12:30:26
28 Aug 2015
Friday
Facebook
Google Plus
Twitter
Rssfeed

മോഡി സ്വയം വെളിപ്പെടുത്തുന്നു

മോഡി സ്വയം വെളിപ്പെടുത്തുന്നു

പ്രധാനമന്ത്രി സ്ഥാനത്ത് വാഴിക്കാന്‍ ലക്ഷ്യമിട്ട് സംഘ്പരിവാര്‍ ദേശീയരാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബി.ജെ.പിക്ക് ചേര്‍ച്ചയൊക്കുമെങ്കിലും ജനാധിപത്യ ഇന്ത്യക്ക് ചേരുംപടി ചേരുന്നതെങ്ങനെ എന്ന് ജനം വിസ്മയിക്കുന്നത് അദ്ദേഹത്തിന്‍െറ ഇത$പര്യന്തമുള്ള ഭരണപരീക്ഷണം മുന്നില്‍വെച്ചുതന്നെയാണ്. ദേശീയമാധ്യമങ്ങള്‍ കെട്ടുകാഴ്ചപോലെ എഴുന്നള്ളിക്കുമ്പോഴും മോഡിയുടെ മികവായി ഉയര്‍ത്തിക്കാട്ടുന്നതിന്‍െറയെല്ലാം വിപരീതദിശയിലാണ് അദ്ദേഹത്തിന്‍െറ സഞ്ചാരം. വംശഹത്യയുടെ ചോര കൈകളില്‍നിന്നു കഴുകിക്കളയാനാവാത്ത മോഡിക്ക് ഒരു ജനാധിപത്യക്രമത്തില്‍ എല്ലാവരുടെയും വിശ്വാസമാര്‍ജിക്കാനാവില്ല. അദ്ദേഹം എതിര്‍വായില്ലാതെ വാഴുന്ന ഗുജറാത്തിനെക്കുറിച്ച് സംഘ്പരിവാറിനുതന്നെയുള്ള ആത്മവിശ്വാസം മൂന്നുവര്‍ഷത്തിനകം അവിടം ഹിന്ദു സംസ്ഥാനമായി പ്രഖ്യാപിച്ചുകളയാം എന്നുമാത്രമാണ്. ഗാന്ധിയുടെ ജന്മനാടിനെ വര്‍ഗീയതയുടെ സ്വന്തം നാടാക്കി മാറ്റുന്നതില്‍ മോഡി അത്രടം വിജയിച്ചു എന്നു ചുരുക്കം. അഥവാ, മറ്റു ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതില്‍ അമ്പേ പരാജയപ്പെട്ടു എന്നും. വികസനവിഷയത്തില്‍ സ്വന്തം മണ്ഡലമായ മണിനഗറില്‍നിന്നു തുടങ്ങുന്നു അദ്ദേഹത്തിന്‍െറ പരാജയം. തങ്ങളുടെ കാര്യലാഭത്തിന് ഉപയോഗപ്പെടുത്താന്‍ കുത്തകകള്‍ പറയുന്ന അപദാനകഥകള്‍ക്കപ്പുറം ഗുജറാത്ത് ഒരു മുഴവും മുന്നോട്ടു നീങ്ങിയില്ല എന്നതിലുമില്ല വസ്തുതാന്വേഷകര്‍ക്ക് തര്‍ക്കം. നിക്ഷിപ്തതാല്‍പര്യക്കാരായ ഈ സ്തുതിപാഠകര്‍ കെട്ടിപ്പൊക്കുന്ന പ്രതിച്ഛായക്കു പിന്നിലെ സാക്ഷാല്‍ മോഡിയെ അനാവരണം ചെയ്യുന്ന രണ്ടു വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഗുജറാത്തിനെ പുരോഗതിയിലേക്കു നയിച്ചെന്നു പറയുന്ന മോഡിയുടെ വികസനയജ്ഞങ്ങള്‍ക്കു പിറകിലെ അഴിമതിയും കെടുകാര്യസ്ഥതയും വെളിപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം സംസ്ഥാന നിയമസഭയുടെ മുന്നില്‍ വന്ന സി.എ.ജി റിപ്പോര്‍ട്ട്. കോര്‍പറേറ്റുകളെ വാഴിച്ച് വികസനനായക പരിവേഷമുണ്ടാക്കാന്‍ മോഡി ഗവണ്‍മെന്‍റ് നടത്തിയ അഴിമതിയും അവിഹിത ഇടപാടുകളും സംസ്ഥാനത്തിന് 17,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍െറ കണ്ടെത്തല്‍. എല്‍ ആന്‍ഡ് ടി, ഫോര്‍ഡ് ഇന്ത്യ, എസ്സാര്‍ സ്റ്റീല്‍ എന്നീ കുത്തകഭീമന്മാരെ കുടിയിരുത്താന്‍ ചുളുവിലക്ക് വന്‍തോതില്‍ സര്‍ക്കാര്‍ഭൂമി പതിച്ചുകൊടുത്തെന്നും വന്‍കിട കമ്പനികളെ അവരുടെ ഹിതാനുസാരം സംസ്ഥാനത്തിന്‍െറ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കൂട്ടുനിന്നെന്നുമാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ കുത്തകകള്‍ക്ക് വ്യക്തമായ രേഖയും പ്രമാണവുമില്ലാതെ ഭൂമി വാരിക്കോരി ദാനം ചെയ്യുകയായിരുന്നുവെന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനം അവലോകനം ചെയ്ത് സി.എ.ജി ചൂണ്ടിക്കാട്ടുന്നു. ഭൂവുടമസ്ഥ രേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന ഇ-ധാര പദ്ധതി, കൃഷിക്കാര്‍ക്ക് സ്ഥലം പതിച്ചുനല്‍കുന്ന പദ്ധതി, നര്‍മദ, കല്‍പസാര്‍ പദ്ധതികള്‍ എന്നിവയെല്ലാം പ്രയോഗതലത്തില്‍ പാളിപ്പോയെന്ന് സി.എ.ജി വിലയിരുത്തുന്നു. അഴിമതിക്കും സ്വജനപക്ഷപാതിത്വത്തിനുമെതിരെ വാചാടോപത്തിലുപരി ബി.ജെ.പി പുതിയ ഉരുക്കുമനുഷ്യനും വികാസ്പുരുഷനുമായി പാര്‍ലമെന്‍ററി പാര്‍ട്ടിയിലേക്ക് ഉയര്‍ത്തിയ നരേന്ദ്ര മോഡിയുടെ കൈവശവും ഒന്നുമില്ലെന്നാണ് സി.എ.ജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വന്‍കിട മാധ്യമങ്ങളുടെ പ്രൊപഗണ്ടാ ഒത്താശയുടെ സഹായത്തോടെ നരേന്ദ്ര മോഡി മുന്നോട്ടുവെക്കുന്ന പുതിയ മന്ത്രം ‘ജനപക്ഷം, സദ്ഭരണം (പ്രോ പീപ്പ്ള്‍, ഗുഡ് ഗവേണന്‍സ് -പി2 ജി2) ആണ്. ആ ‘സദ്ഭരണ’ത്തിന്‍െറ ഉള്ളുകള്ളികളാണ് സി.എ.ജി റിപ്പോര്‍ട്ടിലൂടെ പുറത്തുചാടിയത്. അടുത്ത സംഭവം മോഡിയുടെ ജനപക്ഷ സ്വഭാവം എന്തെന്നു മറനീക്കി കാണിക്കുന്നു. ഗുജറാത്തില്‍ ലോകായുക്തയെ നിയമിക്കാനും അന്തിമ തീര്‍പ്പ് നല്‍കാനുമുള്ള അധികാരം മുഴുവന്‍ മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാക്കുന്ന പുതിയ ലോകായുക്ത ആയോഗ് ബില്‍ ചൊവ്വാഴ്ച നിയമസഭ പാസാക്കി. സംസ്ഥാന സര്‍ക്കാറിന്‍െറ ഉത്തരവ് മറികടന്ന് ജസ്റ്റിസ് ആര്‍.എ. മത്തേയെ ഗവര്‍ണര്‍ കമല ബേനിവാള്‍ ലോകായുക്തയായി നിയമിച്ചതിനെതിരെ മോഡി നടത്തിയ കൊണ്ടുപിടിച്ച നീക്കമാണ് പുതിയ ബില്‍ പാസാക്കുന്നതിലെത്തിയത്. ലോകായുക്ത നിയമനത്തിനെതിരെ മോഡി കോടതി കയറിയെങ്കിലും ഹൈകോടതിയും സുപ്രീംകോടതിയും നിയമനം ശരിവെച്ചു. ഹൈകോടതി ചീഫ് ജസ്റ്റിസിന്‍െറ നടപടി അന്തിമമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍, വിധിക്കെതിരെ മോഡിസര്‍ക്കാര്‍ ക്യുറേറ്റിവ് ഹരജി നല്‍കുകയും സംസ്ഥാന നിയമസഭയില്‍ പുതിയ ബില്‍ കൊണ്ടുവരുകയുമായിരുന്നു. ലോകായുക്ത നിയമനത്തില്‍ ഗവര്‍ണര്‍ക്കും ഹൈകോടതി ചീഫ് ജസ്റ്റിസിനുമുള്ള പരമാധികാരം എടുത്തുകളയുന്ന ബില്‍ ആ അവകാശം പൂര്‍ണമായും മുഖ്യമന്ത്രിയില്‍ നിക്ഷിപ്തമാക്കുന്നു. ലോകായുക്തയെ തെരഞ്ഞെടുക്കുന്ന സമിതിയില്‍ സ്പീക്കര്‍, കാബിനറ്റ് മന്ത്രി, പ്രതിപക്ഷ നേതാവ്, മുതിര്‍ന്ന ഹൈകോടതി ജഡ്ജി, വിജിലന്‍സ് കമീഷണര്‍ എന്നിവര്‍ അംഗങ്ങളായിരിക്കുമെങ്കിലും സമിതി അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ മറികടന്ന് മുഖ്യമന്ത്രിക്ക് അന്തിമ തീരുമാനമെടുക്കാം. ലോകായുക്തയുടെ പരിധിയില്‍നിന്ന് ഏതെങ്കിലും ഉദ്യോഗസ്ഥരെ ഒഴിവാക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിനായിരിക്കുമെന്നും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഭരണ, ഔദ്യാഗികതലങ്ങളിലെ അഴിമതി നിയന്ത്രിക്കുന്നതിനു കൊണ്ടുവന്ന സംവിധാനത്തെ സ്വേച്ഛാധിപത്യസ്വഭാവത്തില്‍ തന്‍െറ വരുതിയില്‍ നിര്‍ത്തുന്ന ഫാഷിസ്റ്റ് രീതിയാണ് മോഡി അഭികാമ്യമായി കരുതുന്നത്. അഴിമതിക്കെതിരായ സ്വതന്ത്രപരിശോധനയെ അദ്ദേഹം ഭയപ്പെടുന്നു. അഥവാ, അഴിമതിയുടെയും ഏകാധിപത്യത്തിന്‍െറയും തല്‍സ്വരൂപം മോഡി സ്വയം വെളിപ്പെടുത്തുകയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus