Mon, 04/01/2013 - 19:41 ( 2 years 27 weeksago)
ധോണി റെക്കോഡുകള്‍ക്കുവേണ്ടി കളിക്കുന്നയാളല്ല -കപില്‍
(+)(-) Font Size
ധോണി റെക്കോഡുകള്‍ക്കുവേണ്ടി കളിക്കുന്നയാളല്ല -കപില്‍

കൊല്‍ക്കത്ത: ഫുട്ബാള്‍ കളത്തില്‍ ആസ്വദിച്ച് പന്തുതട്ടുന്ന ഡീഗോ മറഡോണയെപ്പോലെയാണ് ക്രിക്കറ്റില്‍ മഹേന്ദ്ര സിങ് ധോണിയെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ്. റെക്കോഡുകള്‍ക്കു വേണ്ടി ബാറ്റുവീശാത്ത ധോണി, മികച്ച നായകനാണെന്നും കപില്‍ വിലയിരുത്തി. ആസ്ട്രേലിയക്കെതിരെ 4-0ത്തിന് പരമ്പര തൂത്തുവാരി ചരിത്രനേട്ടം കുറിച്ച ഇന്ത്യന്‍ ടീമിന്‍െറ പ്രകടനത്തെക്കുറിച്ചും കപില്‍ സംസാരിക്കുന്നു.

ആസ്ട്രേലിയയെ 4-0ത്തിന് കീഴടക്കി നമ്മള്‍ അതിരുകടന്ന് ആഹ്ളാദിക്കുകയല്ലേ? ആസ്ട്രേലിയന്‍ ടീമിന്‍െറ നിലവാരം ഏറെ മോശമായിരുന്നുവെന്നത് നമ്മള്‍ വിസ്മരിക്കുന്നു?
അത് കണക്കിലെടുക്കേണ്ടതില്ല. ആസ്ട്രേലിയ അണിനിരത്തിയത് അവരുടെ മികച്ച ടീമിനെത്തന്നെയാണ്. പ്രതിഭയില്ലാത്തവരോ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയാത്തവരോ അല്ല അവര്‍. എപ്പോഴാണ് ആസ്ട്രേലിയ അവസാനമായി ഇതുപോലെ നാലു ടെസ്റ്റില്‍ തുടരെ തോറ്റത്? അതുകൊണ്ട് ഇന്ത്യന്‍ ടീമിന് ഈ നേട്ടത്തിന്‍െറ ക്രെഡിറ്റ് പൂര്‍ണമായും നല്‍കുകയാണ് വേണ്ടത്. ആസ്ട്രേലിയ എതിര്‍നിരകള്‍ക്കുമേല്‍ ആധിപത്യം കാട്ടുന്ന ടീമായിരുന്നു. അത് അവസാനിച്ചുകഴിഞ്ഞു.

ഏതൊക്കെ കളിക്കാര്‍ മികച്ച പ്രകടനം നടത്തിയെന്നാണ് താങ്കളുടെ വിലയിരുത്തല്‍?
ചേതേശ്വര്‍ പുജാര, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജദേജ.... പുജാരക്ക് തന്‍െറ പരിമിതികളെക്കുറിച്ച് വ്യക്തമായറിയാം. അതിനുള്ളില്‍നിന്നാണ് അദ്ദേഹം മികച്ച കളി കാഴ്ചവെക്കുന്നത്. അശ്വിനാകട്ടെ, പിഴവുകളില്‍നിന്ന് പാഠമുള്‍ക്കൊള്ളുന്ന കളിക്കാരനാണ്. ഒരുപാടു കാര്യങ്ങള്‍ ഒരേ സമയം പരീക്ഷിക്കാന്‍ അശ്വിന്‍ മെനക്കെടാറില്ല. ബാറ്റിങ് ഓള്‍റൗണ്ടറെന്ന നിലയില്‍ ടീമിലെത്തിയ ജദേജ ബൗളിങ്ങില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

ഈ ഇന്ത്യന്‍ ടീമും കഴിഞ്ഞ കാലങ്ങളില്‍ വിജയങ്ങള്‍ വെട്ടിപ്പിടിച്ച ഇന്ത്യന്‍ ടീമുകളും തമ്മിലുള്ള ഒരു വ്യത്യാസം?
ഈ ടീം നാലു ടെസ്റ്റുകളടങ്ങിയ പരമ്പര തൂത്തുവാരി എന്നതുതന്നെ.

ഈ വിജയങ്ങളില്‍ ക്യാപ്റ്റന്‍  മഹേന്ദ്ര സിങ് ധോണിയുടെ മികവിനെക്കുറിച്ച്?
ഈ ചരിത്രനേട്ടം ടീംവര്‍ക്കിന്‍െറ വിജയമായിരുന്നു. എന്നാല്‍, പ്രാപ്തനായ നായകനും കഴിവുള്ള ബാറ്റ്സ്മാനുമാണ് താനെന്ന് ധോണി തെളിയിച്ചു. ചെന്നൈയിലെ ആദ്യടെസ്റ്റില്‍ ധോണി നേടിയ 224 റണ്‍സ് നിര്‍ണായകമായിരുന്നു. ടീമിന്‍െറ മൊത്തം ആത്മവിശ്വാസം ഉയര്‍ത്താന്‍ ആ ഇന്നിങ്സ് ഉപകരിച്ചു. പരമ്പരക്ക് തുടക്കമിട്ട മത്സരത്തിലെ നിര്‍ണായക വേളയിലായിരുന്നു ആ റണ്ണുകള്‍.
2003-04 സീസണില്‍ ബ്രിസ്ബെയ്നിലെ ഒന്നാം ടെസ്റ്റില്‍ സൗരവ് ഗാംഗുലി നേടിയ 144 റണ്‍സിനൊപ്പമാണ് ഞാന്‍ ഈ ഇന്നിങ്സ് ചേര്‍ത്തുവെക്കുക.

സീസണിന്‍െറ തുടക്കത്തില്‍ മറ്റുള്ളവര്‍ ധോണിയെ കടന്നാക്രമിച്ച സമയത്തും താങ്കള്‍ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. എന്തുകൊണ്ടാണത്?
ധോണിക്കു മേലുള്ള ‘ക്യാപ്റ്റന്‍ കൂള്‍’ ലേബല്‍ എനിക്കിഷ്ടമല്ല. നായകന്‍ എപ്പോഴും മുന്‍നിരയില്‍ കടന്നുവന്ന് എല്ലാറ്റിലും ഇടപെടുന്നയാളായിരിക്കണം. ആസ്ട്രേലിയക്കെതിരെ വ്യത്യസ്തനായ ക്യാപ്റ്റനായിരുന്നു ധോണി. അദ്ദേഹത്തിന്‍െറ ചില ബൗളിങ് ചെയ്ഞ്ചുകള്‍ എന്നെ അമ്പരപ്പിച്ചെങ്കിലും ആ ദിവസത്തിനൊടുവില്‍ വിലയിരുത്തുമ്പോള്‍ അതു നന്നായി ക്ളിക് ചെയ്തവയായിരുന്നു.  അതോടെ ആ തീരുമാനങ്ങളുടെ പേരില്‍ ക്യാപ്റ്റനെ ബഹുമാനിക്കേണ്ടിവരും.

ഇംഗ്ളണ്ടിനെതിരെ പരമ്പര 2-1ന് തോറ്റത് ധോണിയെയും സംഘത്തെയും ഒന്നിളക്കിയെന്ന് കരുതുന്നുണ്ടോ?
മറ്റുള്ളവരേക്കാളേറെ ധോണിയെ ഉണര്‍ത്താനുള്ള മുന്നറിയിപ്പായിരുന്നു അത്. സ്വന്തം കഴിവുകളെ വിലകുറച്ചുകാണുന്ന സ്വഭാവമായിരുന്നു ധോണിയുടേത്. ക്രിക്കറ്റര്‍മാര്‍ രണ്ടു തരത്തിലുണ്ട്. ഒരു കൂട്ടര്‍ ക്രിക്കറ്റിനു പുറത്തും മറ്റൊരു കരിയര്‍ കെട്ടിപ്പടുക്കാന്‍ വളരെയേറെ ആഗ്രഹിക്കുന്നവരാണ്. മറ്റുള്ളവര്‍ കളി പൂര്‍ണമായും ആസ്വദിച്ച് അതില്‍ മുഴുകിയിരിക്കുന്നവരാണ്. ധോണി കളി ആസ്വദിക്കുന്ന കൂട്ടത്തില്‍ പെട്ടയാളാണ്.

താങ്കളെപ്പോലെ?
തീര്‍ച്ചയായും അതെ. ധോണി റെക്കോഡുകള്‍ക്കുവേണ്ടി കളിക്കുന്നയാളല്ല. കളത്തിലിറങ്ങുന്നത് കളി ആസ്വദിക്കാനാണെന്ന തോന്നല്‍ മറഡോണ വലിയൊരളവില്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നിരുന്നു. ക്രിക്കറ്റില്‍ രണ്ടു വിഖ്യാത പേസ്ബൗളര്‍മാരെ  ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ കഴിയും- മൈക്കല്‍ ഹോള്‍ഡിങ്ങും വസീം അക്രവും. റിച്ചാഡ് ഹാഡ്ലി ഇതില്‍നിന്ന് വ്യത്യസ്തനായിരുന്നു.

റെക്കോഡുകള്‍ പ്രധാനമല്ല എന്നാണോ?
ആണ്. പക്ഷേ, അവയാണ് എല്ലാം എന്നു വരുന്നത് ശരിയല്ല.

ഇന്ത്യ വമ്പന്‍ ജയം കുറിച്ചത് സഹീര്‍ ഖാന്‍, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ് (അവസാന രണ്ട് ടെസ്റ്റുകളില്‍) എന്നിവരെ പുറത്തിരുത്തിയാണ്. സെവാഗിന് ഇനിയൊരു തിരിച്ചുവരവ് സാധ്യമാണോ?
സെവാഗിനും ഗംഭീറിനും തിരിച്ചുവരാന്‍ കഴിയും. അവര്‍ കഠിനാധ്വാനം ചെയ്യണമെന്നു മാത്രം. നെറ്റ്സില്‍ കൂടുതല്‍ സമയം ചെലവിടുകയും ആഭ്യന്തര മത്സരങ്ങളില്‍ മികവു കാട്ടുകയും വേണം. ആ വെല്ലുവിളി അവര്‍ സ്വീകരിക്കേണ്ടതുണ്ട്. ഒന്നിനെക്കുറിച്ചും ശ്രദ്ധയില്ലാത്തതുപോലെയാണ് സെവാഗ് ബാറ്റുവീശുന്നത്. ആ മനോഭാവം മാറണം.

സെവാഗിനോട് പറയാന്‍ താങ്കള്‍ ആഗ്രഹിക്കുന്ന കാര്യം എന്താണ്?
ഇന്ത്യക്കുവേണ്ടി കളിക്കാനുള്ള കഴിവ് സെവാഗില്‍ ഇപ്പോഴുമുണ്ട്. 2007-08ല്‍ വന്‍ തിരിച്ചുവരവ് നടത്തിയ സെവാഗിന് ഇപ്പോഴും അതിന് കഴിയും.

കോച്ച് ഡങ്കന്‍ ഫ്ളെച്ചറുടെ കാലാവധി ചര്‍ച്ചയൊന്നുംകൂടാതെ ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിച്ചുനല്‍കി. അതേക്കുറിച്ച് എന്തു പറയുന്നു?
ഈ ഘട്ടത്തില്‍ ഒരു കോച്ചിന് ഞാന്‍ അത്രയധികം സ്പേസ് ഒന്നും നല്‍കില്ല. കോച്ചിങ്ങിനേക്കാളുപരി ഇതൊരു മാന്‍ മാനേജ്മെന്‍റാണ്. ടീം നന്നായി കളിക്കുമ്പോള്‍ ഗാരി കേഴ്സ്റ്റന് കൂടുതല്‍ ക്രെഡിറ്റ് ഞാന്‍ കൊടുത്തിരുന്നില്ല. ടീം മോശമായി കളിക്കുമ്പോള്‍ ഫ്ളെച്ചറെ വല്ലാതെ വിമര്‍ശിച്ചിട്ടുമില്ല. വിരാട് കോഹ്ലിയെപ്പോലുള്ള ബാറ്റ്സ്മാന് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അയാള്‍ക്ക് എളുപ്പം സുനില്‍ ഗവാസ്കറെയോ രാഹുല്‍ ദ്രാവിഡിനെയോ ബന്ധപ്പെടാവുന്നതാണ്.

സചിന്‍ ടെണ്ടുല്‍കര്‍ സ്വന്തം മണ്ണില്‍ അവസാന ടെസ്റ്റ് കളിച്ചുകഴിഞ്ഞുവെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?
ഞാനിക്കാര്യത്തില്‍ ഒന്നും പറയാന്‍ പോകുന്നില്ല. അഞ്ചു വര്‍ഷം മുമ്പ് സചിന്‍ ഇന്ത്യയില്‍ അദ്ദേഹത്തിന്‍െറ അവസാന ടെസ്റ്റ് കളിക്കുകയാണെന്ന് ചിന്തിച്ചിരുന്നു ഞാന്‍!

ഇന്ത്യയുടെ അടുത്ത മൂന്നു ടെസ്റ്റ് പരമ്പരകള്‍ വിദേശത്താണ്. ഈ ടീമിന് അവിടെ മികവു കാട്ടാന്‍ കഴിയുമോ?
നോക്കൂ, ഒരു നല്ല ടീം എല്ലായിടത്തും നല്ല ടീമായിരിക്കും. നമ്മള്‍ പോസിറ്റിവ് ചിന്താഗതിയുമായി കരുത്ത് തെളിയിച്ച് മുന്നോട്ടുപോകണം.

അടുത്ത ക്യാപ്റ്റനെ വളര്‍ത്തിക്കൊണ്ടുവരാന്‍ സമയമായെന്ന് കരുതുന്നുണ്ടോ? വിരാട് കോഹ്ലി ആ സ്ഥാനത്തിന് യോജ്യനാണോ?
ധോണി ട്വന്‍റി20യില്‍നിന്ന് പിന്മാറി ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് എന്‍െറ അഭിപ്രായം. ട്വന്‍റി20യില്‍ കോഹ്ലിയെ നായകനാക്കാം.

ഏത് ക്യാപ്റ്റനാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ കൂടുതല്‍ മാറ്റം വരുത്തിയത്?
ക്രിക്കറ്റ് ഏറെ മാറിയതിനാല്‍ ഇതിന് ഉത്തരം പറയുക പ്രയാസമാണ്. സമീപകാലത്ത്, സൗരവ് ഗാംഗുലിയാണ് വിജയതൃഷ്ണ കൂടുതല്‍ പ്രകടിപ്പിച്ച നായകന്‍. നല്ല ടീമും അദ്ദേഹത്തിനുണ്ടായിരുന്നു. അതില്‍ ആറോ ഏഴോ പേര്‍ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമില്‍ ഇടംപിടിക്കാന്‍ കരുത്തുള്ളവരായിരുന്നു. അത്തരമൊരു ടീമിനെ കെട്ടിപ്പടുത്ത സൗരവിനു ഫുള്‍മാര്‍ക്ക് നല്‍കാം.

ടൈഗര്‍ പട്ടോഡി?
അദ്ദേഹം ക്യാപ്റ്റനായി ഞാന്‍ കണ്ടിട്ടില്ല. പക്ഷേ, ടൈഗര്‍ ക്രിക്കറ്റ് അങ്ങേയറ്റം ആസ്വദിച്ചിരുന്നു എന്നെനിക്കറിയാം. എന്തെങ്കിലും തെളിയിക്കാന്‍ വേണ്ടിയല്ല അദ്ദേഹം കളിച്ചിരുന്നത്.

ഇന്ത്യയെ ആദ്യമായി ലോകകപ്പ് നേട്ടത്തിലേക്ക് നയിച്ചയാളാണ് താങ്കള്‍. എന്നാല്‍, ടെസ്റ്റില്‍ ഉയര്‍ന്ന വിജയനിരക്ക് സ്വന്തമാക്കാന്‍ കഴിയാതെ പോയതിന് കാരണം?
20 വിക്കറ്റ് വീഴ്ത്താന്‍ കഴിയുന്നൊരു ബൗളര്‍ എനിക്കൊപ്പം ഇല്ലായിരുന്നുവെന്നതാണ് അതിന് കാരണം. 1980കളില്‍ രണ്ടു ഘട്ടങ്ങളിലായി ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍, ഒരു സമനില തന്നെ വിജയമായിരുന്നുവെന്ന വ്യത്യസ്തമായ മന$സ്ഥിതിയായിരുന്നു ഞങ്ങള്‍ക്ക്.

കുറച്ചു മാസങ്ങള്‍ക്കകം, 1983 ലോകകപ്പ് വിജയത്തിന്‍െറ 30ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ഞങ്ങള്‍. തിരിഞ്ഞുനോക്കുമ്പോള്‍, ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച ആ വിജയത്തെക്കുറിച്ച് എന്തു തോന്നുന്നു?
ആ വിജയം ചരിത്രമാണ്. ചരിത്രമാകട്ടെ, മറക്കാനാവാത്തതും. നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടിയായിരുന്നു ’83ലെ വിജയം. അങ്ങനെയാണ് ഞാന്‍ അതിനെ കാണുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus