12:30:26
02 Sep 2015
Wednesday
Facebook
Google Plus
Twitter
Rssfeed

ബി.ജെ.പി ദേശീയ നേതൃസമിതി പുനഃസംഘടന: ക്രിമിനലുകളും തീപ്പൊരികളും നേതൃനിരയിലേക്ക്

ബി.ജെ.പി ദേശീയ നേതൃസമിതി പുനഃസംഘടന: ക്രിമിനലുകളും തീപ്പൊരികളും  നേതൃനിരയിലേക്ക്

ന്യൂദല്‍ഹി: നരേന്ദ്രമോഡിയുടെ ഗുജറാത്തിലെ ഏകാധിപത്യ ഹിന്ദുത്വഭരണം ദേശീയതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ക്രിമിനലുകളെയും വര്‍ഗീയ വിഷം ചുരത്തുന്ന തീപ്പൊരി പ്രസംഗകരെയും ബി.ജെ.പി ദേശീയ നേതൃസ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നു. മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വലംകൈയും ഗുജറാത്തിലെ മുന്‍ ആഭ്യന്തര മന്ത്രിയുമായ അമിത്ഷാ വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ കൊലപാതകക്കുറ്റം ചുമത്തപ്പെട്ട ക്രിമിനലായിരിക്കെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയായി മാറി.

വിചാരണക്കിടയില്‍ സുപ്രീംകോടതിയില്‍നിന്ന് ജാമ്യത്തിലിറക്കി ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രത്യേക താല്‍പര്യമെടുത്ത് മത്സരിപ്പിച്ച പാഴ്സി മതക്കാരനായ അമിത് ഷായെ മോഡിക്ക് വേണ്ടിയാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്‍െറ ആശീര്‍വാദത്തോടെ അഖിലേന്ത്യാ പ്രസിഡന്‍റ് രാജ്നാഥ് സിങ് ദേശീയ ജനറല്‍ സെക്രട്ടറിയാക്കിയത്. സൊഹ്റാബുദ്ദീന്‍-കൗസര്‍ബി ദമ്പതികളെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയതിന് അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്നതിനിടയിലാണ് 2006ല്‍ നടന്ന തുളസീറാം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകക്കേസിലും അമിത് ഷായെ പ്രതി ചേര്‍ത്തത്. സൊഹ്റാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും വ്യാജ ഏറ്റുമുട്ടലില്‍ ഗുജറാത്ത·് പൊലീസ് കൊലപ്പെടുത്തിയ സംഭവത്തിന് ദൃക്സാക്ഷിയായിരുന്ന തുളസീറാം പ്രജാപതിയെയും പിന്നീട് വ്യാജ ഏറ്റുമുട്ടലുണ്ടാക്കി ഗുജറാത്ത് പൊലീസ് കൊലപ്പെടുത്തുകയായിരുന്നു.
സൊഹ്റാബുദ്ദീന്‍-കൗസര്‍ബി ഏറ്റുമുട്ടല്‍ കേസില്‍ ജാമ്യത്തില്‍ വിട്ടപ്പോള്‍ കേസുകളിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗുജറാത്തില്‍ പ്രവേശിക്കരുതെന്ന് സുപ്രീംകോടതി അമിത്ഷായോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ജസ്റ്റിസ് ആഫ്താബ് ആലമിന്‍െറ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് വിലക്ക് നീക്കിക്കൊടുത്തു.

ഇതേതുടര്‍ന്നാണ് അമിത് ഷാ മത്സരിച്ച് ജയിച്ചത്. അതേസമയം, ഗുജറാത്ത് പൊലീസ് നടത്തിയ 22 ‘ഭീകര’ ഏറ്റുമുട്ടലുകള്‍ വ്യാജമാണോയെന്ന് അന്വേഷിക്കാന്‍ സുപ്രീംകോടതി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ഭീകരരെന്ന് ആരോപിച്ച് ഗുജറാത്ത് പൊലീസ് പലരെയും പിടികൂടുകയും കൊലപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി എച്ച്.എസ്. ബേദിയുടെ നേതൃത്വത്തിലുള്ള സംഘത്തെ സുപ്രീംകോടതി അന്വേഷണത്തിന് നിയോഗിച്ചത്.

വര്‍ഗീയ പ്രസംഗം നടത്തിയ കേസില്‍ കുടുങ്ങിയ വരുണ്‍ ഗാന്ധിയെയും ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറിയാക്കി മാറ്റി. ബാബരി ധ്വംസനക്കേസില്‍ പ്രതിയായിരുന്ന ഹിന്ദുത്വ തീപ്പൊരി ഉമാഭാരതിയെ ഉപാധ്യക്ഷയാക്കിയും നേതൃനിരയില്‍ തീവ്രവാദികളുടെ ക്വോട്ട തികച്ചു.

ബി.ജെ.പിയെ മോഡി നയിക്കണം -രാംദേവ്
ജയ്പൂര്‍: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി നയിക്കണമെന്ന് യോഗ ഗുരു ബാബാ രാംദേവ്. അധികാരത്തില്‍ തിരിച്ചെത്താന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുവെങ്കില്‍ പാര്‍ട്ടിയുടെ മുന്‍ഗണനാ ക്രമത്തില്‍ മാറ്റം ആവശ്യമാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സാധ്യതകളുണ്ട്. അത് ഫലപ്രദമായി ഉപയോഗിച്ചെങ്കില്‍ മാത്രമേ വിജയിക്കാനാവൂ. ജനവിരുദ്ധ നയങ്ങള്‍ കാരണം കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ ഭരണത്തില്‍ തിരിച്ചെത്തില്ല -വാര്‍ത്താസമ്മേളനത്തില്‍ രാംദേവ് പറഞ്ഞു. വികസനത്തിന്‍െറയും ധീരതയുടെയും പ്രതീകമായി വളര്‍ന്നുവരുന്ന നേതാവാണ് മോഡി. അഴിമതി പുരളാത്ത അദ്ദേഹത്തിന്‍െറ വ്യക്തിത്വം ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്താനുള്ള അന്തിമ തീരുമാനം ബി.ജെ.പിയുടെയും സംഘ് സംഘടനകളുടെയും കൈകളിലാണ് -മോഡിയെ വാഴ്ത്തിക്കൊണ്ട് രാംദേവ് പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus