ട്രങ്ങള്‍. വിവിധ ഗള്‍ഫ് ഉച്ചകോടികളില്‍ ഈ പ്രശ്നം സജീവമായി ചര്‍ച്ചചെയ്യപ്പെടാറുണ്ട്. തികച്ചും അവ്യവസ്ഥിതമായി കിടന്നിരുന്ന സൗദി അറേബ്യയിലെ തൊഴില്‍ മേഖല നാലഞ്ചു വര്‍ഷമായി പരിഷ്കരിക്കാന്‍ ഭരണകൂടം നടത്തിയ ശ്രമങ്ങളൊക്കെ പരാജയപ്പെടുകയായിരുന്നു. അബ്ദുല്ല രാജാവ് കഴിഞ്ഞ വര്‍ഷം നടത്തിയ മന്ത്രിസഭാ അഴിച്ചുപണിയില്‍ മാനവശേഷി തൊഴില്‍ മന്ത്രാലയം ഏല്‍പിച്ചുകൊടുത്തത് അതിന് ഏറ്റവും യോഗ്യനായ എന്‍ജിനീയര്‍ ആദില്‍ ഫഖീഹിനെയായിരുന്നു. അദ്ദേഹമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നിതാഖാത് (വര്‍ഗീകരണം) നടപ്പില്‍വരുത്തിയത്. നേരത്തെ സൗദിവത്കരണം നടപ്പിലാക്കാത്ത സ്വകാര്യ, പൊതുസ്ഥാപനങ്ങളെയും കമ്പനികളെയും നിയമം നടപ്പാക്കാന്‍ പ്രേരിപ്പിക്കുകയാണ് നിതാഖാത്തിന്‍െറ ലക്ഷ്യം. ഈ കാര്യം തുടക്കംമുതല്‍ അദ്ദേഹം മാധ്യമങ്ങളിലൂടെയും സ്ഥാപനങ്ങള്‍ക്ക് നേരിട്ടുനല്‍കിയ നോട്ടീസുകളിലൂടെയും വ്യക്തമാക്കിയിരുന്നു. നിയമാനുസരണം പല കമ്പനികളും വെള്ളയും പച്ചയും നിറം പൂണ്ടപ്പോള്‍ ചിലരൊക്കെ ഇനിയൊരവസരമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞുകൂടുകയായിരുന്നു.
നിതാഖാത്തിലെ വെള്ള, പച്ച, മഞ്ഞ, ചുവപ്പ് തരംതിരിവ് കൂടാതെ ചെറുകിട, ഇടത്തരം, മത്തേരം, വന്‍കിട എന്നിങ്ങനെ നാലായി വ്യവസായ വാണിജ്യ സ്ഥാപനങ്ങളെ വേര്‍തിരിച്ചതില്‍ പത്തില്‍ താഴെ തൊഴിലാളികളുള്ള ചെറുകിട സ്ഥാപനങ്ങളെ അന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോള്‍ ആ സ്ഥാപനങ്ങളിലും മാര്‍ച്ച് 13 മുതല്‍ പത്തിനൊന്ന് സൗദി സംവരണം നിര്‍ബന്ധമാക്കിയതാണ്് കേരളീയരെ കാര്യമായി ബാധിച്ചത്. ചെറുകിട ബഖാല, കഫറ്റീരിയ, ടെയ്ലറിങ്, തുണിക്കട, റസ്റ്റോറന്‍റ് തുടങ്ങിയ സ്ഥാപനങ്ങള്‍ മഹാഭൂരിപക്ഷവും സൗദിയില്‍ മലയാളികളാണ് നടത്തുന്നത്. അവിടെ ജോലിക്കാരാകട്ടെ, കൂലി കഫീലുമാരുടെ വിസയില്‍ പലതരം ജോലിയും കാണിച്ചുവന്നവരായിരുന്നു. സ്ഥാപന ഉടമകള്‍തന്നെ വന്‍ തുക ഏജന്‍റുമാര്‍ക്ക് കൊടുത്ത് അറബിയുടെ ഹൗസ് ഡ്രൈവര്‍ വിസയോ, കൃഷി, പാചകം, തുടങ്ങിയ താഴെക്കിട വിസയോ വാങ്ങി കടല്‍കടന്ന് വന്നവരായിരിക്കും. പുതിയ നിയമം കര്‍ശനമാക്കിയതോടെ വിസ നല്‍കിയ സൗദി പൗരന്‍െറ സ്ഥാപനത്തിലോ, വീട്ടിലോ കൃഷിയിടങ്ങളിലോ വിസയിലുള്ള ജോലിതന്നെ ചെയ്യണമെന്ന അവസ്ഥയും വന്നു. തങ്ങളുടെ സ്ഥാപനങ്ങളില്‍ സ്വന്തം സാന്നിധ്യം പാടില്ലെന്നതും ഫ്രീ വിസക്കാരായ ജോലിക്കാര്‍ പിടികൂടപ്പെടുമെന്നതും അത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കാരണമായി. കൂടാതെ തൊഴില്‍ മന്ത്രാലയം നിശ്ചയിച്ച ചുരുങ്ങിയ വേതനം 3000 റിയാലിനു മുകളില്‍ വരും. സൗദി പൗരനെവെച്ച് തുച്ഛവരുമാനമുള്ള സ്ഥാപനങ്ങള്‍ മുന്നോട്ടുകൊണ്ടു പോകാനാവാത്ത അവസ്ഥയുമുണ്ടായി. ഇവയെല്ലാം ചേര്‍ന്നാണ് ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമാക്കിയത്.
ഇത്തരം ചെറുകിട സ്ഥാപനങ്ങള്‍ സൗദിയില്‍ 3,40,000 ഉണ്ടെന്നാണ് കണക്ക്. ഇവയില്‍ ഒരുലക്ഷത്തിലേറെ സ്ഥാപനങ്ങള്‍ നിയമം നടപ്പിലാക്കിയത്രെ. അവശേഷിക്കുന്ന രണ്ടു ലക്ഷത്തിലേറെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. നിയമം കര്‍ശനമായി നടപ്പില്‍ വരുത്തിയതിലൂടെ ആറര ലക്ഷം സൗദികള്‍ക്ക് ജോലി നല്‍കാന്‍ കഴിഞ്ഞുവെന്നാണ് തൊഴില്‍ മന്ത്രാലയം പറയുന്നത്. അതോടൊപ്പം സ്വകാര്യ തൊഴില്‍ മേഖലയില്‍നിന്ന് രണ്ടു ലക്ഷം സ്വദേശികള്‍ ഒഴിഞ്ഞുപോയതായും മന്ത്രാലയം പറയുന്നു. കുറഞ്ഞ വേതനവും സ്വകാര്യ സ്ഥാപനങ്ങളിലെ തരംതാണ ഉദ്യോഗവുമാണത്രെ ഇതിന് കാരണം. മിനിമം വേതനം കര്‍ശനമാക്കിയത് ഇതിനാലാണ്. എന്നാല്‍, ഉയര്‍ന്ന സ്ഥാനത്തിന് അര്‍ഹരല്ല പലരുമെന്ന വസ്തുത മന്ത്രാലയം നിഷേധിക്കുന്നില്ല. അത്തരക്കാര്‍ക്ക് ഉള്ള വിദ്യാഭ്യാസയോഗ്യതവെച്ച് പ്രത്യേക പരിശീലന പരിപാടികള്‍ ഗവണ്‍മെന്‍റ് ആരംഭിച്ചിട്ടുണ്ട്. ‘ഹാഫിസ്’ എന്നാണ് ആ പദ്ധതിയുടെ പേര്‍. ഒരു വര്‍ഷം 2000 റിയാല്‍ മാസാന്ത സ്റ്റൈപ്പന്‍റ് നല്‍കി യുവാക്കളെ വിവിധ ജോലികള്‍ക്ക് പ്രാപ്തരാക്കാനാണ് ഈ പദ്ധതി.
പുതിയ നിബന്ധനയുടെ ഭാഗമായി വര്‍ഷംതോറും 2400 റിയാല്‍ ലെവി ഓരോ തൊഴിലാളിയുടെ പേരിലും അടക്കാന്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധിതരായി. പല സ്പോണ്‍സര്‍മാരും ഈ സംഖ്യ തങ്ങളുടെ വിസയില്‍ സൗദിയില്‍ വന്ന സാധാരണക്കാരായ തൊഴിലാളികളില്‍നിന്ന് വസൂലാക്കി തുടങ്ങിയതോടെ മിച്ചം ഒന്നുമില്ലാത്ത അവസ്ഥകൂടി വന്നുചേര്‍ന്നു. കരാര്‍ കമ്പനികളുടെയും സ്പോണ്‍സര്‍മാരുടെയും ‘വല്ലി’ അളന്നുകൊടുത്താല്‍ തങ്ങളുടെ പോക്കറ്റില്‍ ഒന്നും അവശേഷിക്കുകയില്ലെന്ന യാഥാര്‍ഥ്യമാണ് സാധാരണക്കാരായ പ്രവാസികളെ നൊമ്പരപ്പെടുത്തിയിരുന്നത്. അതോടൊപ്പമാണ് എരിതീയില്‍ എണ്ണ ഒഴിച്ചതുപോലെ നിതാഖാത് വന്നുവീണത്.
എന്നെങ്കിലുമൊരിക്കല്‍ ഇതൊക്കെ സംഭവിച്ചേ തീരൂ എന്ന നിലപാടാണ് ഭരണകൂടത്തിന്. സൗദിയിലെ ഏറ്റവും സ്വാധീനമുള്ള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് മേധാവികള്‍ സാമ്പത്തിക മേഖലയെ പുതിയ നിയമങ്ങള്‍ ബാധിച്ചുതുടങ്ങിയ കാര്യം അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നുവെങ്കിലും മാറ്റത്തിന്‍െറ ദശാസന്ധിയില്‍ നേരിടുന്ന പ്രയാസങ്ങള്‍ വന്‍ പുരോഗതിക്ക് വഴിവെക്കുമെന്ന തത്ത്വോപദേശമാണ് അവര്‍ക്ക് മറുപടിയായി ലഭിച്ചത്.
സൗദി പാര്‍ലമെന്‍റായ ശൂറാ കൗണ്‍സിലും പ്രവിശ്യാ ഗവര്‍ണര്‍മാരായ അമീറുമാരും ഈ മാറ്റത്തെ ശക്തമായി അനുകൂലിക്കുകയാണുണ്ടായത്. അവസാനം സമാശ്വാസവാക്കിനായി അബ്ദുല്ല രാജാവിനെ സമീപിച്ചിട്ടും അനുകൂല മറുപടി കിട്ടിയില്ലെന്നാണറിവ്.
സൗദിയില്‍ പത്തു വര്‍ഷമായി നടപ്പിലാക്കാന്‍ തീരുമാനിച്ച തൊഴില്‍ മേഖലയിലെ പരിഷ്കരണം ശക്തമായി എതിര്‍ത്തത് കൂലി കഫീലുമാരാണെന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, അവരുടെ എതിര്‍പ്പിനേക്കാള്‍ ഭരണംകൂടം പരിഗണിച്ചത് തൊഴിലില്ലാപ്പടയായി വളര്‍ന്നുവരുന്ന യുവസമൂഹത്തെയാണ്.
കേവലം വിനോദങ്ങളില്‍ അവരെ അഭിരമിപ്പിക്കുന്നതിലൂടെ പരിഹരിക്കാവുന്നതല്ല പ്രശ്നമെന്ന് ‘അറബ്വസന്തം’ അവരെ ബോധ്യപ്പെടുത്തിയതുമാണ്. ആഗോള സാമ്പത്തികമാന്ദ്യ കാലത്തും കാലിടറാതെ പുരോഗതിയുടെയും വികസനത്തിന്‍െറയും പടവുകള്‍ താണ്ടിക്കയറിയ ഗള്‍ഫ് നാടുകളില്‍ വ്യവസായ വാണിജ്യ മേഖലയിലും വിദ്യാഭ്യാസരംഗത്തും പ്രശംസാര്‍ഹമായ വളര്‍ച്ച കൈവരിച്ചത് സൗദി അറേബ്യയാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇത്തരുണത്തില്‍ പ്രശ്നത്തെ യഥാതഥമായി വീക്ഷിച്ച് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് സൗദി അറേബ്യയുടെയും പ്രശ്നബാധിതരായ ഇന്ത്യന്‍ സമൂഹത്തിന്‍െറയും ബാധ്യതയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus