Thu, 04/04/2013 - 01:10 ( 2 years 26 weeksago)
നിറമുള്ള ഓര്‍മകളുമായി രാഘവന്‍െറ അമ്പയറിങ്ങിന് വിരാമം
(+)(-) Font Size
നിറമുള്ള ഓര്‍മകളുമായി രാഘവന്‍െറ  അമ്പയറിങ്ങിന് വിരാമം

കൊച്ചി: ആഭ്യന്തര ക്രിക്കറ്റിലെ ആദ്യ ടൈം ഔിന്‍റ ഓര്‍മകള്‍ പങ്കിട്ട്, അമ്പയറിങ് രംഗത്തേക്ക് കൈപിടിച്ച് കയറ്റിയ പി. ശിവകുമാറിനെയും ആദ്യമായി അഭിനന്ദനം ചൊരിഞ്ഞ പി. ബാലചന്ദ്രനെയും വാക്കുകള്‍കൊണ്ട് അടുത്തുനിര്‍ത്തി ഡോ. കെ.എന്‍. രാഘവന്‍ അമ്പയറിങ് രംഗത്തു നിന്ന് വിടവാങ്ങി.ആദ്യകാല സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, കെ.സി.എ ഭാരവാഹികള്‍ തുടങ്ങി ക്ഷണിക്കപ്പെട്ട അതിഥികളെ സാക്ഷിയാക്കി യാണ് 30 വര്‍ഷത്തോളം നീണ്ട അമ്പയറിങ്  കരിയറില്‍ നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ വിടവാങ്ങിയതായി  ബി.സി.സി.ഐയുടെ അഖിലേന്ത്യ അമ്പയറിങ് പാനലില്‍ അംഗമായിരുന്ന ഡോ. രാഘവന്‍ ഔദ്യാഗികമായി അറിയിച്ചത്.
ജോലിത്തിരക്കുകള്‍ മൂലമാണ് പിന്‍വാങ്ങിയതെന്നും ഇതുസംബന്ധിച്ച കത്ത് ബി.സി.സി.ഐക്ക് കൈമാറിയതായും കൊച്ചി കസ്റ്റംസ് കമീഷണര്‍ കൂടിയായ കെ.എന്‍. രാഘവന്‍ പറഞ്ഞു. അമ്പയറിങ് രംഗത്തെ ഏറ്റവും മറക്കാനാകാത്ത നിമിഷം ഏതെന്ന ചോദ്യത്തിന്‍െറ ഉത്തരമായി അദ്ദേഹം ടൈം ഔ് ഓര്‍മകള്‍ പങ്കിട്ടു. 97 ല്‍ കട്ടക്കില്‍ നടന്ന ഒറീസ ത്രിപുര മത്സരത്തിലായിരുന്നു ടൈം ഔ് വിധി. വെള്ളംകുടിക്കാനുള്ള സമയം അവസാനിച്ച് ഏറെ കഴിഞ്ഞിട്ടും ത്രിപുര ബാറ്റ്സ്മാന്‍ ക്രീസില്‍ എത്തിയില്ല. വൈകുന്നതിന് പ്രത്യേക കാരണമൊന്നും പറയാത്തതിനാല്‍ ത്രിപുര ബാറ്റ്സ്മാനെ പുറത്താക്കി. അതിലെ പ്രത്യേകത പിന്നെയാണ് തനിക്ക് ബോധ്യപ്പെട്ടതെന്നും രാഘവന്‍ പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിലെ ആദ്യ ടൈം ഔായിരുന്നു അത്.  അത് റെക്കോഡാണെന്ന് അപ്പോള്‍അറിഞ്ഞിരുന്നില്ല. പിന്നീട് ബി.സി.സി.ഐ ഇതുസംബന്ധിച്ച് അറിയിപ്പ് തന്നപ്പോഴാണ് ചരിത്രത്തിന്‍െറ ഭാഗമായ വിധിയെക്കുറിച്ച്  അറിഞ്ഞത്.
അമ്പയറിങ് രംഗത്തേക്ക് കൂടുതല്‍ ഇലക്ട്രോണിക്സ് സംവിധാനങ്ങള്‍ കടന്നുവരുന്നത് നല്ലതാണ്. തീരുമാനങ്ങള്‍ക്ക് കൂടുതല്‍ കൃത്യത ലഭിക്കാന്‍ ഇത് സഹായിക്കും. ഓവറോള്‍ സ്കാനിങ് വന്നത് അമ്പയറിങ്ങിനെ കൂടുതല്‍ നന്നാക്കുന്നുണ്ട്. ഇത് കൂടുതല്‍ മികവിലേക്ക് ഉയരാനും സഹായിക്കും. മത്സരത്തിനുശേഷം ഇതിന്‍െറ വീഡിയോകള്‍ കാണാനുള്ള അവസരം അമ്പയര്‍മാര്‍ക്ക് ലഭിക്കുന്നുണ്ട്.  സ്വയം നന്നാവാന്‍ ഇതൊക്കെ അവസരം നല്‍കും. ആരാണ് റോള്‍ മോഡലെന്ന ചോദ്യത്തിന് സൈമണ്‍ ടോഫല്‍ എന്നായിരുന്നു രാഘവന്‍െറ മറുപടി.
 കേരള ക്രിക്കറ്റ് വളരുന്നതിനൊപ്പം സംസ്ഥാനത്തെ അമ്പയറിങ്ങും വളരും. ക്രിക്കറ്റ് താരങ്ങള്‍ തന്നെ അമ്പയറിങ് മേഖലയിലേക്ക് വരുന്നത് കൂടുതല്‍ ഗുണം ചെയ്യും. എന്നാല്‍, കളിക്കാരനുമാത്രമേ മികച്ച അമ്പയര്‍ ആവാനാകൂവെന്ന വാദം ശരിയല്ല. കളിക്കാരല്ലാത്തവര്‍ക്കും മികച്ച നിലയില്‍ മത്സരങ്ങള്‍ നിയന്ത്രിക്കാനാകും.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുടരെതുടരെ നിരവധി മത്സരങ്ങള്‍ വരുന്നത് മൂലം ജോലിയില്‍ നിന്ന് കൂടുതല്‍ സമയം വിട്ടുനില്‍ക്കേണ്ടിവരും. ഇതിന് സാഹചര്യമില്ലാത്തതിനാലാണ് പിന്മാറാനുള്ള തീരുമാനം.അമ്പയറിങ് രംഗത്തെ പുതിയ പുതിയ മാറ്റങ്ങളോട് മുഖം തിരിക്കാനാകില്ല. ഡി.ആര്‍.എസ് പ്രാബല്യത്തില്‍ വരിക തന്നെ ചെയ്യും. ടെക്നോളജി മികച്ചതാണെങ്കില്‍ അതിനെ ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല. കുറേ നാളത്തേക്ക് തടഞ്ഞ് നിര്‍ത്താന്‍ കഴിയുമെന്ന് മാത്രം. പുതിയ പുതിയ സാങ്കേതിക വിദ്യകള്‍ ഉള്ളത് അമ്പയര്‍മാര്‍ക്ക് പ്രഷര്‍ ഉണ്ടാക്കുമെന്ന് കരുതുന്നില്ല. പിഴവ് വരുത്താതിരിക്കാനാണ് ഓരോരുത്തരും ശ്രദ്ധിക്കുന്നത്.
തന്‍െറ സുഹൃത്തായിരുന്ന പി. ശിവകുമാറാണ് ഈ രംഗത്തേക്ക് വരാന്‍ സഹായിച്ചത്. ആദ്യം തന്‍െറ അമ്പയറിങ് മികച്ചതാണെന്ന് പി. ബാലചന്ദ്രന്‍ സാക്ഷ്യപ്പെടുത്തിയ കാര്യവും അദ്ദേഹം ഓര്‍മിപ്പിച്ചു. താരങ്ങളുടെ പോപ്പുലാരിറ്റിയും അവരെങ്ങനെ കളിക്കുന്നു എന്ന് കാണാനുള്ള കൗതുകമാകാം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലേക്ക് കാണികളെ കൂടുതല്‍ എത്തിക്കുന്നത്. ജയദേവന്‍െറ മഴ നിയമം മികച്ചതാണെന്ന് കരുതുന്നതായും കൊച്ചിക്കാരനായ ഡോ. രാഘവന്‍ പറഞ്ഞു. അഞ്ച് രാജ്യാന്തര മത്സരങ്ങളില്‍ അമ്പയറായ രാഘവന്‍ 98 ല്‍ മൊഹാലിയയില്‍ നടന്ന ഇന്ത്യ ബംഗ്ളാദേശ് മത്സരത്തില്‍ ഫീല്‍ഡ് അമ്പയറുമായി. അതേവര്‍ഷം കൊച്ചിയില്‍ ഇന്ത്യ ആസ്ട്രേലിയ രാജ്യാന്തര മത്സരത്തില്‍ തേഡ് അമ്പയറായി. വൈദ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമുള്ള ഡോ. രാഘവന്‍ പിന്നീട് റവന്യൂ സര്‍വീസ് തെരഞ്ഞെടുക്കുകയായിരുന്നു. രഞ്ജി  അടക്കം നിരവധി ആഭ്യന്തര മത്സരങ്ങളും അദ്ദേഹം നിയന്ത്രിച്ചിട്ടുണ്ട്.
കൊച്ചി തുറമുഖം, രാജ്യാന്തര വിമാനത്താവളം, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ എന്നിവ ഉള്‍പ്പെടുന്ന വിശാല കൊച്ചി മേഖലയിലെ കസ്റ്റംസ് കമീഷണറാണ് അദ്ദേഹം. വേള്‍ഡ് കപ്പ് ക്രോണിക്കല്‍, ഡിവൈഡിങ് ലൈസന്‍സ് എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കാക്കനാട് സണ്‍റൈസ് ആശുപത്രിയിലെ ഇ.എന്‍.ടി സര്‍ജന്‍ ഡോ. രഞ്ജിനിയാണ് ഭാര്യ. മകള്‍: ഐശ്വര്യ (ആപ്പിള്‍ ,സിംഗപ്പൂര്‍).
 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus