അതിശയോക്തി വാര്‍ത്തകള്‍ സൗദി തൊഴില്‍മന്ത്രാലയം നിഷേധിക്കുന്നു

അതിശയോക്തി വാര്‍ത്തകള്‍ സൗദി തൊഴില്‍മന്ത്രാലയം നിഷേധിക്കുന്നു

ജിദ്ദ: നിതാഖാത് തൊഴില്‍നിയമ നിയന്ത്രണത്തിന്‍െറയും അനധികൃത തൊഴില്‍നിരോധത്തിന്‍െറയും ഭാഗമായി നടക്കുന്ന പരിശോധനയെക്കുറിച്ച് പ്രചരിക്കുന്ന അതിശയോക്തി വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് തൊഴില്‍കാര്യ സഹമന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി. സ്കൂളുകളിലും ആശുപത്രികളിലും പരിശോധന നടക്കുന്നുവെന്നും പരിശോധനക്കെത്തുന്നവര്‍ ഇഖാമ വാങ്ങി കീറിക്കളയുന്നുവെന്നുമൊക്കെ കിംവദന്തി പ്രചരിക്കുന്നുണ്ടെന്നും ഇത് വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത ജീവനക്കാരെ തേടി സ്കൂളുകളിലും മറ്റും പരിശോധനാസംഘങ്ങള്‍ കയറിയിറങ്ങുന്നു എന്ന പ്രചാരണത്തിന്‍െറ ഫലമായി നിരവധി സ്കൂളുകള്‍ പരീക്ഷ കഴിഞ്ഞ് തുറക്കുന്നത് നീട്ടിവെക്കുകയും തുറന്ന സ്കൂളുകളില്‍ ചിലത് താല്‍ക്കാലിക അവധി നല്‍കുകയും ചെയ്തിരുന്നു. അധ്യാപകരിലും ജീവനക്കാരിലും പലരും ജോലിക്കെത്താന്‍ മടിക്കുന്നത് സ്കൂളുകളുടെ പ്രവര്‍ത്തനം മുടക്കുമെന്ന ആശങ്കയുയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.
അനധികൃത തൊഴില്‍നിരോധം കര്‍ശനമായി നടപ്പാക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്‍െറയും നിതാഖാത്തിന്‍െറയും ഭാഗമായി പരിശോധന നടക്കുന്നുണ്ട്. ആഭ്യന്തരമന്ത്രാലയവുമായി ചേര്‍ന്ന് നടത്തുന്ന പരിശോധന കൃത്യമായ നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിലാണ്. പരിശോധനയില്‍ പിടിക്കപ്പെടുന്നവരുടെ പേരില്‍ മന്ത്രിസഭാ തീരുമാനത്തിന്‍െറ അടിസ്ഥാനത്തിലുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. ഈ പരിശോധന പതിവായി നടന്നുവരുന്നതാണ്്. മന്ത്രാലയത്തിന്‍െറ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരുടെ പക്കല്‍ ഔദ്യാഗിക തിരിച്ചറിയല്‍ കാര്‍ഡുണ്ടാകും. പരിശോധനക്കെത്തുന്ന സ്ഥാപനങ്ങളില്‍ അവര്‍ അത് കാണിക്കണമെന്നാണ് വ്യവസ്ഥയെന്നും ഹഖ്ബാനി വ്യക്തമാക്കി. തൊഴില്‍മന്ത്രാലയം കൊണ്ടുവന്ന നിയന്ത്രണങ്ങളും നിയമങ്ങളും അംഗീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുന$ക്രമീകരിക്കാന്‍ അദ്ദേഹം സ്ഥാപന ഉടമകളോട് അഭ്യര്‍ഥിച്ചു.
റിയാദിന്‍െറയും ജിദ്ദയുടെയും ചില ഭാഗങ്ങളില്‍ തിങ്കളാഴ്ച വിദേശിതൊഴിലാളികളുടെ റസിഡന്‍റ് പെര്‍മിറ്റ് പരിശോധന നടന്നു. സ്ഥാപനങ്ങളിലെത്തിയ പരിശോധകസംഘങ്ങള്‍ ജീവനക്കാരുടെ വിവരങ്ങള്‍ ആരായുകയും നിയമാനുസൃത വിസയിലുള്ളവരാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയായിരുന്നു. റിയാദിലും ദക്ഷിണ സൗദിയിലെ അസീര്‍ പ്രവിശ്യയിലും ആഫ്രിക്കക്കാരും യമനികളുമായ ചിലരെ മതിയായ രേഖയില്ലാത്തതിന്‍െറ പേരില്‍ അറസ്റ്റു ചെയ്തതായി പ്രാദേശികമാധ്യമങ്ങള്‍ അറിയിച്ചു. റിയാദ്, ജിദ്ദ, ദമ്മാം, ഖമീസ് തുടങ്ങിയ പ്രധാന പ്രവിശ്യകളില്‍ നിന്നൊന്നും തിങ്കളാഴ്ചയും മലയാളികളെ പിടികൂടിയതായ സ്ഥിരീകരിക്കപ്പെട്ട വിവരമൊന്നുമില്ല.

തൊഴില്‍നിയമ ഭേദഗതി വിപണിയെ ബാധിച്ചുതുടങ്ങി
ജിദ്ദ: സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയ പുതിയ തൊഴില്‍നിയമ ഭേദഗതി വിപണിയെ പ്രതികൂലമായി ബാധിച്ചുതുടങ്ങി. സ്പോണ്‍സറുടെ കീഴിലല്ലാതെ ജോലിചെയ്യുന്നതിലുള്ള വിലക്ക് മൂലം വിപണിയില്‍നിന്ന് തൊഴിലാളികള്‍ പിന്മാറിതുടങ്ങിയതാണ് പ്രതിസന്ധിക്ക് കാരണം. ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ കയറ്റിറക്ക് ജോലിയിലേര്‍പ്പെട്ടിരുന്ന വലിയൊരുവിഭാഗം തൊഴിലാളികളെ പുതിയ നിയമത്തിന്‍െറ ഭാഗമായി തൊഴിലില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയാണ്. പോര്‍ട്ടിലെ ചരക്കുനീക്കത്തിന് കരാറെടുത്ത കമ്പനികള്‍ കയറ്റിറക്ക് ജോലിക്ക് പുറമെനിന്നുള്ള തൊഴിലാളികളെയാണ് വലിയൊരളവോളം ആശ്രയിച്ചിരുന്നത്. ഇത്തരം തൊഴിലാളികളുടെ എണ്ണം ഏതാണ്ട് 800 വരുമെന്ന് പോര്‍ട്ടിലെ കസ്റ്റംസ് ക്ളിയറന്‍സ് വിഭാഗം മേധാവി ഇബ്രാഹീം അല്‍ ഉഖൈലി പറഞ്ഞു. തൊഴിലാളികളുടെ ക്ഷാമം ശക്തിപ്പെട്ടതോടെ ചരക്ക് കയറ്റിറക്ക് നീക്കം തീര്‍ത്തും മന്ദീഭവിച്ചിരിക്കുകയാണ്. തൊഴിലാളി ക്ഷാമം മൂലം തുറമുഖ പ്രവര്‍ത്തനം മന്ദീഭവിക്കുന്നത് വിലക്കയറ്റത്തിന് വഴിവെക്കുമെന്ന് ജിദ്ദ ചേംബര്‍ വ്യാപാര സമിതി അധ്യക്ഷ നശ്വ താഹിര്‍ അഭിപ്രായപ്പെട്ടു. സ്വദേശികള്‍ക്ക് തൊഴിലെന്ന ഒറ്റക്കാര്യത്തില്‍ മാത്രം തീരുമാനമെടുക്കുന്ന തൊഴില്‍ മന്ത്രാലയം വിപണിയില്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. കരാര്‍കമ്പനികളുടെയും ഉപഭോക്താക്കളുടെയും അവകാശങ്ങള്‍ അതുവഴി സംരക്ഷിക്കപ്പെടാതെ പോകുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus