12:30:26
09 Oct 2015
Friday
Facebook
Google Plus
Twitter
Rssfeed

മാധ്യമങ്ങളുടെ ഹ്രസ്വദൃഷ്ടി അപകടകരം

മാധ്യമങ്ങളുടെ ഹ്രസ്വദൃഷ്ടി അപകടകരം

ദല്‍ഹിയിലും വിദേശത്തും ടെലിവിഷന്‍ കണ്ടിരുന്നുവെങ്കിലും കേരളത്തില്‍ ആദ്യമായി കാണാന്‍ സന്ദര്‍ഭം ഉണ്ടായത് മൂന്ന് പതിറ്റാണ്ടുകള്‍ക്കപ്പുറമാണ്. ഏഷ്യാഡ് കാലം. കെ.പി.പി. നമ്പ്യാരാണ് കെല്‍ട്രോണിന്‍െറ തലപ്പത്ത്. ടെലിവിഷന്‍ പരിചയപ്പെടുത്താന്‍ ആദ്യം ചെയ്തത് മ്യൂസിയം തുടങ്ങിയ പാര്‍ക്കുകളില്‍ സ്ഥാപിച്ച മോണിറ്ററുകളില്‍ മലയാളം ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പിന്നെ ആന്‍റിന ഉപയോഗിച്ച് വിദേശത്തെ ടി.വി പരിപാടികള്‍ തിരുവനന്തപുരത്ത് ലഭ്യമാക്കി. ബ്രഷ്നേവിന്‍െറ ശവസംസ്കാര ചടങ്ങുകള്‍ തിരുവനന്തപുരത്തുള്ള സഖാക്കള്‍ തത്സമയം കണ്ടു! ശ്രീലങ്കയില്‍നിന്നുള്ള സംപ്രേഷണങ്ങളും കിട്ടിവന്നു. പിന്നെ, ദൂരദര്‍ശന്‍െറ മലയാളം പരിപാടികള്‍ കേരളമൊട്ടാകെ ലഭ്യമായിത്തുടങ്ങി. ഏഷ്യാനെറ്റുമായി ഭാസ്കരന്‍ മാസ്റ്ററും കൂട്ടരും രംഗത്തെത്തിയതായിരുന്നു അടുത്ത ഘട്ടം. വാര്‍ത്താചാനലുകള്‍ ഒന്നില്‍ തുടങ്ങി ഒരുപാടായത് വര്‍ത്തമാനകാല കഥ. ഏറ്റവും കൂടുതല്‍ പ്രേക്ഷകരുള്ളത് ദൂരദര്‍ശന് ആയിരിക്കണം. എങ്കിലും മധ്യവര്‍ഗം കേബ്ളുകള്‍ വഴി കിട്ടുന്ന വില കൂടിയ വാര്‍ത്തകള്‍ ആസ്വദിക്കുന്നുമുണ്ട്.
മലയാളത്തില്‍ ഇത്രയധികം വാര്‍ത്താചാനലുകള്‍ ആവശ്യമുണ്ടോ എന്ന് ചോദിക്കുന്നത് നമുക്ക് ഇത്രയും പത്രങ്ങളും വാരികകളും വേണ്ടതുണ്ടോ എന്ന് ചോദിക്കുമ്പോലെയാണ്.
ഇന്ദിരഗാന്ധിയെ വെല്ലുവിളിച്ചുകൊണ്ട് അടിയന്തരാവസ്ഥയെ എതിര്‍ത്ത കോവളം ചന്ദ്രന്‍ എന്ന പത്രാധിപരും ചന്ദ്രനെ അനുകരിച്ച് വെള്ളത്തിലായ തളിയല്‍ വനജന്‍ എന്ന പത്രാധിപരും ഇപ്പോഴും രംഗത്തുണ്ട് എന്നാണറിവ്. ചന്ദ്രന്‍െറ പത്രം ആണ്ടുവട്ടത്തില്‍ നാലെണ്ണം ഇറങ്ങും. എനിക്ക് രണ്ട് കോപ്പി തരും. അത് ഞാന്‍ രണ്ടു പേര്‍ക്ക് കൊടുക്കും. പിന്നെ പരസ്യക്കാരുടെ വൗച്ചര്‍ കോപ്പികള്‍ അനുപേക്ഷണീയം. പത്രാധിപരുടെ കണക്കനുസരിച്ച് 10,000 കോപ്പിയാണ് അച്ചടിക്കുന്നത്. അത്രയും കടലാസിന് ഉപഭോക്താക്കള്‍ ഉണ്ട് എന്നര്‍ഥം. ചന്ദ്രന് ലാഭമോ നഷ്ടമോ എത്ര എന്ന് ഞാന്‍ അറിയുന്നില്ല.
ഒരു ഐ.എ.എസ് പെന്‍ഷണര്‍ സ്വന്തം പത്രം ഇറക്കുന്നുണ്ട്. ഒരിക്കല്‍ ഞങ്ങള്‍ ആ പത്രത്തെപ്പറ്റി സംസാരിച്ചു. എന്തിനാണ് ഇങ്ങനെ ഒരു പത്രം? പ്രധാനമായും സ്വന്തം ആശയങ്ങള്‍ പ്രകാശിപ്പിക്കാനുള്ള ഉപാധി എന്നതാണ് അദ്ദേഹത്തിന്‍െറ ന്യായം. തന്‍െറ ലേഖനങ്ങള്‍ എല്ലാം മറ്റുള്ളവര്‍ പ്രസിദ്ധീകരിക്കുന്നില്ല. ചിലതാകട്ടെ പത്രാധിപര്‍ക്കുള്ള കത്തായി ചുരുക്കപ്പെടുന്നു. സ്വന്തം പത്രം ആവുമ്പോള്‍ ജഗന്നാഥപ്പണിക്കര്‍ ‘ഈനാട്’ നടത്തിയതു പോലെ പത്രത്തില്‍ പാതി മുഖപ്രസംഗമായാലും ആരുണ്ടിവിടെ ചോദിക്കാന്‍. അപ്പോള്‍ സാമ്പത്തികാവസ്ഥയോ? ‘അത് ഒട്ടുമുക്കാലും പരസ്യങ്ങള്‍കൊണ്ട് നടന്നുപോകും; പോരാത്തതിന് ഇപ്പോള്‍ നല്ല പെന്‍ഷനല്ലേ’ എന്നായിരുന്നു മറുപടി.
കോവളം ചന്ദ്രനെക്കൊണ്ടും ഐ.എ.എസ് കാരനെക്കൊണ്ടും പൊതുസമൂഹത്തിന് വലിയ ഏനക്കേടില്ല. പൊതുധാരാപത്രമായി അസ്തിത്വം ഉറപ്പിക്കാന്‍ പത്രങ്ങള്‍ ശ്രമിക്കേണ്ടിവരുമ്പോഴാണ് നാം വായനക്കാര്‍ വില കൊടുക്കേണ്ടിവരുന്നത്. വാര്‍ത്താചാനലുകളുടെ കാര്യമെടുത്താല്‍ മുത്തശ്ശിമാരോ വ്യക്തമായി മുന്നില്‍നില്‍ക്കുന്ന അവസ്ഥ നേടിയവരോ ഇല്ലാത്തതിനാല്‍ ഈ വില കൂടുതല്‍ കനത്തതാവുന്നു.
നവമാധ്യമങ്ങളെന്ന് പറയുമ്പോള്‍ പ്രധാനമായും ടെലിവിഷന്‍ തന്നെയാണ് മനസ്സില്‍ വരേണ്ടത്. റേഡിയോ സാമാന്യം പഴയതാണ്. മാത്രമല്ല, ആകാശവാണി സര്‍ക്കാറുടമസ്ഥതയില്‍ ഉള്ളതാകയാല്‍ ദൂരദര്‍ശന്‍ പോലെ സ്വകാര്യമേഖലയില്‍നിന്ന് വ്യതിരിക്തമായി വിലയിരുത്തപ്പെടേണ്ടതുമാണ്. എഫ്.എം ചാനലുകളുടെ വ്യാപ്തി പ്രാദേശികവും അതുകൊണ്ടുതന്നെ പരിമിതവുമാണ്. പിന്നെയുള്ളത് സോഷ്യല്‍ നെറ്റ്വര്‍ക് എന്നറിയപ്പെടുന്ന ഫേസ്ബുക് തുടങ്ങിയവയാണ്. അവയും പരിമിതമായ ഒരു വിഹാരരംഗത്തെയാണ് അടയാളപ്പെടുത്തുന്നത്.
ടെലിവിഷന്‍ ചാനലുകളിലെ വിനോദപ്രധാനമായ ചാനലുകളെക്കുറിച്ച് പറയാം ആദ്യം. പണ്ട് കൊട്ടകയില്‍ പോയി പടം കണ്ടിരുന്നവരെയാണ് ചലച്ചിത്രങ്ങള്‍ സ്വാധീനിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ വിനോദം പടികടന്ന് അകത്തുകയറി എല്ലാവരെയും സ്വാധീനിക്കുന്നു എന്നതാണവസ്ഥ. നമ്മുടെ ചലച്ചിത്രങ്ങള്‍ക്കും സീരിയലുകള്‍ക്കും സ്ക്രിപ്റ്റെഴുതുന്നവര്‍ തങ്ങളറിയാതെയായാലും ഭാഷയെ ദുരുപയോഗപ്പെടുത്തുകയും സംസ്കാരത്തെ അപചയപാതയില്‍ നയിക്കുകയും ചെയ്യുന്നു. റാസ്കല്‍, ബ്ളഡി ഫൂള്‍, ഇഡിയറ്റ്, ബാസ്റ്റാഡ് തുടങ്ങി ഒരു പത്തിരുപത്തഞ്ച് കൊല്ലം മുമ്പ് വിവരവും വിദ്യാഭ്യാസവും ഉള്ളവര്‍ ഉറക്കെ പറയാന്‍ മടിക്കുമായിരുന്ന പദങ്ങളുടെ ഉപയോഗം ഇന്ന് അതിസാധാരണമായിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രധാന കാരണം ഈ സ്ക്രിപ്റ്റുകള്‍ തന്നെ ആണ്. അച്ചടിയില്‍ ഇന്നും ഇവ കാണാറില്ല. പ്രവാസികളെയും കുറ്റപ്പെടുത്താനാവില്ല: സായിപ്പും ചീനനും ഒന്നും ഇത്തരം വാക്കുകള്‍ സാധാരണഗതിയില്‍ ഉപയോഗിക്കാറില്ല.
വാക്കുകളുടെ ഉപയോഗം മാത്രം അല്ല. കുടുംബജീവിതത്തില്‍ വിശ്വസ്തത വേണം എന്ന പൊതുനിയമം നിഷേധിക്കുന്നവയാണ് മിക്ക സീരിയലുകളും എന്ന് കേള്‍ക്കുന്നു. മോഹന്‍ലാലും മമ്മൂട്ടിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ നിയമം കൈയിലെടുക്കുന്നതിനെ കുറിച്ച് മറ്റെവിടെയോ ഞാന്‍ പറഞ്ഞിട്ടുള്ളത് തന്നെയാണ് സീരിയലുകള്‍ സൃഷ്ടിക്കുന്ന ഇത്തരം അപകടത്തെക്കുറിച്ച് പറയാനുള്ളതും. ഇതാണ് പ്രേക്ഷകര്‍ ആവശ്യപ്പെടുന്നത് എന്ന് പറയരുത്.
വാര്‍ത്താചാനലുകളുടെ കാര്യം ഇതിനെ അപേക്ഷിച്ച് കൂടുതല്‍ ഗുരുതരമാണ്. ഈ കൊച്ചുകേരളത്തില്‍ ഇത്രയധികം വാര്‍ത്താചാനലുകള്‍ വേണ്ടതില്ല എന്ന് പറയുന്നതില്‍ അര്‍ഥമില്ല. ഇന്ത്യാവിഷനില്‍നിന്ന് നികേഷ് വിട്ടുപോന്നത് സ്വന്തം സ്വപ്നങ്ങള്‍ക്കനുസൃതമായി ഒരു ചാനല്‍ രൂപപ്പെടുത്താനാണ്. മാതൃഭൂമിയും മാധ്യമവും ചാനലുകള്‍ തുടങ്ങുന്നത് തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്നവകാശപ്പെടുന്ന സംസ്കാരദീപികയുടെ പ്രകാശം നിലവിലുള്ള ചാനലുകള്‍ വേണ്ടത്ര ഉള്‍ക്കൊള്ളുന്നില്ല എന്ന അവബോധം കൊണ്ടാണ്. അതായത് ചാനലുകളുടെ സംഖ്യ പരിമിതപ്പെടുത്തുക എന്നത് ലക്ഷ്യമാവേണ്ടതില്ല. അവയുടെ ഉള്ളടക്കത്തെക്കുറിച്ചാണ് നാം ചിന്തിക്കേണ്ടത്.
ദേശീയവാര്‍ത്തകള്‍ക്കും വിദേശവാര്‍ത്തകള്‍ക്കും വേണ്ടത്ര പ്രാധാന്യം കൊടുത്തുകാണുന്നില്ല നാം. അതിലൊന്നും മലയാളിക്ക് താല്‍പര്യമില്ല എന്നുപറയരുത്. എന്‍െറ ബാല്യകാലത്ത് നാട്ടില്‍ ഒരേയൊരു കോപ്പിയായിരുന്നു. ‘മാതൃഭൂമി’ക്ക് ലഭിച്ചിരുന്നത്. അത് അച്ഛനും ഒരു സഹപ്രവര്‍ത്തകനും ചേര്‍ന്നാണ് വരുത്തിയിരുന്നത്. അന്ന് ഉച്ചക്ക് മുമ്പുതന്നെ കിട്ടുമായിരുന്ന തിരുവിതാംകൂര്‍-കൊച്ചി പത്രങ്ങളേക്കാള്‍ പിറ്റേന്നുകിട്ടുന്ന മാതൃഭൂമിയിലായിരുന്നു വിദേശവാര്‍ത്തകള്‍ കൂടുതല്‍. ആ നാട്ടിന്‍പുറത്ത് കൗതുകമുള്ള വിദ്യാര്‍ഥികള്‍ക്ക് പൊതുവിജ്ഞാനം വര്‍ധിപ്പിക്കാന്‍ അത് വഴിയൊരുക്കി. ഇന്ന് ഈ കാര്യത്തില്‍ പ്രധാനപത്രങ്ങള്‍ തമ്മില്‍ വലിയ ഭേദം ഒന്നും കാണ്‍മാനില്ല. അത് ‘മാതൃഭൂമി’ ആ പരിപാടി ഉപേക്ഷിച്ചതുകൊണ്ടല്ല, മറിച്ച് മറ്റുള്ളവര്‍ അത് പകര്‍ത്തിയതിനാലാണ്. വാര്‍ത്താചാനലുകള്‍ പഴയ ‘മാതൃഭൂമി’യെ അനുകരിക്കണം.
മൂന്നിലൊന്ന് സമയം വിദേശവാര്‍ത്തകള്‍ക്ക് നീക്കിവെക്കണം. അത് ഏതെങ്കിലും ഒരു ചാനല്‍ വിചാരിച്ചാല്‍ നടത്തിയെടുക്കാവുന്നതല്ല. എല്ലാ ചാനലുടമകളും ചേര്‍ന്ന് ഒരു തട്ടകം നിര്‍മിച്ചിട്ട് വേണം നടപടികള്‍ തുടങ്ങാന്‍. എല്ലായിടത്തും ലേഖകരെ വെക്കാനാവുകയില്ല. സ്വാഭാവികമായും വിദേശചാനലുകളുമായി കരാറുകള്‍ ഉണ്ടാകണം. വിദേശവാര്‍ത്തകള്‍ എല്ലാ ചാനലിലും ഒരുപോലെയാവില്ലേ എന്ന് ചോദിക്കാം. ശരി. എങ്കിലും അത് വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നതില്‍ വ്യക്തിമുദ്ര സന്നിവേശിപ്പിക്കാമല്ലോ. ഉദാഹരണം. ജോണ്‍ കെറിയുടെ സത്യപ്രതിജ്ഞ. വാര്‍ത്തയില്‍ ഭേദം ഉണ്ടാവുകയില്ല. എന്നാല്‍ അതിന്‍െറ പശ്ചാത്തലം, ഫലസ്തീന്‍ പ്രശ്നത്തെ അത് എങ്ങനെ സ്വാധീനിക്കും, ഇന്ത്യയിലെ ഐ.ടി വ്യവസായത്തെ അത് ബാധിക്കുമോ എന്നുതുടങ്ങി എന്തെല്ലാം വശങ്ങള്‍ കിടക്കുന്നു ചര്‍ച്ചചെയ്യാന്‍.
ഒരു മൂന്നിലൊന്ന് കേരളത്തിന് പുറത്തുനിന്നുള്ള ഭാരതീയവാര്‍ത്തകള്‍ക്കും മാറ്റണം. നമ്മുടെ ലോകം വലുതാവട്ടെ. വി.എസ് വിടുന്ന വാണങ്ങള്‍ക്ക് പിറകെ മാത്രം പോയാല്‍ മതിയോ മലയാളിയുടെ വിവരാന്വേഷണം?
വാര്‍ത്തകളിലെ സെന്‍സേഷനിസ്റ്റ് അവതരണരീതി കുറക്കാനും ഈ വൈവിധ്യം സഹായിക്കും. പരസ്യങ്ങളൊക്കെ വന്നുകൊള്ളും. സത്യത്തില്‍ അക്കാര്യത്തില്‍ പ്രശ്നം ലഭ്യതയല്ല, ത്യാജ്യാഗ്രാഹ്യവിവേചനമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഉപയോഗിച്ച് മുസ്ലിപവര്‍ പരസ്യംചെയ്യുന്ന നാട്ടില്‍ മാറ്റങ്ങള്‍ എളുപ്പമാവുകയില്ല. എങ്കിലും ഏലസും യന്ത്രവും മഷിനോട്ടവും ഒക്കെ പരസ്യത്തില്‍നിന്നുള്ള വരുമാനത്തിന് ചേരുവകളാകേണ്ട എന്നെങ്കിലും നിശ്ചയിക്കണം.
ഇതിനൊപ്പം പറയേണ്ട മറ്റൊരു സംഗതി മാധ്യമങ്ങള്‍ സമൂഹത്തെ സ്വാധീനിച്ച് അജണ്ട നിശ്ചയിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പലപ്പോഴും തങ്ങളുടെ മുന്‍വിധികളും പോപ്പുലിസ്റ്റ് സമീപനങ്ങളും നിര്‍ലജ്ജം വാര്‍ത്തകളാക്കുന്നതിന്‍െറ അസ്വീകാര്യതയാണ്. ടി.പി വധക്കേസിലായാലും സൂര്യനെല്ലിക്കേസിലായാലും മാധ്യമങ്ങള്‍ പക്ഷം പിടിക്കുന്നത് നീതിന്യായവ്യവസ്ഥയെ അട്ടിമറിച്ചേക്കാം എന്ന് മാധ്യമ കുലപതികള്‍ തിരിച്ചറിയാത്തതെന്ത്? നമ്മുടെ ബണ്ടിച്ചോറിനെ വലിയ ഹീറോ ആയി അവതരിപ്പിക്കുന്നതിലെ അപകടവും മാധ്യമങ്ങള്‍ തിരിച്ചറിയണം. എത്ര അപക്വമനസ്സുകളിലാണ് ഇത്തരം വാര്‍ത്താപ്രക്ഷേപണങ്ങള്‍ തിന്മയുടെ വിത്ത് വിതയ്ക്കുന്നത്. അമ്പതുകളിലും അറുപതുകളിലും കേരളത്തില്‍ ഇത്തരം മാധ്യമ പ്രവര്‍ത്തനം നടത്തിയിരുന്നത് ‘തനിനിറം’ എന്ന മാസിക ആയിരുന്നു. അന്ന് മാധ്യമകുലപതികള്‍ അതിനെ മഞ്ഞപ്പത്രം എന്നാണ് വിളിച്ചിരുന്നത്. അങ്ങനെ നോക്കിയാല്‍ നമ്മുടെ മാധ്യമരംഗം വര്‍ത്തമാനപ്പത്രങ്ങളും വാര്‍ത്താച്ചാനലുകളും ഇന്ന് ഒരു പീതമഹാസാഗരമായി മാറിയിരിക്കുന്നു. ഇത് ഒരു പരിവര്‍ത്തനകാലദൃശ്യമാണ് എന്നും ദീര്‍ഘായുസ്സുള്ളതല്ല ഇത്തരം മാധ്യമ പ്രവര്‍ത്തനം എന്നും വികസിതലോകത്തെ മാധ്യമങ്ങള്‍ പറഞ്ഞുതരുന്നു എന്നത് മാത്രമാണ് ഒരാശ്വാസം.
(തിരുവനന്തപുരം പ്രസ് ക്ളബ് ഹാളിലെ
ഒരു പ്രഭാഷണത്തില്‍നിന്ന് )


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus