Thu, 04/04/2013 - 00:56 ( 2 years 26 weeksago)
ഐ.പി.എല്‍ ക്രിക്കറ്റില്‍ നൈറ്റ്റൈഡേഴ്സിന് വിജയത്തുടക്കം
(+)(-) Font Size
ഐ.പി.എല്‍ ക്രിക്കറ്റില്‍ നൈറ്റ്റൈഡേഴ്സിന് വിജയത്തുടക്കം

കൊല്‍ക്കത്ത: ആറാം സീസണ്‍ ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് ആറു വിക്കറ്റിന്‍െറ തകര്‍പ്പന്‍ ജയം. ഈഡന്‍ ഗാര്‍ഡനില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്ത ദല്‍ഹി ഡെയര്‍ഡെവിള്‍സിനെ 20 ഓവറില്‍ 128 റണ്‍സിന് ഓള്‍ഔാക്കിയ ആതിഥേയര്‍ എട്ടു പന്തു ബാക്കിയിരിക്കേ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ 29 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സുമടക്കം 42 റണ്‍സെടുത്തു. ജാക് കാലിസ് 20 പന്തില്‍ അഞ്ചു ഫോറടക്കം 23ഉം മനോജ് തിവാരി 23 പന്തില്‍ 23ഉം റണ്‍സ് നേടി. ഓപണര്‍ മന്‍വീന്ദര്‍ ബിസ്ല (നാല്) എളുപ്പം മടങ്ങിയ ശേഷം രണ്ടാം വിക്കറ്റില്‍ ഗംഭീറും കാലിസും 47 റണ്‍സ് ചേര്‍ത്തു. മൂന്നാം വിക്കറ്റില്‍ ഗംഭീറും തിവാരിയും 41 റണ്‍സ് കൂട്ടുകെട്ടില്‍ പങ്കാളികളായി. പിന്നീട് 16 പന്തില്‍ ഒരു സിക്സടക്കം പുറത്താകാതെ 18 റണ്‍സെടുത്ത യൂസുഫ് പത്താനും 15 പന്തില്‍ പുറത്താകാതെ 14 റണ്‍സെടുത്ത ഓയിന്‍ മോര്‍ഗനുമാണ് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചത്.
 52 പന്തില്‍ എട്ടു ഫോറും ഒരു സിക്സുമടക്കം 66 റണ്‍സെടുത്ത ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെയും 21 റണ്‍സെടുത്ത ഡേവിഡ് വാര്‍നറും ഒഴികെ മറ്റാരും  ഡെയര്‍ഡെവിള്‍സ് നിരയില്‍ രണ്ടക്കം കണ്ടില്ല. നാലോവറില്‍ 13 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത സുനില്‍ നരെയ്നാണ് നൈറ്റ്റൈഡേഴ്സ് ബൗളിങ്ങില്‍ തിളങ്ങിയത്. രജത് ഭാട്ടിയയും ബ്രെറ്റ് ലീയും രണ്ടു വിക്കറ്റ് വീതമെടുത്തു.
അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ നായകന്‍ ഉന്മുക്ത് ചന്ദിനെ ഡേവിഡ് വാര്‍നര്‍ക്കൊപ്പം പാഡുകെട്ടിച്ചാണ് ഡെയര്‍ഡെവിള്‍സ് സീസണിലെ ആദ്യപോരിന് ക്രീസിലെത്തിയത്. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ക്രിക്കറ്റിന്‍െറ സൂപ്പര്‍ ലീഗില്‍ തുടരെ രണ്ടു സെഞ്ച്വറിയടിച്ച യുവതാരത്തെ കാത്തിരുന്നത് സാധ്യമായതില്‍വെച്ചേറ്റവും മോശം തുടക്കമായിരുന്നു. ആസ്ട്രേലിയന്‍ പടക്കുതിര ബ്രെറ്റ് ലീയുടെ തൊടുത്തുവിട്ട ഫുള്‍ലെങ്ത് പന്ത് ഉന്മുക്തിന്‍െറ പ്രതിരോധം ഭേദിച്ച് സ്റ്റംപ് പിഴുതപ്പോള്‍ ആറാം സീസണ്‍ ഐ.പി.എല്ലിന്‍െറ ആദ്യപന്ത് വിക്കറ്റുകൊയ്ത് വേറിട്ടുനിന്നു. എന്നാല്‍, അടുത്തപന്തിനെ നേരിടാനെത്തിയ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനെ ബൗണ്ടറിയുമായി തുടങ്ങിയശേഷം പതിയെ ദല്‍ഹി തുടക്കത്തിലെ ആഘാതത്തില്‍നിന്ന് കരകയറി.
വാര്‍നറും ജയവര്‍ധനെയും ചേര്‍ന്ന് ബൗളര്‍മാരെ ശിക്ഷിച്ച് മുന്നേറിയപ്പോള്‍ ദല്‍ഹിയുടെ റണ്‍നിരക്കും മികച്ചതായിരുന്നു. 19 പന്തില്‍ നാലു ഫോറടക്കം 21ലെത്തിയ വാര്‍നറെ വീഴ്ത്തി സുനില്‍ നരെയ്നാണ് 44 റണ്‍സ് ചേര്‍ത്ത ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നീടെത്തിയ മന്‍പ്രീത് ജുനേജക്കും നിലയുറപ്പിക്കാനായില്ല. ഒമ്പതു പന്തില്‍ ഒരു ഫോറടക്കം എട്ടു റണ്‍സെടുത്ത ഗുജറാത്തുകാരനെ ബാലാജിയുടെ ബൗളിങ്ങില്‍ ഡീപ് പോയന്‍റില്‍ ലക്ഷ്മീ രത്തന്‍ ശുക്ള കൈയിലൊതുക്കി. തന്‍െറ അടുത്തടുത്ത ഓവറുകളില്‍ നമന്‍ ഓജയെയും (ഒമ്പതു പന്തില്‍ ഒമ്പത്) യോഹാന്‍ ബോത്തയെയും (ആറു പന്തില്‍ ഏഴ്) തിരിച്ചയച്ച ഭാട്ടിയ ഡെയര്‍ഡെവിള്‍സിനെ അഞ്ചിന് 88 റണ്‍സെന്ന നിലയിലെത്തിച്ചു.
ഇര്‍ഫാന്‍ പത്താനെ (ഏഴു പന്തില്‍ നാല്) നരെയ്ന്‍െറ ബൗളിങ്ങില്‍ ലോങ് ഓഫില്‍ മനോജ് തിവാരി അനായാസം പിടികൂടിയതോടെ സ്കോര്‍ ആറിന് 97 റണ്‍സ്.
മറുവശത്ത് അടിച്ചുതകര്‍ത്തുകൊണ്ടിരുന്ന മഹേല 46 പന്തില്‍ ആറു ഫോറടക്കം ആറാം ഐ.പി.എല്ലിലെ ആദ്യ അര്‍ധശതകം കുറിച്ചു. വെസ്റ്റിന്‍ഡീസിന്‍െറ കൂറ്റനടിക്കാരന്‍ ആന്ദ്രേ റസലില്‍ ദല്‍ഹിക്ക് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും നരെയ്ന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ ആ ഭീഷണി തകര്‍ത്തു. എട്ടു പന്തില്‍ നാലു റണ്‍സ് മാത്രമായിരുന്നു റസലിന്‍െറ സമ്പാദ്യം. 19ാം ഓവറില്‍ ലീക്കെതിരെ ജയവര്‍ധനെയാണ് സീസണിലെ ആദ്യസിക്സ് പറത്തിയത്. അതിനുപിന്നാലെ ഫോറും പിറന്നു.  ഓവറിലെ അവസാന പന്തില്‍ കവറില്‍ നരെയ്ന് പിടികൊടുത്ത് മടങ്ങിയതോടെ തകര്‍ച്ചക്കിടയിലെ ദല്‍ഹിയുടെ ചെറുത്തുനില്‍പിന് അവസാനമായി.

ഇന്നത്തെ കളി
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍
x  മുംബൈ ഇന്ത്യന്‍സ്
(രാത്രി 8.00 മുതല്‍ സെറ്റ് മാക്സില്‍)
 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus