12:30:26
01 Sep 2015
Tuesday
Facebook
Google Plus
Twitter
Rssfeed

ഇടവേള, നാടകം തുടരുന്നു...

ഇടവേള, നാടകം തുടരുന്നു...

ഇത്രമാത്രം ജീവിതഗന്ധിയായിരിക്കും ഈ നാടകമെന്ന് തുടക്കത്തില്‍ ആരും കരുതിയിരുന്നില്ല. എന്നാല്‍, ഒരു വ്യാഴവട്ടക്കാലമായി തുടരുന്ന ‘അച്ഛന്‍-മകന്‍ പോര്’ എന്ന രാഷ്ട്രീയ നാടകം പ്രേക്ഷകരുടെ എല്ലാ കണക്കുകൂട്ടലുകളെയും മാറ്റിമറിച്ച് മുന്നേറുകയാണ്.
2013ലെ ഏപ്രില്‍ ഫൂള്‍ ദിനത്തിന്‍െറ അന്ത്യയാമങ്ങളില്‍ അത്യന്തം വികാരഭരിതവും അതേസമയം സംഘര്‍ഷഭരിതവുമായ അന്തരീക്ഷത്തില്‍ നാടകത്തിന്‍െറ ഒരു രംഗംകൂടി അവസാനിച്ചു. അപ്രതീക്ഷിതമായ വഴിത്തിരിവില്‍ മകനായ മന്ത്രിയുടെ സ്ഥാനനഷ്ടത്തോടെയാണ് നാടകത്തിന് ഇടവേളക്കായി കര്‍ട്ടന്‍ വീണത്.
ആര്‍. ബാലകൃഷ്ണപിള്ള എന്ന അച്ഛനും കെ.ബി. ഗണേഷ്കുമാര്‍ എന്ന മകനും മുഖ്യകഥാപാത്രങ്ങളായ ഈ നാടകം ആരംഭിക്കുന്നത് 2001ലെ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ്. അന്ന് നായകകഥാപാത്രങ്ങളായ ഇവര്‍ക്കൊപ്പം യാമിനി തങ്കച്ചിയെന്ന ഗണേഷ്കുമാറിന്‍െറ ഭാര്യക്കും മകന്‍ ആദിത്യകൃഷ്ണന്‍ തമ്പി എന്ന നാലുവയസ്സുകാരനും അതിഥി റോളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് മകന്‍െറ വളര്‍ച്ച ആഗ്രഹിക്കുന്ന ഒരു അച്ഛന്‍െറ റോളിലായിരുന്നു ബാലകൃഷ്ണപിള്ള. നാടകത്തിന്‍െറ അന്നത്തെ ആദ്യരംഗം അവസാനിക്കുന്നത് ശുഭപര്യവസായിയായിട്ടും ആയിരുന്നു. ഗണേഷ്കുമാറും ഭാര്യ യാമിനിയും എല്ലാ വഴക്കുകളും അവസാനിപ്പിച്ച് മകന്‍ ആദിത്യകൃഷ്ണക്കൊപ്പം കുടുംബചിത്രത്തിന് പോസ്ചെയ്യുമ്പോള്‍ അനുഗ്രഹങ്ങള്‍ ചൊരിയാന്‍ അച്ഛന്‍ ബാലകൃഷ്ണപിള്ളയുമുണ്ടായിരുന്നു. ‘പിന്നീട് അവര്‍ സന്തോഷത്തോടെ ജീവിച്ചു’ എന്നായിരുന്നു പ്രേക്ഷകരുടെ വിശ്വാസവും.
എന്നാല്‍, ആദ്യരംഗത്തിനൊടുവിലെ സ്നേഹമയിയായ ഭാര്യയും മകനും 12 വര്‍ഷത്തിനുശേഷം അച്ഛനോടൊപ്പം വില്ലന്‍ കഥാപാത്രങ്ങളായി രംഗത്തെത്തിയതോടെയാണ് ഗണേഷിന് മന്ത്രിസ്ഥാനം ഉപേക്ഷിക്കേണ്ടിവന്നത്.
അച്ഛന്‍-മകന്‍ പോര് എന്ന നാടകത്തിലുടനീളം ആദ്യമൊഴികെ അച്ഛനും മകനും എപ്പോഴും ശത്രുപക്ഷത്താണ്. ചരിത്രത്തിന്‍െറ ഒരാവര്‍ത്തനം പോലെ ഇടവേളക്കു ശേഷം രണ്ടാം ഭാഗത്തിനായി കര്‍ട്ടന്‍ ഉയരുമ്പോള്‍ മകന്‍ എന്ന കഥാപാത്രം വീണ്ടും ശത്രുസ്ഥാനത്തുതന്നെ. ആര്‍. ബാലകൃഷ്ണപിള്ള എന്ന പിതാവിന്‍െറ എതിര്‍സ്ഥാനത്തായിരുന്നു കെ.ബി. ഗണേഷ്കുമാര്‍ എന്ന മകനെങ്കില്‍ ഇപ്പോള്‍ കെ.ബി. ഗണേഷ്കുമാര്‍ എന്ന അച്ഛന്‍െറ എതിര്‍പക്ഷത്ത് നില്‍ക്കുകയാണ് ആദിത്യകൃഷ്ണന്‍ തമ്പി എന്ന മകന്‍. അമ്മ യാമിനി തങ്കച്ചി ഭര്‍ത്താവിനെതിരെ വാര്‍ത്താസമ്മേളനം നടത്തവെ വിങ്ങിപ്പൊട്ടിയപ്പോള്‍ കസേരക്ക് തൊട്ടുപിറകില്‍നിന്ന് ആ 15 വയസ്സുകാരന്‍ അമ്മയുടെ തോളില്‍ തട്ടി സാന്ത്വനവും കൈയില്‍ മുറുകെ പിടിച്ച് ധൈര്യവും പകരുന്ന രംഗമാണ് ഈ നാടകത്തിലെ ഏറ്റവും ദു$ഖകരമായത്. അച്ഛനെതിരെ മകന്‍ അമ്മക്ക് താങ്ങാവുന്ന ഈ രംഗം ഇതുവരെ സംഭവിച്ചതോ ഇനി സംഭവിക്കാനിരിക്കുന്നതോ ആയ ഒരു ദുരന്തവും ഇതിന് മേലെയാവില്ല എന്നത് ഉറപ്പ്.
2001ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് കോട്ടയായ കൊല്ലം ജില്ലയിലെ പത്തനാപുരത്തുനിന്ന് ഗണേഷ് ജയിക്കുന്നത് ഒമ്പതിനായിരത്തിലധികം വോട്ടിന്‍െറ ഭൂരിപക്ഷത്തിലാണ്. കേരള കോണ്‍ഗ്രസ്-ബിക്ക് കിട്ടിയ രണ്ട് സീറ്റില്‍ പരമ്പരാഗതമായ കൊട്ടാരക്കര താനെടുത്ത് തൊട്ടടുത്ത പത്തനാപുരം അച്ഛന്‍ മകന് സമ്മാനിക്കുകയായിരുന്നു. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടുകയും എ.കെ. ആന്‍റണി മുഖ്യമന്ത്രിയാവുകയും ചെയ്തപ്പോള്‍ പാര്‍ട്ടി മന്ത്രി താനല്ലാതെ മറ്റാരുമാകുമെന്ന ചിന്ത വന്യമായ സ്വപ്നത്തില്‍പോലും പിള്ളക്കുണ്ടായിരുന്നില്ല. എന്നാല്‍, ആന്‍റണി മന്ത്രിയാക്കിയത് മകന്‍ ഗണേഷിനെ-ഗ്രാഫൈറ്റ് കേസിന്‍െറ പേരിലായിരുന്നു അന്നത്തെ ആ ഒഴിച്ചുനിര്‍ത്തല്‍.
കൊടിവെച്ച സ്റ്റേറ്റ് കാര്‍, അകമ്പടി സേവിക്കാന്‍ പൊലീസ് പട, എന്തിനും തയാറായി സേവക സംഘം. ഇതിനെല്ലാമുപരി തലയില്‍ ചൊറിഞ്ഞും നടുകുനിച്ചും നില്‍ക്കുന്ന അനുയായി വൃന്ദം എന്നിങ്ങനെ താന്‍ മാത്രം അനുഭവിക്കേണ്ട, തനിക്ക് മാത്രം അവകാശപ്പെട്ട സൗഭാഗ്യങ്ങള്‍ മകനായാലും മറ്റൊരാള്‍ അനുഭവിക്കുന്നത് കൊട്ടാരക്കര കീഴൂട്ട് തറവാട്ടിലെ ഉഗ്രപ്രതാപിയായ രാമന്‍പിള്ളയുടെ മകന്‍ ബാലകൃഷ്ണപിള്ളക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഇതിന് പുറമേ മകന്‍ നല്ല മന്ത്രിയെന്ന പേരുകൂടി സമ്പാദിച്ചതോടെ ഈ സഹികേട് വളര്‍ന്നു. എവിടെ ചെന്നാലും മകനെതിരെ ഒരു കുത്തുവാക്ക് പറയല്‍ അച്ഛന്‍െറ പതിവായി. ഒടുവില്‍ കേസില്‍നിന്ന് മുക്തനായതോടെ ഗണേഷ് രാജിവെക്കുകയും പിള്ളയെ മന്ത്രിയാക്കുകയും ചെയ്തു. അതോടെ ഗണേഷ് തന്‍െറ ഇഷ്ടലാവണമായ ചലച്ചിത്ര-സീരിയല്‍ രംഗത്ത് വീണ്ടും സജീവമായി. പിന്നീട് ഏതാണ്ട് ആറുവര്‍ഷക്കാലം കീഴൂട്ട് തറവാട് ശാന്തമായിരുന്നു. 2006ല്‍ ഗണേഷ് പത്തനാപുരത്തുനിന്ന് വീണ്ടും നല്ല ഭൂരിപക്ഷത്തില്‍ ജയിച്ചപ്പോള്‍ പിള്ള കൊട്ടാരക്കരയില്‍ തോല്‍ക്കുകയായിരുന്നു. യു.ഡി.എഫ് സംസ്ഥാനത്താകെ പരാജയപ്പെട്ട ആ തെരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ നിന്നുള്ള ഏക യു.ഡി.എഫ് എം.എല്‍.എയുമായിരുന്നു ഗണേഷ്. എന്നാല്‍, 2011ഓടെ അവസ്ഥ വീണ്ടും മാറി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പിള്ള ജയിലിലായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെയും വന്നു. യു.ഡി.എഫും ഗണേഷും ജയിക്കുമെന്ന് ഏറക്കുറെ ഉറപ്പായ സാഹചര്യത്തില്‍ സ്വന്തം കൊട്ടാരക്കരയില്‍ പിള്ള മകളെ സ്ഥാനാര്‍ഥിയാക്കാനാണ് ശ്രമിച്ചത്. എന്നാല്‍, ഗണേഷും യു.ഡി.എഫും എതിര്‍ത്തതോടെ ഒരു ഡോക്ടറെ ബിനാമിയാക്കി നിര്‍ത്തി. പക്ഷേ, ഫലം വന്നപ്പോള്‍ പിള്ളയെ തോല്‍പിച്ച ഐഷാപോറ്റി തന്നെ ഡോക്ടറെയും തോല്‍പിച്ചു.
മകന്‍ വീണ്ടും മന്ത്രിയായതോടെ കീഴൂട്ട് തറവാട്ടിലെ അച്ഛന്‍ കോംപ്ളക്സ് വീണ്ടും തലപൊക്കി. ജയിലില്‍നിന്ന് പിള്ളയെ ഇറക്കാന്‍ ഗണേഷ് ആവുംവിധമൊക്കെ ശ്രമിച്ചെങ്കിലും ജയിലില്‍നിന്നിറങ്ങിയ പിള്ളയെ പിന്നീട് കണ്ടത് മകന്‍െറ ശത്രുപക്ഷത്തുതന്നെ. തെരഞ്ഞെടുപ്പില്‍ വിജയിച്ച് അച്ഛനെ കാണാന്‍ ജയിലിലെത്തിയ തന്നെ എം.എല്‍.എ സ്ഥാനവും തെറിപ്പിക്കുമെന്നു പറഞ്ഞാണ് പിള്ള അനുഗ്രഹിച്ചതെന്ന് ഗണേഷ് വെളിപ്പെടുത്തിയിരുന്നു. മന്ത്രിയായ ശേഷമല്ല, അതിന് മുമ്പുതന്നെ അച്ഛന് താന്‍ അനഭിമതനായിരുന്നുവെന്ന് ഗണേഷ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മകനെതിരെയുള്ള അച്ഛന്‍െറയും അച്ഛനെതിരായ മകന്‍െറയും യുദ്ധം ശക്തിപ്പെടുന്നതാണ് കാണാനായത്. ഇതിനിടെ അച്ഛന്‍െറ എന്നത്തെയും ശക്തിസ്രോതസ്സായ ‘നായര്‍ബ്രാന്‍ഡിനെ’ തള്ളിപ്പറയാനും ഗണേഷ് തയാറായിരുന്നു. പാര്‍ട്ടിക്ക് വിധേയനല്ലാത്ത മന്ത്രിയെ തങ്ങള്‍ക്ക് വേണ്ടെന്ന പ്രഖ്യാപനം എവിടെയും എപ്പോഴും പിള്ള നടത്തി. പാര്‍ട്ടിക്ക് വിധേയനാവുക എന്നുപറഞ്ഞാല്‍ പിള്ളക്ക് വിധേയനാവുക എന്നതാണെന്നത് ശാശ്വത സത്യം. ഇതിനൊടുവില്‍ മന്ത്രിയെ പിന്‍വലിക്കുന്നുവെന്ന കത്ത് പിള്ള യു.ഡി.എഫിന് നല്‍കുകയും ചെയ്തു.
ഇതിനിടെയാണ് നാടകത്തിന് അപ്രതീക്ഷിതമായ വഴിത്തിരിവ് സൃഷ്ടിച്ച് പി.സി. ജോര്‍ജ്, യാമിനി തങ്കച്ചി തുടങ്ങിയ കഥാപാത്രങ്ങള്‍ രംഗത്തെത്തുന്നത്. അച്ഛനില്‍നിന്ന് വില്ലന്‍ വേഷങ്ങള്‍ ഇവര്‍ ഏറ്റെടുത്തതോടെ നാടകമാകെ കീഴ്മേല്‍മറിഞ്ഞു. മന്ത്രി ഷിബു ബേബിജോണ്‍ നല്ല സമരിയാക്കാരന്‍െറ വേഷവുമായും എത്തി. അപ്പോഴാണ് വേലിയില്‍കിടന്ന പാമ്പിനെ തോളിലിട്ടമട്ടില്‍ മധ്യസ്ഥവേഷവുമായി സാക്ഷാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ സംസ്ഥാന ഭരണം ബന്ധമൊഴിയലിനും സ്വത്ത് പങ്കുവെക്കലിനും മാത്രമായി നീക്കിവെക്കപ്പെട്ടു. അപ്പോള്‍ അച്ഛനും മകനും തമ്മില്‍ പ്രശ്നം എന്നത് മാധ്യമസൃഷ്ടി എന്നമട്ടില്‍ പുതിയ ഭാവത്തില്‍ പിള്ളയുമെത്തി. അച്ഛനെ കാണാന്‍ മകന്‍ എത്തുന്നു, അച്ഛനാണ് എല്ലാമെന്ന് മകന്‍ പറയുന്നു. മകന്‍ വിധേയനായാല്‍ പ്രശ്നങ്ങളെല്ലാം തീര്‍ന്നുവെന്ന് അച്ഛനും പ്രഖ്യാപിക്കുന്നു. ഇങ്ങനെ ശുഭാന്ത്യം കാത്തിരിക്കവെയാണ് ഗണേഷ് കുടുംബകോടതിയില്‍ ഭാര്യക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കുന്നതും ഭാര്യ ഗണേഷിനെതിരെ അതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തുന്നതും. ഇതോടെ സംവിധായകന്‍െറയോ രചയിതാവിന്‍െറയോ കൈയിലൊതുങ്ങാത്തവണ്ണം നാടകം പിടിവിട്ടുപോവുകയായിരുന്നു. തുടര്‍ന്ന് യാമിനി മുഖ്യമന്ത്രിക്കും പൊലീസിനും പരാതിനല്‍കുന്നു, മന്ത്രി രാജിവെക്കുന്നു, എന്നിങ്ങനെയുള്ള സംഭവവികാസങ്ങള്‍. ഇതോടെ അവസാനിച്ചു എന്നുകരുതേണ്ട. കോടതിയും പൊലീസും എന്തൊക്കെയാണ് അവതരിപ്പിക്കുകയെന്ന് കാത്തിരുന്നു കാണേണ്ടിവരും. നിയമപ്രകാരം ഗണേഷ് ശിക്ഷിക്കപ്പെട്ടാല്‍ മറ്റൊരു ചരിത്രവും കൂടി ഈ അച്ഛനും മകനും സൃഷ്ടിക്കും. അച്ഛനുവേണ്ടി രാജിവെച്ച മകന്‍, മകനെതിരെ രംഗത്തുവന്ന അച്ഛന്‍ എന്നതിനുപുറമെ, അച്ഛനു ശേഷം ജയിലില്‍ കിടക്കേണ്ടിവന്ന മകന്‍ എന്ന ചരിത്രവും എഴുതപ്പെടും. ഗണേഷ് രാജിവെച്ചതിന്‍െറ പേരില്‍ ഒരുതുള്ളി കണ്ണീരുപോലും ഒഴുക്കില്ലെന്ന് പിള്ള പ്രഖ്യാപിച്ചിരിക്കുകയുമാണ്.
എന്നാല്‍, ഇതിനിടെ സംഭവിക്കുന്ന മറ്റൊന്നുണ്ട്. ഗണേഷ് എന്ന കണ്ണി അറ്റുപോകുന്നതോടെ പിള്ളയുടെ യു.ഡി.എഫ് ബന്ധവും അസ്തമിക്കുകയാണ്. ഗണേഷ് മന്ത്രിയല്ലാതാകുന്നതോടെ പിള്ളയെ തിരിഞ്ഞുനോക്കേണ്ട ബാധ്യതപോലും ഉമ്മന്‍ചാണ്ടിക്കോ യു.ഡി.എഫിനോ ഇല്ലാതാകുകയാണ്. ഇടവേളക്കുശേഷം ഇനിയും ഉണ്ടാകും സംഭ്രമജനകമായ രംഗങ്ങള്‍. അതിനുവേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus