സാമി യൂസഫ് പറയുന്നു; ‘ഹിഷാം, യു കേം ടു മീ’

സാമി യൂസഫ് പറയുന്നു; ‘ഹിഷാം, യു കേം ടു മീ’

ദുബൈ: മലയാളി യുവ ഗായകന്‍ ഹിഷാം അബ്ദുല്‍ വഹാബിന് ആദ്യം വിശ്വസിക്കാനായില്ല. മറുതലക്കല്‍ വിഖ്യാത സംഗീതജ്ഞന്‍ സാമി യൂസഫാണ്. തന്‍െറ റെക്കോര്‍ഡിങ് കമ്പനിയുമായി സഹകരിക്കുന്നോ എന്നാണ് ഫോണിലൂടെയുള്ള ചോദ്യം. അദ്ദേഹത്തിന്‍െറ മാനേജര്‍ നേരത്തേ ബന്ധപ്പെട്ടിരുന്നതിനാല്‍ സുഹൃത്തുക്കള്‍ കബളിപ്പിക്കുന്നതല്ലെന്ന് ഉറപ്പായി. അപ്പോള്‍ തന്നെ സമ്മതവും മൂളി. അങ്ങനെ അത് സംഭവിക്കുകയാണ്. റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ ഹിഷാമിന്‍െറ ബഹുഭാഷാ സംഗീത ആല്‍ബം ഉടന്‍ പുറത്തിറങ്ങും. ഇസ്ലാമിന്‍െറ സ്നേഹവും സമാധാനവും സന്ദേശമാകുന്ന ഗാനങ്ങളിലൂടെ ലോക പ്രശസ്തനായ ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ സാമി യൂസഫിന്‍െറ ഉടമസ്ഥതയിലുള്ള ‘അന്‍ദാന്‍റ്റെ റെക്കോര്‍ഡ്സ്’ ആണ് ആല്‍ബം നിര്‍മിക്കുന്നത്. അതിലെ ഒരു ഗാനത്തിന് താന്‍ സംഗീതവും പകരുമെന്ന് ‘ഗള്‍ഫ് മാധ്യമ’ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സാമി യൂസഫ് പറഞ്ഞു. ബാക്കി ഗാനങ്ങള്‍ക്ക് ഹിഷാം സംഗീതമൊരുക്കും.
സാമി ഈണമൊരുക്കുന്ന പാട്ടിന് സംസ്ഥാന അവാര്‍ഡ് ജേതാവ് റഫീഖ് അഹമ്മദ് വരികളെഴുതും. മലയാള സംഗീത ലോകത്തിന് അഭിമാനിക്കാനായി കാലം കാത്തുവെച്ച ഈ കൂട്ടായ്മക്ക് നിമിത്തമായത് സോഷ്യല്‍ മീഡിയയാണ്. ഒരു ടി.വി. റിയാലിറ്റി ഷോയില്‍ ഹിഷാം സാമിയുടെ ‘യു കേം ടു മീ’ എന്ന ഗാനം ആലപിച്ചിരുന്നു. വീട്ടുകാരും സുഹൃത്തുക്കളും നിര്‍ബന്ധിച്ചപ്പോള്‍ അതിന്‍െറ വീഡിയോ സാമിയുടെ ഔദ്യാഗിക ഫേസ്ബുക്ക് പേജില്‍ ഹിഷാം ഷെയര്‍ ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട സാമിയുടെ ടീം അത് റീ ഷെയര്‍ ചെയ്യുകയും ഹിഷാമുമായി ബന്ധപ്പെടുകയുമായിരുന്നു.
ഹിഷാം അനുഗ്രഹീത ഗായകനാണന്ന് സാക്ഷ്യപ്പെടുത്തുന്നു സാമി യൂസഫ്. ‘ഇന്ത്യക്കകത്തും പുറത്തും അറിയപ്പെടാനുള്ള കഴിവ് ഹിഷാമിനുണ്ട്. അവനെ കാണുമ്പോള്‍ എന്‍െറ ഇരുപതുകള്‍ ഓര്‍മ വരുന്നു. ഹൃദയത്തില്‍ നിന്നാണ് അവന്‍ പാടുന്നതെന്ന് ‘യു കേം ടു മീ’ കേട്ടപ്പോള്‍ തോന്നി. ആ പാട്ടുപോലെ തന്നെ ഹിഷാം എന്നിലേക്ക് എത്തുകയായിരുന്നു’- സാമി പറഞ്ഞു. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സാമി മാഞ്ചസ്റ്റര്‍ സ്വദേശി ടോം റോബിന്‍സണിന്‍െറ ആല്‍ബവും ഇറക്കുന്നുണ്ട്. ഖത്തറിലെ മലയാളി ബാല ഗായകന്‍ നാദിര്‍ അബ്ദുസ്സലാമിന് തനിക്കൊപ്പം സ്റ്റേജ് പങ്കിടാനുള്ള അവസരവും മുമ്പ് നല്‍കിയിരുന്നു.
മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ളീഷ് ഭാഷകളില്‍ പത്ത് ഗാനങ്ങളടങ്ങുന്ന അല്‍ബമാണ് ഹിഷാമിന്‍േറത്. ഏഴ് പാട്ടുകള്‍ ഇതിനകം പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ കമ്പോസിങ് പുരോഗമിക്കുന്നു. സാമിയുടെ ഈണത്തിന് റഫീഖ് അഹമ്മദ് വരികളെഴുതി പിറക്കുന്ന ഗാനത്തിന്‍െറ അറബിക്, ഉറുദു, ഹിന്ദി വകഭേദങ്ങളും പരിഗണനയിലുണ്ട്. പാകിസ്താനിയായ ഫയസ് ചൗധരിയാണ് ഹിന്ദി, ഉറുദു ഗാനങ്ങളെഴുതുന്നത്. ഇംഗ്ളീഷ് ഗാനം രചിച്ചിരിക്കുന്നത് ഹിഷാമിന്‍െറ സഹോദരനും റിയാദില്‍ പ്ളസ് ടു വിദ്യാര്‍ഥിയുമായ ഷിയാസ് ആണ്.
‘മലയാളികള്‍ ഇപ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നത് സിനിമാ സംഗീതത്തിനാണ്. സിനിമയില്‍ പാടുന്നില്ലേ എന്നാണ് കാണുമ്പോള്‍ ചോദിക്കുക. മറ്റ് സംഗീതധാരകളും നമ്മുടെ സംസ്കാരത്തിലും പാരമ്പര്യത്തിലുമുണ്ടെന്ന് മനസ്സിലാക്കി കൊടുക്കാനുള്ള എളിയ ശ്രമമാണ് ഈ ആല്‍ബം. സംഗീത സംസ്കാരത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമമാണിത്’- ഹിഷാം പറയുന്നു.
റിയാദില്‍ അക്കൗണ്ടന്‍റായ ആലപ്പുഴ സ്വദേശി അബ്ദുല്‍ വഹാബിന്‍െറ മകനാണ് ഹിഷാം. റിയാദ് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ളിക് സ്കൂളില്‍ മലയാളം അധ്യാപികയായ ഉമ്മ ഷക്കീല വഹാബ് മലയാളി സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും എഴുത്തുകാരിയുമാണ്. ട്രാഫിക്, ട്രെയ്ന്‍ എന്നീ സിനിമകളിലും ഒരു മാപ്പിളപ്പാട്ട് ആല്‍ബത്തിലും പാടിയിട്ടുള്ള ഹിഷാം ദുബൈയിലെ എസ്.എ.ഇ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സൗണ്ട് എന്‍ജിനീയറിങില്‍ ബിരുദം നേടിയിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus