‘കന്തറ’ അഥവാ കിനാക്കളുടെ മഖ് ബറ

‘കന്തറ’ അഥവാ കിനാക്കളുടെ മഖ് ബറ

‘നിതാഖാത് ’ എന്ന അറബി പദം കേരളത്തിലെ അടുക്കളകളില്‍ പോലും കണ്ണീര്‍ കിനിയുന്ന ചര്‍ച്ചകളില്‍ ഇടം പിടിച്ചപ്പോള്‍ ഒരിക്കലെങ്കിലും സൗദി അറേബ്യ സന്ദര്‍ശിച്ചവര്‍ പെട്ടെന്നൊന്നും മറക്കാത്ത മറ്റൊരു പദമുണ്ട് : കന്തറ. ചെങ്കടലോരത്തെ പുരാതന തുറമുഖമായ ജിദ്ദയിലെ മലയാളികളുടെ സ്വന്തം ശറഫിയ അങ്ങാടിയുടെ ഒരറ്റത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശത്തിന്‍െറ പേരാണ് അതെങ്കിലും പ്രവാസികളെ സംബന്ധിച്ചിടത്തോളം കന്തറ എന്നത് കിനാക്കളുടെ മഖ്ബറയാണ്. മണല്‍ക്കാട്ടിലെ ഒരു തെരുവോരം സ്വപ്നങ്ങളുടെ ശ്മശാനമായിത്തീര്‍ന്നത് പ്രവാസചരിത്രത്തിലെ കറുത്തൊരു അധ്യായമാണ്. ഗള്‍ഫ് സ്വപ്നം തകര്‍ന്ന് വിദൂര ദിക്കുകളില്‍നിന്ന് പോലും മലയാളികളടക്കമുള്ള ഹതഭാഗ്യര്‍ അടുത്ത കാലം വരെ വന്നടിഞ്ഞിരുന്നത് കന്തറ പാലത്തിനടിയിലാണ്.


ജിദ്ദയില്‍നിന്ന് പുണ്യ മക്കയിലേക്കുളള റോഡിന്‍െറ താഴ്വാരത്ത് പ്ളാസ്റ്റിക് ടെന്‍റുകളിലും കര്‍ട്ടുണ്‍ പെട്ടികള്‍ കൊണ്ട് മറച്ച കള്ളികളിലും പാലത്തിന്‍െറ തൂണുകള്‍ക്ക് ചുറ്റിലുമായും ഹതാശയരായി തമ്പടിച്ച മനുഷ്യ കൂട്ടങ്ങളെ ആദ്യമായി കണ്ടപ്പോള്‍ ഞെട്ടിത്തരിച്ചുപോയി. വിവിധ രാജ്യക്കാര്‍, ഭാഷക്കാര്‍, നിറത്തിലും വണ്ണത്തിലും വൈജാത്യങ്ങള്‍ പുലര്‍ത്തുന്നവര്‍. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ളാദേശ്, ഇന്തോനേഷ്യ, ഫിലിപ്പീന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിനിന്നും സുഡാന്‍, സോമാലിയ, ഛാഡ് തുടങ്ങിയ ആഫ്രിക്കന്‍ വന്‍കരയില്‍നിന്നുമുള്ളവരാണ് അവിടെ അലസമായി സംഗമിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും സമ്പന്നമായ സൗദിയില്‍ ജീവിതം കരുപ്പിടിപ്പിക്കാനുള്ള സ്വപ്ന ഭാണ്ഡം വലിച്ചെറിഞ്ഞ്, പിറന്ന മണ്ണില്‍ ഏതെങ്കിലും വിധേന തിരിച്ചുചെല്ലാനും ഉറ്റവരെയും ഉടയവരെയും വീണ്ടും കണ്ടുമുട്ടാനുമുളള ഉത്ക്കടമായ ആഗ്രഹത്തോടെ പോലിസ് വണ്ടിയും കാത്തുകഴിയുകയായിരുന്നു ഇവര്‍. ‘കഫീല്‍’ (സ്പോണ്‍സര്‍ ) ‘ഹുറൂബാക്കി’യവരും (തന്‍െറ കീഴിലുള്ള തൊഴിലാളി ഒളിച്ചോടിപോയി എന്ന് പാസ്പോര്‍ട്ട് വിഭാഗത്തെ രേഖാമൂലം അറിയിക്കുന്നതോടെ തൊഴിലാളി നിയമവിരുദ്ധനാകും) ഉംറ വിസയില്‍ വന്ന് കുറെ നാള്‍ ജോലി ചെയ്തു അവസാനം കുടുംബത്തെ പുല്‍കാന്‍ കൊതിക്കുന്നവരും ഏതെങ്കിലും കാരണത്താല്‍ ഇഖാമ (റസിഡന്‍റ് പെര്‍മിറ്റ് ) പുതുക്കികിട്ടാത്തവരുമെല്ലാമാണ് ഈ അനധികൃത താമസക്കാര്‍. സൗദി ഭരണകൂടത്തിന്‍െറ മുന്നില്‍ നിയമം ലംഘിച്ച് രാജ്യത്ത് തങ്ങിയതിന് നാടു കടത്തപ്പെടേണ്ടവരാണിവര്‍. നാട്ടില്‍, ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും വിചാരം ഇവര്‍ ഗള്‍ഫ് ധന്യതയുടെ പറുദീസയിലാണെന്നായിരിക്കാം. ജീവിതപ്പെരുവഴിയില്‍ ഇവര്‍ അകപ്പെട്ട ദുരന്തത്തിന്‍െറ തീഷ്ണത ഒരിക്കലും നാടോ നാട്ടാരോ അറിഞ്ഞിരുന്നില്ല. ഗള്‍ഫിനെ കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും നഷ്പ്പെട്ട് നിരാശയും വേദനയും കരിമ്പടമാക്കി തെരുവില്‍, പൊടിപടലങ്ങളുടെ ഇടയില്‍ രാപകല്‍ കഴിച്ചുകൂട്ടുന്ന ഇക്കൂട്ടരെ കുറിച്ച് ചില സൂചനകളല്ലാതെ, ഇവരുടെ യഥാര്‍ഥ അവസ്ഥയെ കുറിച്ചുള്ള വര്‍ത്തമാനം കേരളക്കരയിലേക്ക് ഒരിക്കലും ഒഴുകിയെത്തിയിരുന്നില്ല.

ജിദ്ദയില്‍ കാല് കുത്തിയ അന്നു വൈകുന്നേരം തന്നെ സുഹൃത്ത് ഇബ്രാഹീം ശംനാടിന്‍െറ കൂടെ കന്തറയിലൂടെ ഒരോട്ട പ്രദിക്ഷണം നടത്തിയപ്പോള്‍ മനസില്‍ ഇതുവരെ ഉറവ് പൊട്ടാത്ത കുറെ വികാരങ്ങളാണ് കുത്തിയൊഴുകിയത്. മുമ്പേ കന്തറ എന്ന് കേട്ടിട്ടുണ്ട്. മലയാളികള്‍ ഒത്തുകൂടുന്ന സ്ഥലം എന്ന് മാത്രമേ കരുതിയിരുന്നുള്ളൂ. പക്ഷേ, മുന്നില്‍ പ്രത്യക്ഷപ്പെട്ട പേക്കോലങ്ങളും ഉയര്‍ന്നു കേട്ട നിശ്വാസങ്ങളും കുമിഞ്ഞുപൊങ്ങിയ ദുര്‍ഗന്ധധവും റബ്ബേ, ഗള്‍ഫില്‍ ഇങ്ങനെയുമൊരു ഇടമോ എന്ന് സ്വയം ചോദിച്ച്് ഉള്ളകം പിടഞ്ഞു. കവിളൊട്ടിയ മുഖങ്ങള്‍, വിഷാദം തളംകെട്ടിയ കണ്ണുകള്‍, പൊടിപുരണ്ട് നിറം മാറിയ മുടി, മുഷിഞ്ഞുനാറിയ വസ്ത്രങ്ങള്‍, മലമൂത്രത്തിന്‍െറ ദുര്‍ഗന്ധം പരത്തുന്ന അന്തരീക്ഷം- അവിശ്വസനീയമായി തോന്നി. പോലിസ് വന്ന് തങ്ങളെ ഒന്നു പിടിച്ചുകൊണ്ടുപോയി ‘തര്‍ഹീലി’ല്‍ (നാടുകടത്തു കേന്ദ്രത്തില്‍ ) കൊണ്ടിട്ടിരുന്നുവെങ്കില്‍ എന്ന പ്രാര്‍ഥനയുമായി കഴിഞ്ഞുകൂടുകയാണിവര്‍.

2009 കാലഘട്ടത്തില്‍ ഒരേ സമയം ആയിരക്കണക്കിന് കന്തറവാസികളെ കാണാമായിരുന്നു. ഇവരില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്. അതില്‍ മലയാളികള്‍ക്കായിരിക്കും മുന്‍തൂക്കം. സൗദിയുടെ വിവിധ ദിക്കുകളില്‍നിന്നാണ് ടാങ്കര്‍ ലോറികളിലും മറ്റും കയറി ഇവര്‍ ജിദ്ദയിലെത്തുന്നത്. ബസിലോ കാറിലോ യാത്ര ചെയ്യാന്‍ കൈയില്‍ ഇഖാമ (റസിഡന്‍റ് പെര്‍മിറ്റ് ) ഇല്ലാത്തത് കൊണ്ടാണ് വലിയ തുക കൊടുത്ത് കള്ളവണ്ടികളെ ആശ്രയിക്കേണ്ടിവരുന്നത്. ചെക്പോസ്റ്റുകളിലെ പോലിസ് പരിശോധനയില്‍ നിയമവിരുദ്ധരാണെന്ന് കണ്ടാല്‍ ഏതെങ്കിലും ജയിലില്‍ അജ്ഞാതവാസം വരിക്കേണ്ടിവരും. റിയാദ്, ദമ്മാം, ബുറൈദ, ഖമീസ് മുശൈത്ത്, നജ്റാന്‍ , തബൂക്ക് തുടങ്ങിയ വിദൂര പ്രദേശങ്ങളില്‍നിന്നും ഇങ്ങനെ ജിദ്ദയിലെത്തിക്കാനും ജിദ്ദയിലെത്തിയാല്‍ തര്‍ഹീലിലേക്ക് പോലിസിനെ കൊണ്ട് പിടിപ്പിക്കാനും വാഗ്ദാനങ്ങള്‍ നല്‍കി പണം പിടുങ്ങുന്ന കുറെ ഏജന്‍റുമാരുണ്ട്. മലയാളികള്‍ക്കാണ് ഈ രംഗത്തും ആധിപത്യം. നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിപ്പെട്ടാല്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കാനും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനും ആഴ്ചകളോ മാസങ്ങളോ പിടിക്കും. ഒടുവില്‍ സൗദി സര്‍ക്കാറിന്‍െറ ചെലവില്‍ നാട്ടില്‍ കയറ്റിവിടുമ്പോള്‍ പാസ്പോര്‍ട്ടില്‍ അത് രേഖപ്പെടുത്തും. നിയമവിരുദ്ധനായി കഴിഞ്ഞതിന്‍െറ പേരില്‍ ‘എക്സിറ്റ്’ അടിച്ചാല്‍ പിന്നീട് അഞ്ചുകൊല്ലത്തേക്ക് സൗദിയിലേക്ക് തിരിച്ചുപോകാന്‍ പറ്റില്ല. ഹജ്ജിനോ ഉംറക്കോ പോലും. ജി.സി.സി രാജ്യങ്ങളിലൊന്നാകെ ചിലപ്പോള്‍ അനഭിമതനായേക്കാം.


സ്വന്തം നാട്ടില്‍നിന്ന് നാലയ്യായിരം കി.മീറ്റര്‍ അകലെ, ഇത്തരമൊരു ജീവിതപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ നമ്മുടെ സര്‍ക്കാര്‍ തുണക്കെത്തില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയരാം. ഇവര്‍ നിയമവിരുദ്ധരായത് കൊണ്ട് എംബസി തലങ്ങളില്‍ സഹായങ്ങളൊന്നും ചെയ്യാന്‍ പാടില്ല എന്നാണത്രെ വ്യവസ്ഥ. എങ്കിലും മരുക്കാട്ടില്‍ അകപ്പെട്ട ഹതഭാഗ്യരെ മനുഷ്യത്വത്തിന്‍െറ പേരിലെങ്കിലും സഹായിക്കാന്‍ രാജ്യത്തിന് ധാര്‍മിക ബാധ്യതയുണ്ടെന്ന് എല്ലാവരും സമ്മതിക്കും. കന്തറയില്‍ ചുട്ടുപൊള്ളുന്ന വെയിലിലും തീകാറ്റിലും ജീവിതത്തിന്‍െറ ഏറ്റവും വേദനാജനകമായ ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ എല്ലാവര്‍ക്കും പഴി ചാരാനും കുറ്റപ്പെടുത്താനുമുള്ളത് ഇന്ത്യന്‍ നയതന്ത്രാധികൃതരെ തന്നെ. 2010കാലങ്ങളില്‍ മിക്കവാറും ദിവസങ്ങളില്‍ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനു മുന്നില്‍ ഈ വിഭാഗത്തിന്‍െറ കുത്തിയിരിപ്പ് സമരം അരങ്ങേറുമായിരുന്നു. തങ്ങളെ എത്രയും വേഗം സൗദി പോലിസിനെ കൊണ്ട് പിടിപ്പിച്ച് നാട്ടിലെത്തിക്കണം എന്നതാണ് ഏക ആവശ്യം. സാമൂഹിക ക്ഷേമ കോണ്‍സല്‍മാരായിരുന്ന കെ. കെ വിജയന്‍െറയും എസ്.ഡി. മൂര്‍ത്തിയുടെയും ഉറക്കം നഷ്ടപ്പെടുത്തിയ എത്രയെത്ര ദിനങ്ങള്‍!
നാട്ടില്‍നിന്ന് വിമാനം കയറുന്ന അവസരത്തില്‍ കൂട്ടിയും കിഴിച്ചും കിട്ടിയ മുഴുവന്‍ കണക്കുകളും തെറ്റുമ്പോള്‍ പിന്നീട് ജീവന്‍ പിടിച്ചുനിര്‍ത്താനുളള അവസാന നെട്ടോട്ടത്തിലായിരിക്കും. ഒരു വേള നാട്ടില്‍ അന്തസ്സുള്ള ജോലി ചെയ്തവരും ഗള്‍ഫില്‍ തന്നെ ജീവിതം പച്ച പിടിപ്പിച്ചവരുമൊക്കെ ദുര്‍വിധിഗ്രസ്തമായ അനുഭവങ്ങളില്‍പ്പെട്ട് കന്തറവാസികളാവാറുണ്ട്. നാട്ടിലേക്ക് കയറ്റിയയക്കുന്നത് വരെ റോഡരികില്‍ കുപ്പിവെള്ളം വിറ്റോ ശറഫിയയിലെ ഹോട്ടലുകളില്‍ പൈ്ളറ്റ് കഴുകിയോ മേശ തുടച്ചോ ഇവര്‍ അന്നന്നത്തെ ജീവിതത്തിന് വക കണ്ടെത്തുന്നു. ഇത്തരം നിയമവിരുദ്ധരെ ജോലിക്ക് വെക്കാന്‍ പാടില്ലെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കാറുണ്ട്. അതിനാല്‍ വിശപ്പടക്കാന്‍ കൈയില്‍ കാശില്ലാതെ, ശറഫിയയിലെ ഏതെങ്കിലും ഹോട്ടല്‍ പരിസരത്തെ പച്ച വെള്ളം കുടിച്ചോ മനുഷ്യസ്നഹികളാരെങ്കിലും നല്‍കുന്ന നേര്‍ച്ചച്ചോറ് തിന്നോ ദിവസങ്ങള്‍ തള്ളിനീക്കേണ്ട ദുര്‍ഗതിയിലാവും പലരും. സ്വദേശികളായ സുമനസ്സുകള്‍ കൊടുത്തയക്കുന്ന ഭക്ഷണപ്പൊതിയുമായി വണ്ടി ഓടിയടുക്കുമ്പോഴേക്കും വരള്‍ച്ച മൂലം പട്ടിണികിടക്കുന്ന ആഫ്രിക്കയിലെ ഏതെങ്കിലും രാജ്യത്തെ അഭയാര്‍ഥി ക്യാമ്പിന് മുന്നില്‍ കാണുന്ന തിക്കും തിരക്കും അടിയും ബഹളവുമായിരിക്കും. പലപ്പോഴും പോലിസിന് ഇടപെടേണ്ടിവരും.
മലയാളികള്‍ ധാരാളമായി പാലത്തിനടിയില്‍ കുമിഞ്ഞുകൂടിയ ഒരു ഘട്ടത്തില്‍ ഏതാനും ചെറുപ്പക്കാരോട് അവരുടെ അവസ്ഥ അന്വേഷിച്ചപ്പോള്‍ പലരും പട്ടിണിയിലാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. കോണ്‍സുലേറ്റ് അധികൃതരുടെ മുന്നില്‍ വിഷയം അവതരിപ്പിച്ചതില്‍നിന്നും നിയമവിരുദ്ധരായ ഈ വിഭാഗത്തിന് ഭക്ഷണം നല്‍കുന്നതിലെ സാങ്കേതിക തടസ്സമാണ് ഉയര്‍ത്തിക്കാട്ടിയത്. മാത്രവുമല്ല, അതിനൊന്നും ഫണ്ടില്ലെന്നും ബന്ധപ്പെട്ടവര്‍ കൈമലര്‍ത്തി. വലിയൊരു വിഭാഗം പ്രവാസികള്‍ ശീതീകരിച്ച ഫ്ളാറ്റുകളില്‍, മൂക്കറ്റം തിന്നും കുടിച്ചും ആഡംബര ജീവിതം നയിക്കുമ്പോള്‍ നമ്മുടെ നാട്ടുകാര്‍ തന്നെ തലയിലെഴുത്തിലെ പിഴവ് മൂലം തെരുവില്‍ നരകയാതന അനുഭവിക്കുന്ന കരളലിയിക്കുന്ന കഥ ദുബൈയിലായിരുന്ന ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസിന് കൈമാറി. ‘ഈ പാവങ്ങള്‍ക്ക് വേണ്ടി നമുക്ക് എന്തു ചെയ്യാന്‍ കഴിയും? - ഇടറിയ സ്വരത്തില്‍ അദ്ദേഹം ചോദിച്ചു. ഒരു നേരത്തെ ഭക്ഷണമെങ്കിലും എത്തിച്ചു കൊടുക്കാന്‍ കഴിഞ്ഞെങ്കില്‍. മനുഷ്യസ്നേഹികളായ ഏതാനും പേരുടെ മുന്നില്‍ അദ്ദേഹം വിഷയം അവതരിപ്പിച്ചു. സഹായഹസ്തങ്ങള്‍ നീണ്ടു. ശറഫിയയിലെ ‘പറാസ് ’ ഹോട്ടല്‍നിന്ന് ഇവര്‍ക്ക് ഉച്ചഭക്ഷണ പൊതി വിതരണം ചെയ്യാന്‍ ഏര്‍പ്പാട് ചെയ്തു. രാവിലെ തന്നെ ഓരോ ഗ്രൂപ്പിനും ആവശ്യമുള്ള ടോക്കണ്‍ വിതരണം ചെയ്യും. ഇന്ത്യക്കാര്‍ മാത്രമല്ല, ബംഗ്ളാദേശികളും ശ്രീലങ്കക്കാരുമൊക്കെ ‘ഗള്‍ഫ് മാധ്യമ’ത്തിന്‍െറ വകയായുള്ള ഈ അന്നദാനത്തിന് കാത്തിരുന്നു. ഉച്ചയാകുമ്പോള്‍ വരിവരിയായി വന്നു, ഭക്ഷണപ്പൊതി വാങ്ങിക്കൊണ്ടുപോയി സിമന്‍റ് തറയില്‍ വട്ടമിട്ടിരുന്ന്് ആര്‍ത്തിയോടെ വാരിത്തിന്നുന്നത് കാണുമ്പോള്‍ ഏത് ശിലാഹൃദയന്‍െറയും മനസ് അലിഞ്ഞ് കണ്ണ് നിറഞ്ഞുപോകും. പലപ്പോഴും ഈ കുറിപ്പുകാരനും തൂണിന്‍െറ മറയിലിരുന്ന് കണ്ണ് തുടക്കേണ്ടിവന്നിട്ടുണ്ട്. ഒരുദിവസം, മനസ്സിന്‍െറ പിരിമുറുക്കം കുറക്കാന്‍ ഞങ്ങള്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍െറ ക്വാളിറ്റി എങ്ങനെയുണ്ട് എന്ന് ഒരു പറ്റം ചെറുപ്പക്കാരുടെ ഇടയില്‍ ചെന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങളോടൊപ്പം സാറും കൂടണ’മെന്ന് നിര്‍ബന്ധിച്ചു. ഒരു കടലാസ് വിരിച്ച് അവരുടെ കൂടെയിരുന്ന് രണ്ട് നുള്ള് വാരിത്തിന്നു. ഒരു പക്ഷേ ജീവിതത്തില്‍ കഴിച്ച ഏറ്റവും ശ്രേഷ്ഠമായ ഭക്ഷണം അതായിരിക്കണം. ആ വര്‍ഷം ഹജ്ജിന് പോയപ്പോള്‍ മിനാ കൊട്ടാത്തില്‍ അബ്ദുല്ല രാജാവ് മാധ്യമപ്രവര്‍ത്തകര്‍ക്കും ലോകനേതാക്കള്‍ക്കും ഒരുക്കിയ ഉച്ചവിരുന്നില്‍ വിളമ്പിയ രാജകീയ ഭക്ഷണത്തിന് കന്തറയിലെ ഈ ചോറിന്‍െറ സ്വാദിനെ കവച്ചുവെക്കാന്‍ കഴിയുമായിരുന്നുവോ? മൂന്നു മാസം നീണ്ട ‘ഗള്‍ഫ് മാധ്യമം’ വഴിയുള്ള അന്നദാനത്തിന് എണ്‍പതിനായിരം റിയാലിന് മുകളില്‍ (12ലക്ഷത്തോളം രുപ ) ചെലവായിരുന്നു.

പ്രവാസികളുടെ ഒരു പാട് കണ്ണീര്‍ വീണ് കുതിര്‍ന്ന സിമന്‍റ്് തറയാണ് കന്തറയിലേത്. അന്യനാട്ടിലെ നിയമത്തിന്‍െറ മുന്നില്‍ തോല്‍വി സമ്മതിച്ച്, നിസ്സഹായരായി കഴിയേണ്ടിവരുമ്പോള്‍ ആരെങ്കിലും കൈതാങ്ങായി അടുത്ത്നില്‍ക്കുമ്പോള്‍ അത് ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സാന്ത്വനമായിരിക്കും. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടേതായ കാക്കത്തൊള്ളായിരം സംഘടനകളും കൂട്ടായ്മകളും ഉണ്ടെങ്കിലും ഈ നിയമവിരുദ്ധരുടെ കാര്യത്തില്‍ എല്ലാവരും ഒഴിഞ്ഞുമാറാനാണ് ശ്രമിക്കാറ്. നിയമത്തെ പേടിച്ചുമാത്രമല്ല, പ്രശ്നം പെട്ടൊന്നൊന്നും പരിഹരിച്ചുകിട്ടില്ല എന്ന ബോധ്യം എന്തിന് ഏടാകൂടത്തില്‍ ചാടണം എന്നു ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ടാവണം. മുമ്പ് ഒരു പൊതുമാപ്പ് വേളയില്‍ ആത്മാര്‍ഥമായി സേവനത്തിന് ഇറങ്ങിയ മലയാളി നേതാക്കള്‍ക്ക് അന്നത്തെ നയതന്ത്ര മേധാവിയില്‍ നിന്ന് കയ്പേറിയ അനുഭവമാണു നേരിടേണ്ടിവന്നതെന്ന് പലരും പറഞ്ഞതോര്‍ക്കുന്നു. എന്നിട്ടും ചില മനുഷ്യസ്നേഹികള്‍ ഈ ഹതഹാഗ്യരുടെ ദു$ഖം പങ്കുവെക്കാനും തങ്ങളാലാവുന്ന സഹായങ്ങള്‍ എത്തിക്കാനും മുന്നിട്ടിറങ്ങാറുണ്ട് എന്ന സത്യം സ്മരിക്കാതെ പോകുന്നത് അനീതിയാവും. കന്തറയെ കുറിച്ച് പറയുമ്പോള്‍ അവിടെ എത്തുന്ന ഭാഗ്യഹീനര്‍ക്ക് തുണയാവാറുള്ള മലപ്പുറം മങ്കടയിലെ പടപ്പറമ്പ് സ്വദേശി മുഹമ്മദലി ചെയ്ത സേവനങ്ങള്‍ എടുത്തുപറയേണ്ടതുണ്ട്. തിരൂരങ്ങാടി യത്തീംഖാനയിലെ അന്തേവാസികള്‍ക്കൊപ്പം കഴിഞ്ഞപ്പോള്‍ ആര്‍ജിച്ച മനുഷ്യകാരുണ്യവും സ്നേഹാര്‍ദ്ര മനസും ഗള്‍ഫിലെത്തി തെരുവ് തെണ്ടേണ്ടിവരുന്ന മനുഷ്യരിലേക്ക് ഇദ്ദേഹത്തെ അടുപ്പിക്കുന്നു. ബുഗ്ഷാന്‍ കുടുംബം തയാറാക്കുന്ന ‘ ദജാജ് മന്തി’ (കോഴിബിരിയാണി ) പാക്കറ്റുകളിലാക്കി കന്തറയിലും പരിസരത്തും വിതരണം ചെയ്യാന്‍ മുഹമ്മദലി എന്ന കൃശഗാത്രന്‍ കാണിക്കുന്ന ആവേശം മറ്റുള്ളവരെ അമ്പരപ്പിക്കാറുണ്ട്. കന്തറയില്‍ മാത്രമല്ല, തര്‍ഹീഹില്‍ (നാടുകടത്തുകേന്ദ്രത്തില്‍ ) എത്തുന്ന ഇന്ത്യക്കാരുടെ സകല വിവരങ്ങളും മുഹമ്മദലിയുടെ പക്കലുണ്ടാവും. ശറഫിയയിലെ ഇംപാല ഗാര്‍ഡന്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വണ്ടൂരിലെ വലിയ പീടികക്കല്‍ കുടുംബ കൂട്ടായ്മ ഒരുക്കിയ സായാഹ്ന സല്‍ക്കാര പാര്‍ട്ടിയില്‍ വെച്ച് കോണ്‍സല്‍ ജനറല്‍ സഈദ് അഹ്മദ് ബാബക്കും കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സല്‍ കെ.കെ വിജയനും മുഹമ്മദലിയെ പരിചയപ്പെടുത്തിയ നിമിഷം ഓര്‍ക്കുന്നു. കന്തറവാസികളുടെ പ്രശ്നം സൂചിപ്പിച്ചപ്പോള്‍ ഷര്‍ട്ടിന്‍െറ കീശയില്‍നിന്ന് മുഹമ്മദലി തര്‍ഹീലിലെ വിവിധ സെല്ലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ ലിസ്റ്റ് പുറത്തെടുത്തു. നയതന്ത്രാലയ മേധാവികള്‍ പോലും അത് കണ്ട് അമ്പരന്നു.
ഒരു ദിവസം രാത്രി ഒമ്പതോടെ‘ഗള്‍ഫ് മാധ്യമം’ ജിദ്ദ ഓഫീസില്‍ കയറി വന്ന മുഹമ്മദലിയുടെ കൈയില്‍ രണ്ടു ഭക്ഷണപ്പൊതിയുണ്ടായിരുന്നു. ആര്‍ക്കുവേണ്ടിയാണിതെന്ന് ചോദിച്ചപ്പോള്‍ കന്തറയില്‍ ഒരാഴ്ചയായി താമസം തുടങ്ങിയ വൃദ്ധരായ രണ്ടു പാകിസ്ഥാനികള്‍ക്ക് വേണ്ടി ഹോട്ടലില്‍നിന്ന് വാങ്ങിയതാണെന്നായിരുന്നു മറുപടി. സേവനം അതിര്‍ത്തി കടന്നു പാകിസ്ഥാനിലേക്കുമെത്തിയോ എന്ന ചോദ്യം കേട്ടപ്പോള്‍ ആ മുഖത്ത് ചിരി പടര്‍ന്നു. ‘ നിങ്ങള്‍ എന്നോടൊപ്പം വന്നു ആ പാവങ്ങളെ ഒന്നു കാണണം’ -നിര്‍ബന്ധിക്കാന്‍ തുടങ്ങി. പത്തുമണിയോടെ കന്തറയില്‍ എത്തിയപ്പോള്‍, സ്ട്രീറ്റ് ലൈറ്റിന്‍െറ മെര്‍ക്കുറി വെളിച്ചത്തില്‍ നെടുങ്ങനെയും വിലങ്ങനെയും കിടങ്ങുറങ്ങുന്ന നൂറുകണക്കിന് മനുഷ്യരെ കടന്നുവെച്ചേ ഒരിഞ്ചു മുന്നോട്ട് നീങ്ങാന്‍ കഴിഞ്ഞുള്ളൂ. എല്ലാം മറന്നു ചിലര്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. ചിലര്‍ ഉറക്കം വരാതെ ചരിഞ്ഞും മറിഞ്ഞും അസ്വസ്ഥത കാട്ടുന്നു. ഓരോ തൂണിനു ചുറ്റും ചെറുപ്പക്കാര്‍ കൂടിയിരുന്നു അവരവരുടെ ഭാഷയില്‍ സൊറ പറയുന്നു. അപചരിതമായ ഏതോ ലോകം. അങ്ങ് ദൂരെ പോലിസ് വണ്ടികള്‍ കിടക്കുന്നുണ്ട്. ക്രിമിനലുകളുടെ താവളമായാണ് കന്തറ സൗദിയിലൊട്ടാകെ അറിയപ്പെടുന്നത്. കള്ള് വാറ്റുകാരും പോക്കറ്റടിക്കാരും വേശ്യകളും സംഗമിക്കുന്ന ഏറ്റവും വൃത്തികെട്ട ഈ മേഖല കര്‍ക്കശ നിയമമുള്ള സൗദിയുടെ മുഖത്തെ കറുത്ത പാടായി മാറിയതിനെ കുറിച്ച് മാധ്യമങ്ങള്‍ ഇടക്കിടെ ഉണര്‍ത്തുമായിരുന്നു.

മുഖം തിരിച്ചറിയാന്‍ കഴിയാത്ത മങ്ങിയ വെളിച്ചത്തില്‍ മുഹമ്മദലി പരതുന്നത് പാകിസ്ഥാനില്‍നിന്നുള്ള കിളവന്മാരെയാണ്. അവര്‍ സാധാരണ കിടക്കാറുളള സ്ഥലത്ത് പോയി രണ്ടാളെ തട്ടിവിളിച്ചപ്പോള്‍ ആള് മാറിയിരിക്കുന്നു. സ്വന്തം പൈതങ്ങളെ കാണാതായ മാതാവിന്‍െറ പരിഭ്രാന്തിയോടെ മുഹമ്മദലി പരക്കം പാഞ്ഞു. ഉര്‍ദുവില്‍ എന്തൊക്കെയോ വിളിച്ചുപറയുന്നുണ്ട്. ഒരു മൂലയില്‍ നിന്ന് പെട്ടെന്നൊരു പിടച്ചില്‍. രണ്ടു മനുഷ്യരൂപങ്ങള്‍ ഞെട്ടിയെഴുന്നേറ്റ് മുഹമ്മദലിയെ കെട്ടിപ്പിടിക്കുകയാണ്. സന്തോഷം അടക്കാനാവാതെ. ഭക്ഷണപ്പൊതി കൈയില്‍ കൊടുത്തപ്പോള്‍ ആ അവശനയനങ്ങളില്‍ കണ്ണീരിന്‍െറ തിളക്കം. ദേശാതിരുകള്‍ ഭേദിച്ച മനുഷ്യസ്നേഹത്തിന്‍െറ നക്ഷത്രദീപ്തി. കന്തറയില്‍ എപ്പോഴെങ്കിലും വെളിച്ചം തെളിയാറ് ഇത്തരത്തില്‍ അനുതാപം ചിറകടിക്കുമ്പോഴാണ്.
കന്തറയും പാലവും ഇന്നും അവിടെതന്നെയുണ്ട്. പക്ഷേ, അനധികൃത താമസക്കാരായ ആള്‍ക്കൂട്ടത്തെ ഇപ്പോള്‍ കാണണമെന്നില്ല. ഒന്നര വര്‍ഷം മുമ്പ് സൗദി അധികൃതര്‍ അവിടെനിന്ന് മുഴുവന്‍ നിയമവിരുദ്ധരെയും ആട്ടിയോടിച്ചു. സ്ഥലം വെടിപ്പാക്കി. അതോടെ കന്തറയിലെ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പ്രശ്നത്തിന് ‘ശാശ്വത പരിഹാരമായി’. ‘നിതാഖാത്’ തൊഴില്‍ പരിഷ്കരണം വഴി ചുകപ്പ് ഗണത്തില്‍പ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികളെ നാടുകടത്താന്‍ പരിശോധന ആരംഭിച്ചതോടെ സൗദിയിലുടനീളം കൊച്ചുകൊച്ചു കന്തറകള്‍ രൂപം കൊള്ളില്ലെന്ന് ആര്‍ക്കു പറയാനാവും? അപ്പോഴും പ്രവാസി മന്ത്രി വലയാര്‍ജി വാചാടോപം നടത്തും; ആര്‍ക്കും ആശങ്ക വേണ്ടാ എന്ന്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus