നിതാഖാത്: സ്ഥാപനങ്ങള്‍ ‘ശുദ്ധീകരണം’ തുടങ്ങി

നിതാഖാത്: സ്ഥാപനങ്ങള്‍ ‘ശുദ്ധീകരണം’ തുടങ്ങി

ജിദ്ദ: സ്വദേശിവത്കരണ മാനദണ്ഡം പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങളിലും അനധികൃത വിദേശ തൊഴിലാളികളെ ജോലിയെടുപ്പിക്കുന്നിടങ്ങളിലും പരിശോധന ഊര്‍ജിതമാക്കിയതോടെ സൗദിയിലെ വിവിധ സ്ഥാപനങ്ങള്‍ ‘ഫ്രീ വിസ’യിലുള്ള ജീവനക്കാരെ ഒഴിവാക്കിത്തുടങ്ങി. തൊഴില്‍മന്ത്രാലയത്തിന്‍െറ മേല്‍നോട്ടത്തില്‍ പാസ്പോര്‍ട്ട്, ആഭ്യന്തരവകുപ്പുകള്‍ ചേര്‍ന്നുള്ള പരിശോധന സജീവമായി വരുന്നതിനിടയിലാണ് നിയമത്തിനു വഴങ്ങാനും വന്‍ പിഴശിക്ഷയില്‍നിന്ന് ഒഴിവാകാനും അനധികൃത ഫ്രീവിസക്കാരെ കൈയൊഴിഞ്ഞു സ്ഥാപനങ്ങള്‍ ശുദ്ധികലശം തുടങ്ങിയത്. ഇതോടെ അപ്രതീക്ഷിതമായുണ്ടായ തൊഴില്‍നഷ്ടം പ്രവാസികളെയും തൊഴില്‍ശേഷിയുടെ കനത്ത തോതിലുള്ള കൊഴിഞ്ഞുപോക്ക് സ്ഥാപനങ്ങളെയും പ്രതിസന്ധിയിലാഴ്ത്തുമെന്ന് പ്രാദേശിക അറബിമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ നിര്‍മാണമേഖലയിലെ പ്രമുഖരായ ബിന്‍ലാദിന്‍ കമ്പനി ജിദ്ദയിലെ കിങ് അബ്ദുല്‍അസീസ് എയര്‍പോര്‍ട്ടിന്‍െറ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിച്ച പുറം സ്പോണ്‍സര്‍മാരുടെ കീഴിലുള്ള 70 ശതമാനം തൊഴിലാളികളെ ഒഴിവാക്കിയതായി ‘ഉക്കാള്’ പത്രം റിപ്പോര്‍ട്ട് ചെയ്തു. നിരവധി മലയാളികളടക്കം നിരവധി പ്രവാസികള്‍ ജോലിചെയ്യുന്ന ഈ വികസനപദ്ധതി 2014 അവസാനത്തോടെ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷക്ക് ഇത് തടസ്സമായിരിക്കുകയാണെന്ന് പത്രം പറയുന്നു. ബിന്‍ലാദിന്‍ കമ്പനിയുടെ വിവിധ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പുറം സ്പോണ്‍സര്‍മാര്‍ക്കു കീഴിലുള്ള ജീവനക്കാര്‍ക്കും വിരമിക്കല്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. ജിദ്ദ തുറമുഖം അടക്കം രാജ്യത്തെ പ്രമുഖ വാണിജ്യകേന്ദ്രങ്ങളിലും വമ്പന്‍ വികസനപദ്ധതികളും പുറം കരാര്‍കമ്പനികളില്‍ നിന്നുള്ള ജീവനക്കാരെയാണ് കൂടുതലും ഉപയോഗപ്പെടുത്തുന്നത്. നിതാഖാത് ചട്ടമനുസരിച്ച് ഇതും നിരോധിക്കപ്പെട്ടതോടെ ഇവിടങ്ങളിലെല്ലാം പ്രവര്‍ത്തനം താളം തെറ്റുന്ന നിലയാണ്. ചെറുകിട സ്ഥാപനങ്ങളും ഈ രീതി അവലംബിച്ചുതുടങ്ങിയതോടെ ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ മലയാളികളുടെയടക്കം സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. പലരും തല്‍ക്കാലം നാടുവിടാനും രംഗം ശാന്തമായ ശേഷം തിരിച്ചെത്താനും നിര്‍ദേശിച്ച് തൊഴിലാളികളെ ഒഴിവാക്കുകയാണ്. ജിദ്ദയില്‍ ഇങ്ങനെ തൊഴില്‍നഷ്ടമായവരില്‍ നിരവധി മലയാളികളുണ്ട്.
പരിശോധന ഭയന്ന് ജിദ്ദ, റിയാദ്, അസീര്‍ മേഖലകളില്‍ ഈയാഴ്ച തുറന്നുപ്രവര്‍ത്തിക്കേണ്ട പല സ്കൂളുകളും അവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഫാമിലി വിസയിലെത്തി അധ്യാപനവൃത്തി നടത്തുന്നവരാണ് സ്വദേശി, വിദേശി ഇന്‍റര്‍നാഷനല്‍ സ്കൂളുകളിലധികവും. തുറന്നുപ്രവര്‍ത്തിച്ച ചില സ്കൂളുകളില്‍ പരിശോധനാവിഭാഗം കയറിയിറങ്ങിയതോടെ അന്യസ്പോണ്‍സര്‍ക്കു കീഴിലുള്ള അധ്യാപകര്‍ പിന്‍വലിയുകയും സ്കൂളുകള്‍ അടക്കുകയുമായിരുന്നു. ഇത് സൗദിയിലെ പ്രാദേശികമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് തിങ്കളാഴ്ച സൗദി തൊഴില്‍കാര്യ സഹമന്ത്രി നിഷേധപ്രസ്താവന ഇറക്കിയത്.
അതേസമയം, അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള പരിശോധനയില്‍നിന്ന് ഏതെങ്കിലും സ്ഥാപനത്തെയോ പ്രത്യേക വിഭാഗത്തെയോ മാറ്റിനിര്‍ത്തില്ലെന്ന് തൊഴില്‍ മന്ത്രാലയം വക്താവ് ഹത്താബുല്‍ അന്‍സി വ്യക്തമാക്കി. മന്ത്രിസഭയുടെ തൊഴില്‍ നിയന്ത്രണനിയമത്തിന്‍െറ വരുതിയിലാണ് മുഴുവന്‍ സ്ഥാപനങ്ങളുമെന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍മന്ത്രാലയത്തിന്‍െറ പരിശോധകര്‍ സ്ഥാപനങ്ങളില്‍ കയറിയിറങ്ങുന്നുണ്ട്. അന്യസ്പോണ്‍സറുടെ കീഴിലുള്ള തൊഴിലാളികളെ സ്വീകരിക്കുന്നവര്‍ മൂന്നുമാസത്തിനകം അവരുടെ സ്പോണ്‍സര്‍ഷിപ് തങ്ങളുടെ കീഴില്‍ കൊണ്ടുവരണമെന്നും അന്‍സി നിര്‍ദേശിച്ചു.
മന്ത്രാലയത്തിന്‍െറ നിര്‍ദേശത്തിന്‍െറ ചുവടുപിടിച്ച് ജിദ്ദയില്‍ അനധികൃത വിസക്കാരുടെ വഴിവാണിഭം അവസാനിപ്പിക്കാനും അവരുടെ ഉന്തുവണ്ടികള്‍ പിടിച്ചെടുക്കാനും നീക്കം തുടങ്ങിയതായി ‘അല്‍ഇഖ്തിസാദിയ്യ’ പത്രം പറയുന്നു. തൊഴില്‍ നിയന്ത്രണനിയമം മൂലം പ്രതിസന്ധിയിലാകുന്ന സ്ഥാപനങ്ങള്‍ക്കുള്ള പരിഹാരമെന്നോണം രാജ്യത്തെ എട്ട് അംഗീകൃത കമ്പനികള്‍ക്ക് വിസ അനുവദിക്കുന്നതിനുള്ള ലൈസന്‍സ് തൊഴില്‍ മന്ത്രാലയം നല്‍കുമെന്ന് അന്‍സിയെ ഉദ്ധരിച്ച് ‘ഉക്കാള്’ റിപ്പോര്‍ട്ട് ചെയ്തു. മന്ത്രാലയത്തിന്‍െറ റിക്രൂട്ടിങ് നിബന്ധനകള്‍ മുഴുവന്‍ പാലിച്ചുകൊണ്ടായിരിക്കും ഇതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ശാസ്ത്രീയമായ നയതന്ത്ര ഇടപെടല്‍ വേണം -ഇപെപ്സില്‍
മുംബൈ: കേരളത്തെ ആശങ്കയിലാഴ്ത്തിയ സൗദി അറേബ്യയിലെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാന്‍ സുതാര്യവും ശാസ്ത്രീയവുമായ നയതന്ത്ര ഇടപെടല്‍ ഉണ്ടാകണമെന്ന് റിക്രൂട്ടിങ് ഏജന്‍സികളുടെ കൂട്ടായ്മയായ ഇന്ത്യന്‍ പേഴ്സനല്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ഇപെപ്സില്‍).
തൊഴില്‍ പ്രതിസന്ധിയുടെ പ്രധാന ഹേതു വിസ നല്‍കുന്നതിലെ അശാസ്ത്രീയതയാണ്. ഇതില്‍ കാതലായ മാറ്റംവരുത്താതെ ശാശ്വത പരിഹാരം സധ്യമാവുകയില്ല. ആവശ്യമായ തൊഴിലിന് അനുസൃതമായി വിസ ലഭ്യമല്ലാത്തതിനാല്‍ ഫ്രീവിസയോ ഹൗസ് ഡ്രൈവര്‍പോലുള്ള തൊഴില്‍ വിസയോ നേടിയാണ് ആളുകള്‍ സൗദിയിലെത്തിയിരുന്നത്. പിന്നീട്, വിവിധ തൊഴിലുകളിലേക്കും ചെറുകിട കച്ചവടങ്ങളിലേക്കും ചേക്കേറുകയാണ് പതിവ്.
ആവശ്യതൊഴിലിന് കൃത്യമായ വിസ ലഭിക്കുന്നതിനുള്ള ഇടപെടല്‍ അധികൃതരില്‍നിന്ന് ഉണ്ടാകണം. സൗദിയില്‍നിന്ന് മടങ്ങിവരുന്നവരെ പുനരധിവസിപ്പിക്കുക എളുപ്പമല്ല. അവര്‍ക്ക് അതതു മേഖലകളില്‍ മറ്റു ദേശങ്ങളില്‍ തൊഴില്‍ നേടാന്‍ സഹായിക്കുകയാണ് വേണ്ടത്. അതിന് എന്‍.ആര്‍.ഐകളെ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഇപെപ്സിലും അതിന്‍െറ അംഗങ്ങളും തയാറാണെന്ന് പ്രസിഡന്‍റ് വി.എസ്. അബ്ദുല്‍കരീം അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus