12:30:26
09 Oct 2015
Friday
Facebook
Google Plus
Twitter
Rssfeed

സദാചാരത്തകര്‍ച്ചയുടെ ശിക്ഷ

സദാചാരത്തകര്‍ച്ചയുടെ ശിക്ഷ

വനംമന്ത്രി കെ.ബി. ഗണേഷ്കുമാറിനെ മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കാന്‍ അദ്ദേഹത്തിന്‍െറ പിതാവും പിതാവിന്‍െറ സ്വന്തം പാര്‍ട്ടിയും ആവശ്യപ്പെട്ടപ്പോള്‍ അത് സ്വീകരിക്കാതെ പ്രശ്നപരിഹാരത്തിന് മറ്റു വഴികള്‍ തേടിയ ഉമ്മന്‍ചാണ്ടി തന്‍െറ തീരുമാനത്തിന് കനത്തവില നല്‍കേണ്ടിവന്നു എന്നതാണ് ഏറ്റവും ഒടുവില്‍ ഗണേഷ്കുമാറിന്‍െറ രാജിയില്‍ കലാശിച്ച അസംബന്ധ നാടകത്തിന്‍െറ പരിണതി. ഇപ്പോള്‍ ഗണേഷ്കുമാറിന്‍െറ രാജിയോടെ പ്രതിസന്ധി പരിഹരിക്കപ്പെട്ടു എന്നാശ്വസിക്കാനും മുഖ്യമന്ത്രിക്കാവാത്ത പതനത്തില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുകയും ചെയ്യുന്നു. ഗാര്‍ഹിക പീഡനത്തെക്കുറിച്ച പരാതിയുമായി തന്നെ വന്നുകണ്ട മന്ത്രിപത്നിയെ പരാതി സ്വീകരിക്കാതെ തിരിച്ചയക്കുകയും തനിക്ക് അവരില്‍നിന്ന് പരാതിയേ ലഭിച്ചിട്ടില്ലെന്ന് നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകവഴി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാലംഘനവും നടത്തിയെന്നാരോപിക്കുന്ന പ്രതിപക്ഷം അദ്ദേഹത്തിന്‍െറ രാജിക്കായി മുറവിളി കൂട്ടുകയാണ്. ഗണേഷ്കുമാറിന്‍െറ ഭാര്യ യാമിനി തന്നെ വന്നുകണ്ട് കുടുംബപ്രശ്നങ്ങള്‍ അവതരിപ്പിച്ചതല്ലാതെ പരാതിയൊന്നും തന്നിരുന്നില്ലെന്നും രേഖാമൂലം പരാതി സമര്‍പ്പിച്ച നിമിഷം താനത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും നിയമസഭയെ ഒരിക്കലും തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്നും ഗണേഷ്കുമാറിന്‍െറ രാജിയോടെ പ്രശ്നം അവസാനിച്ചുവെന്നുമുള്ള നിലപാടില്‍ മുഖ്യമന്ത്രിയും ഉറച്ചുനില്‍ക്കുന്നു. സര്‍ക്കാറിന് ഒരു ഭീഷണിയുമില്ല എന്ന് യു.ഡി.എഫ് ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ടുതാനും.
അധികാരമേറ്റ് ഏറെത്താമസിയാതെ മുസ്ലിംലീഗിന്‍െറ അഞ്ചാം മന്ത്രി സമസ്യയോടെ വിവാദച്ചുഴിയിലേക്ക് എടുത്തുചാടിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പിന്നീടൊരിക്കലും സ്വാസ്ഥ്യമെന്തെന്ന് അറിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം. ഒന്നിനു പിറകെ ഒന്നായി വിവാദങ്ങള്‍ സര്‍ക്കാറിനെ വേട്ടയാടുകയാണ്. ന്യൂനപക്ഷങ്ങളുടെ അനര്‍ഹമെന്ന് വിശേഷിപ്പിക്കപ്പെട്ട അധികാരലബ്ധിക്കെതിരെ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി പോലുള്ള ജാതിസംഘടനകള്‍ ഉയര്‍ത്തിയ അപസ്വരങ്ങള്‍ കെട്ടടങ്ങുന്നതിനുമുമ്പേ ആരംഭിച്ചു കോണ്‍ഗ്രസിലെ ആഭ്യന്തരവഴക്കുകളും ‘ഹരിത’വാദികളായ എം.എല്‍.എമാര്‍ ഉയര്‍ത്തിയ കോലാഹലങ്ങളും. അതൊരുവക അടങ്ങി എന്ന് കരുതിയപ്പോഴാണ് ചീഫ് വിപ്പ് പി.സി. ജോര്‍ജിന്‍െറ വെളിപാടുകള്‍ സൃഷ്ടിച്ച അസ്വാരസ്യങ്ങള്‍. അതിനുമുമ്പേ തുടങ്ങിയ ബാലകൃഷ്ണപിള്ള-ഗണേഷ്കുമാര്‍ പോര് മൂര്‍ച്ഛിച്ചതും ജോര്‍ജിന്‍െറ ഇടപെടല്‍മൂലംതന്നെ. ഗണേഷ്കുമാറിന്‍െറ രാജിയോടെ പിള്ള വെടിനിര്‍ത്തും എന്ന ശുഭപ്രതീക്ഷക്ക് വലിയ വകയൊന്നും ഇല്ലാതിരിക്കെ ഗണേഷിന്‍െറ പകരക്കാരനെച്ചൊല്ലിയുള്ള പൊട്ടലും ചീറ്റലും ഉടന്‍ തുടങ്ങാനിരിക്കുന്നു. ഇതിനിടയില്‍ സര്‍ക്കസ് കൂടാരത്തിലെ റിങ്മാസ്റ്ററുടെ മെയ്വഴക്കത്തോടെ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ തനിക്കുള്ള വൈദഗ്ധ്യം ഉമ്മന്‍ചാണ്ടി പരമാവധി പ്രയോഗിക്കുന്നു എന്നതിനെക്കാള്‍ പ്രതിപക്ഷത്തിന്‍െറ ബലഹീനതയോടാണ് നിലനില്‍പിന് യു.ഡി.എഫ് കടപ്പെട്ടിരിക്കുന്നത്. വിഭാഗീയതയുടെ വിഷമവൃത്തത്തില്‍നിന്ന് പുറത്തുകടക്കാനാവാതെ കുഴങ്ങുന്ന സി.പി.എം ടി.പി. ചന്ദ്രശേഖരന്‍ വധത്തോടെ തീര്‍ത്തും പ്രതിരോധത്തിലായി. ഒപ്പം, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ തല്‍സ്ഥാനത്തുനിന്ന് നീക്കംചെയ്ത് ശല്യം അവസാനിപ്പിക്കാനുള്ള പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്‍െറ അന്തിമനീക്കം കേന്ദ്ര നേതൃത്വത്തിന്‍െറ മനപ്പൂര്‍വമെന്ന് കരുതേണ്ട ഉദാസീനതയില്‍ തട്ടി വഴിമുട്ടുകയാണ്. അതിനിടെ പങ്കാളിത്ത പെന്‍ഷനെതിരെ സര്‍ക്കാര്‍ ജീവനക്കാരെ പ്രക്ഷോഭരംഗത്തിറക്കാന്‍ നടത്തിയ ശ്രമം പാളി. വിലക്കയറ്റത്തിനും അതുപോലുള്ള ജനകീയ പ്രശ്നങ്ങള്‍ക്കുമെതിരെ നടത്തുന്ന സമരങ്ങളും പച്ചതൊടുന്നില്ല. ഇതിനിടയില്‍ കേവലഭൂരിപക്ഷത്തിന്‍െറ നൂല്‍പാലത്തിന്മേല്‍ ആഭ്യന്തര ഉരുള്‍പൊട്ടലുകളുടെ നിരന്തര ഭീഷണിയെ നേരിട്ട് ഏതു നിമിഷവും അടിതെറ്റി വീഴാവുന്ന പരുവത്തില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് സംസ്ഥാനത്തിന്‍െറ കാതലായ പ്രശ്നങ്ങളെ അവധാനപൂര്‍വം അഭിമുഖീകരിക്കാനോ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാനോ കഴിയാതെപോവുന്നത് സ്വാഭാവികം മാത്രമാണ്. അതിവേഗം ബഹുദൂരം മുന്നേറുന്നത് അഴിമതിയും അധികാരദുര്‍വിനിയോഗവും ഖജനാവ് ചോര്‍ച്ചയുമാണ്. സൗദി അറേബ്യയുടെ നിതാഖാത് മൂലം വഴിയാധാരമാവുന്ന പതിനായിരങ്ങളുടെ പ്രശ്നം നേരിടാന്‍ നടത്തുന്ന ചടുലനീക്കങ്ങള്‍ സഫലമായാല്‍പോലും പ്രതിസന്ധിയുടെ താല്‍ക്കാലിക മുട്ടുശാന്തിയില്‍ കവിഞ്ഞ ഒന്നും പ്രതീക്ഷിക്കാനില്ല. സുസ്ഥിരമായ പ്രതിവിധി, രാജ്യത്തേറ്റവും തൊഴില്‍രഹിതരുള്ള സംസ്ഥാനത്തിന്‍െറ ആസൂത്രിതവും സമഗ്രവും പാരിസ്ഥിതിക സന്തുലിതവുമായ വികസനമാണ്. അക്കാര്യത്തില്‍ വക്കുതൊടാന്‍പോലും വലിയ കൊട്ടിഘോഷങ്ങളോടെ നടത്തപ്പെട്ട എമര്‍ജിങ് കേരളക്കായില്ല. ഏറെ പ്രതീക്ഷകള്‍ ഉയര്‍ത്തിയ കൊച്ചി ടീകോം പദ്ധതി മരവിച്ചുനില്‍ക്കുന്നു. അതിനിടെ കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി മുതലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നു.
ഇതൊന്നും സര്‍ക്കാറിന്‍െറ സത്വര പരിഗണനയിലേക്കോ മുഖ്യവിഷയമായോ വരാതിരിക്കാന്‍ കാരണം നടേപറഞ്ഞ അസംബന്ധങ്ങളുടെ ഒഴിയാബാധതന്നെ. അതിന്‍െറ മൂലഹേതു ആകട്ടെ, ആര്‍ക്കും ബോധ്യമാവുന്നവിധം നമ്മുടെ പൊതുജീവിതത്തെ ആഴത്തില്‍ ഗ്രസിച്ച ധര്‍മച്യുതിയും. പരസ്ത്രീഗമനം, സ്ത്രീപീഡനം, ലൈംഗികാരാജകത്വം പോലുള്ള ഹീനമായ കുറ്റകൃത്യങ്ങള്‍ക്കെതിരെ രാജ്യം മുഴുക്കെ ശക്തമായ പ്രതിഷേധവും കര്‍ക്കശ നിയമങ്ങളും വന്നുകൊണ്ടിരിക്കെത്തന്നെ സമൂഹത്തിന് മാതൃകയാവേണ്ട മന്ത്രിമാരും ഉന്നതനേതാക്കളും ഇവ്വിധം കളങ്കിതരാവുന്നത് പൊറുപ്പിക്കാനാവാത്തതാണ്. മന്ത്രിസഭ രൂപവത്കരിക്കുമ്പോള്‍ ജാതി, സമുദായ, രാഷ്ട്രീയ പരിഗണനകളാല്‍, കളങ്കിതരെ ഉള്‍പ്പെടുത്താതെ സാമാന്യ ജീവിതവിശുദ്ധി പരിരക്ഷിക്കുന്നവരെ മാത്രം തെരഞ്ഞെടുക്കണമെന്ന് നിഷ്കര്‍ഷിക്കാന്‍ പാര്‍ട്ടികള്‍ക്കോ മുന്നണികള്‍ക്കോ ആവുന്നില്ല. മന്ത്രിപദവിയില്‍ അവരോധിതരായ ശേഷം ഗുരുതരാരോപണങ്ങള്‍ ഉയരുമ്പോഴും നടപടി ഉണ്ടാവുന്നുമില്ല. മാധ്യമക്കണ്ണുകള്‍ കിടപ്പറയിലും കുളിമുറിയിലുംവരെ എത്തിക്കഴിഞ്ഞ വര്‍ത്തമാനകാലത്ത് കുടുംബത്തിന്‍െറയും സമൂഹത്തിന്‍െറയും അന്തസ്സോര്‍ത്തെങ്കിലും ഒരല്‍പം സംയമനം പാലിക്കാന്‍ ഇവര്‍ക്കൊന്നും കഴിയില്ലെങ്കില്‍ സദാചാരത്തകര്‍ച്ചയുടെ ശിക്ഷ അനുഭവിക്കുകയല്ലാതെ നിവൃത്തിയില്ല.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus