12:30:26
09 Oct 2015
Friday
Facebook
Google Plus
Twitter
Rssfeed

കേരളത്തില്‍ സൈബര്‍ അടിയന്തരാവസ്ഥ?

വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളെയും ദുരുപയോഗത്തെയും തുടര്‍ന്ന് സുപ്രീകോടതി ഒരു പൊതുതാല്‍പര്യ ഹരജിയില്‍ പുന$പരിശോധിച്ചുകൊണ്ടിരിക്കുന്ന ഐ.ടി നിയമത്തിലെ 66 എ വകുപ്പ് കേരളത്തില്‍ പിന്നെയും തലങ്ങും വിലങ്ങും പൊലീസ് എടുത്തുപയോഗിക്കുന്നു. ആയിരത്തിലേറെ പേര്‍ക്കെതിരെ ഇന്ന് കേസ് നിലവിലുണ്ട്. രാഷ്ട്രീയക്കാരും മതനേതാക്കളുമാണ് പരാതിക്കാര്‍.
മുംബൈയില്‍ ബാല്‍ താക്കറെയുടെ മരണത്തില്‍ അനുശോചിച്ച് ബന്ദ് ആചരിച്ചതിനെതിരെ ഫേസ്ബുക്കില്‍ കമന്‍െറഴുതിയതിന് രണ്ടു പെണ്‍കുട്ടികള്‍ക്കെതിരെ ഈ കിരാതവകുപ്പുപയോഗിച്ച് നടപടി എടുത്തതിനെ തുടര്‍ന്നുണ്ടായ ജനരോഷം ശമിപ്പിക്കാന്‍, ഈ നിയമം നടപ്പാക്കുമ്പോള്‍ നിയന്ത്രണം പാലിക്കണമെന്നും, ഇത്തരം പരാതികളിന്മേല്‍ കേസ് എടുക്കുന്നതിനുമുമ്പ് ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
ഫേസ്ബുക്കിലോ ട്വിറ്ററിലോ ബ്ളോഗിലോ വന്ന കമന്‍േറാ കുറിപ്പോ ലേഖനമോ തനിക്ക് ‘അസ്യാസ്ഥ്യം ഉണ്ടാക്കുന്നു’ (causing annoyance) എന്ന് ആരെങ്കിലും ഒരു പരാതി മെയില്‍ ചെയ്താലുടന്‍ അത്, ‘ലൈക്’ ചെയ്തവരെയും ഷെയര്‍ ചെയ്തവരെയുമടക്കം കേസില്‍ പ്രതിയാക്കി രസിക്കുകയാണ് നമ്മുടെ സൈബര്‍ പൊലീസ്. മറ്റു മാധ്യമങ്ങളില്‍ മാനഹാനിയുണ്ടാക്കുന്ന ലേഖനങ്ങളോ പ്രസ്താവനകളോ വന്നാല്‍ അത് പിന്‍വലിക്കാനാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയക്കണം. അതിന്‍െറ മറുപടി തൃപ്തികരമല്ലെങ്കിലോ, അപകീര്‍ത്തികരമായ ഭാഗം പിന്‍വലിക്കുന്നില്ലെങ്കിലോ മജിസ്ട്രേറ്റ് കോടതിയില്‍ മാനനഷ്ടത്തിനായി സിവില്‍/ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യാമെന്നാണ് ചട്ടം. അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ വരുന്ന വിമര്‍ശങ്ങള്‍ പലപ്പോഴും പരിധി വിടുന്നതാണെങ്കില്‍ കൂടി, അവഗണിക്കുകയാണ് പതിവ്. ജനാധിപത്യത്തില്‍ അന്തിമ വിധികര്‍ത്താക്കള്‍ എപ്പോഴും ജനങ്ങളാണെന്ന് പൊതുപ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം.
പക്ഷേ, നവമാധ്യമങ്ങളുടെ (സോഷ്യല്‍ മീഡിയകളും മറ്റും)കാര്യം വരുമ്പോള്‍ നമ്മുടെ പൊതുപ്രവര്‍ത്തകര്‍ക്കും മത സാമൂഹിക നേതാക്കള്‍ക്കും സമനിലതെറ്റും. തങ്ങള്‍ക്കെതിരെ സൃഷ്ടിപരമായ വിമര്‍ശങ്ങള്‍പോലും അവര്‍ സഹിക്കില്ല. നവമാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായി 2000 ഒക്ടോബറില്‍ നിലവില്‍ വന്നതും 2009 ഒക്ടോബറില്‍ വിവാദ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ശക്തിപ്പെടുത്തിയതുമായ ഐ.ടി ആക്ടിലെ 66 എ വകുപ്പ് പ്രയോഗിക്കണമെന്ന് അവര്‍ വാശിപിടിക്കുന്നു. അതിന്‍െറ ഫലമോ? കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും ഭീകരതയും തുടരുന്നു. മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ പരാതിയില്‍ പൊലീസ് 150 പേര്‍ക്കെതിരെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് കേസെടുത്തിരിക്കുന്നത്.
സൈബര്‍ നിയമം ഉണ്ടാക്കിയ, ലോകത്തെ 12ാമത്തെ രാജ്യമാണ് ഇന്ത്യ. എന്താണ് സൈബര്‍ ക്രൈം എന്ന് വ്യക്തമായി നിര്‍വചിക്കാത്തതാണ് ഈ നിയമത്തിന്‍െറ മുഖ്യന്യൂനത. നിയമം നിലവില്‍ വന്നയുടന്‍ അതിന്‍െറ ‘രുചി’ അറിഞ്ഞയാളായിരുന്നു പ്രമുഖ ബ്ളോഗറായ ചിത്രകാരന്‍ മുരളി. 2008 ഡിസംബറില്‍, കേരളത്തിലെ സൈബര്‍ പൊലീസ്, ഒരുപക്ഷേ ഇന്ത്യയിലാദ്യമായി, സൈബര്‍ ലോകത്തെ അഭിപ്രായസ്വാതന്ത്ര്യത്തിനുമേല്‍ ഈ നിയമം പ്രയോഗിച്ച് മറ്റുള്ളവര്‍ക്ക് ‘മാതൃക’ കാട്ടി. ചിത്രകാരന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. പരസ്യ ഏജന്‍സി നടത്തുന്ന അദ്ദേഹത്തിന്‍െറ കണ്ണൂരിലെ ഓഫിസില്‍നിന്ന് ‘കുറ്റകൃത്യത്തിന്’ ഉപയോഗിച്ചതായി ആരോപിക്കപ്പെട്ട കമ്പ്യൂട്ടറിന്‍െറ ഹാര്‍ഡ്ഡിസ്ക് അവര്‍ പിടിച്ചെടുത്തു. കേസിപ്പോഴും നടക്കുകയാണ്. പിന്നീട്, സൈബര്‍ പൊലീസിന്‍െറ തലപ്പത്ത് അവരോധിക്കപ്പെട്ട ടോമിന്‍ തച്ചങ്കരിയുടെ കാലത്ത് തേര്‍വാഴ്ചയായിരുന്നു. തമാശകളും കാര്‍ട്ടൂണുകളും ഇ-മെയിലില്‍ സുഹൃത്തുക്കള്‍ക്ക് ഫോര്‍വേഡ് ചെയ്തവര്‍വരെ നിര്‍ദാക്ഷിണ്യം കൈകാര്യം ചെയ്യപ്പെട്ടു.
ബ്ളോഗിലോ ഫേസ്ബുക്കിലോ ഏതെങ്കിലും രാഷ്ട്രീയ മതനേതാവിനെയോ സാമൂഹിക അനാചാരത്തെയോ വിമര്‍ശിച്ചാല്‍ സൈബര്‍ പൊലീസ് ഒരുപക്ഷേ നിങ്ങളുടെ കതകില്‍ മുട്ടിവിളിച്ചേക്കാം. അസഹിഷ്ണുതയും വൈരവും കൈമുതലാക്കിയ ചില രാഷ്ട്രീയ മത നേതാക്കളും സംഘടനകളും പൊലീസുമായി ചേര്‍ന്ന് സൈബര്‍ ലോകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പരമ്പരാഗത മാധ്യമങ്ങളെവരെ പിന്നിലാക്കി ബ്ളോഗുകളും സോഷ്യല്‍ നെറ്റ്വര്‍ക്കുകളും മാധ്യമലോകത്ത് അഭിപ്രായസ്വാതന്ത്ര്യത്തിന്‍െറ, സിറ്റിസന്‍ ജേണലിസത്തിന്‍െറ പുതിയ വഴിത്താരകള്‍ വെട്ടിത്തുറന്നിരിക്കുമ്പോളാണ്, ഈ ജനകീയവിപ്ളവത്തിനുനേരെ ഐ.ടി ആക്ട് എടുത്തുവീശുന്നത്. അതിനു ഒരു രക്തസാക്ഷിവരെയുണ്ടായി തുറവൂരിലെ അഡ്വക്കറ്റ് ഷൈന്‍.
കൊടുങ്ങല്ലൂരിലെ ശിവപ്രസാദിന്‍െറ കാര്യമെടുക്കുക. ചെങ്ങന്നൂരിലെ ഭഗവതി എല്ലാ മാസവും ഋതുമതി ആകുമത്രേ. അപ്പോള്‍ ഭക്തജനങ്ങള്‍ ‘തൃപ്പൂത്താറാട്ട്’ ഭക്ത്യാദരപൂര്‍വം നടത്തും. സ്ത്രീകളെപ്പോലെ ഋതുമതിയാകുന്നതിന്‍െറ യുക്തി അന്വേഷിച്ച് അദ്ദേഹം തന്‍െറ ഫേസ്ബുക് പേജിലിട്ട കുറിപ്പിന് വന്‍പ്രതികരണങ്ങളാണുണ്ടായത്. ഇപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളൊന്നും മതാനുഷ്ഠാനങ്ങളുടെയും ആചാരങ്ങളുടെയും സാംഗത്യത്തെയോ യുക്തിയെയോ കുറിച്ചുള്ള ഒരു ചര്‍ച്ചക്കും ഇടം കൊടുക്കില്ലെങ്കിലും സൈബര്‍ ലോകത്ത് അങ്ങനെയല്ല. ‘രാജാവ് നഗ്നനാണെന്ന്’ വിളിച്ചുപറയുന്നവരുടെ ഇടമാണത്. ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുണ്ട്. അവ മതഭ്രാന്തന്മാരെയും മൗലികവാദികളെയും വിറളിപിടിപ്പിക്കുകതന്നെ ചെയ്യും. തൃപ്പൂത്താറാട്ടിനെ കുറിച്ചുള്ള ഫേസ്ബുക് ചര്‍ച്ചകള്‍ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ക്ഷേത്രോപദേശക സമിതി നല്‍കിയ പരാതിയിന്മേലാണ് സൈബര്‍ പൊലീസ് ശിവപ്രസാദിനുനേരെ ഐ.ടി നിയമം എടുത്തുപയോഗിച്ചത്. ഒപ്പം, ‘ഭക്തജന’ങ്ങളുടെ വധഭീഷണിയുമുണ്ട്.
അമൃതാനന്ദമയിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ എഴുതിയ ‘ടിന്‍റുമോന്’ എതിരെയും ഈ ഭീകരനിയമം ഉപയോഗിച്ചു. ആ പോസ്റ്റ് ഷെയര്‍ ചെയ്ത ആയിരത്തോളം പേര്‍ക്കെതിരെയും സൈബര്‍ നിയമമനുസരിച്ച് പൊലീസ് കേസെടുത്തു.
കുറ്റിപ്പുറം കെല്‍ട്രോണിലെ ജീവനക്കാരനായ മൊയ്തു 2009ല്‍ അറസ്റ്റ് ചെയ്യപ്പെട്ടത് പിണറായി വിജയന്‍ സൈബര്‍ പൊലീസിനു നല്‍കിയ ഒരു പരാതിയിന്മേലായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ പരാജയത്തെ പിണറായി വിശദീകരിക്കാന്‍ ശ്രമിക്കുന്നത്, ശ്രീനിവാസന്‍െറ പ്രശസ്ത സിനിമയായ ‘സന്ദേശ’ത്തിലെ ശങ്കരാടിയുടെ ചില ഡയലോഗുകള്‍ ഉദ്ധരിച്ച് ചിത്രീകരിച്ച ഒരു കാര്‍ട്ടൂണ്‍ ഫോര്‍വേഡ് ചെയ്ത ‘കുറ്റ’ത്തിനായിരുന്നു മൊയ്തുവിനെ പിടികൂടിയത്. അങ്ങ് ബംഗാളില്‍ മമത ബാനര്‍ജി ചെയ്തുകൊണ്ടിരിക്കുന്നതും ഇതുതന്നെ. തനിക്കെതിരായ കാര്‍ട്ടൂണ്‍ പ്രചരിപ്പിച്ചു എന്നാരോപിച്ചായിരുന്നു ജാദവ്പൂര്‍ സര്‍വകലാശാലയിലെ പ്രഫസറായ അബികേശ് മുഖര്‍ജിയെയും മറ്റും അറസ്റ്റ് ചെയ്തത്.
ഇനി നമുക്ക് ചിത്രകാരന്‍െറ അറസ്റ്റിലേക്ക് തിരിച്ചുവരാം, 2009 ജനുവരി 17ന് ഈ ലേഖകന്‍ ‘ഒരു സൈബര്‍ കൊടും ഭീകരന്‍ പിറക്കുന്നു’ എന്ന പേരില്‍ ദൃഷ്ടിദോഷം ബ്ളോഗില്‍ ഇങ്ങനെ ഒരു കുറിപ്പ് എഴുതിയിരുന്നു: സരസ്വതിക്ക് എത്ര മുലകളുണ്ട്? ഇങ്ങനെ എഴുതാന്‍ ലോകത്ത് ഒരു മാധ്യമമേയുള്ളൂ: ബ്ളോഗ്. ഈ നവമാധ്യമത്തിന്‍െറ ശക്തിയും ദൗര്‍ബല്യവും ഇതുതന്നെ.
(ചിത്രകാരന്‍ തന്‍െറ പോസ്റ്റിലൂടെ വംശവൈരം ഉണ്ടാക്കുന്നു എന്ന് സന്തോഷ് ജനാര്‍ദനന്‍ നല്‍കിയ ഇ-മെയില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഐ.ടി ആക്ട് 67ാം വകുപ്പനുസരിച്ച് കേസ് ചാര്‍ജ് ചെയ്തു). ചിത്രകാരന് തന്‍െറ സ്വത$സിദ്ധമായ ശൈലിയില്‍, ഇതേപോലെ എഴുതുന്നതിനുള്ള സ്വാതന്ത്ര്യമുണ്ട്. ഭാഷ അരോചകമോ നികൃഷ്ടമോ ഒക്കെയായി പലര്‍ക്കും തോന്നാം. അത് ശൈലിയുടെ പ്രശ്നം.
ഹൈന്ദവവിശ്വാസങ്ങളെ ആക്രമിക്കാനോ ദൈവങ്ങളെ അവമതിക്കാനോ ചിത്രകാരന്‍ കരുതിക്കൂട്ടി ശ്രമിച്ചതല്ല.
സൈബര്‍ നിയമത്തിന്‍െറ ഇരയാകേണ്ടിവന്ന കെ.വി. ഷൈന്‍െറ ദുരന്തം ഞെട്ടിക്കുന്നതായിരുന്നു. ‘കെ.വി. ഷൈന് വിട’ എന്ന പേരില്‍ കേരള ബ്ളോഗ് അക്കാദമി ബ്ളോഗില്‍ (ഏപ്രില്‍ 16, 2012) എഴുതിയതുകൂടി ഉദ്ധരിക്കട്ടെ; ‘ബ്ളോഗറും പ്രക്ഷേപകനും മാധ്യമപ്രവര്‍ത്തകനുമായ കെ.വി. ഷൈന്‍ (41) വിടവാങ്ങി. ചേര്‍ത്തലക്കടുത്ത തുറവൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ 2012 ഏപ്രില്‍ 15ന് രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. സൈബര്‍ ലോകത്ത് ‘വിചിത്രകേരളം’ എന്ന വ്യത്യസ്തമായ ബ്ളോഗിലൂടെ തന്‍െറ സാന്നിധ്യം അടയാളപ്പെടുത്തിയ ഷൈന്‍, ‘നായര്‍ സമുദായത്തെ ആക്ഷേപിക്കുന്ന രചനകള്‍ പോസ്റ്റ് ചെയ്തു’ എന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ. നാരായണപ്പണിക്കരുടെ പരാതിയില്‍ 2010 മേയില്‍ അറസ്റ്റ് ചെയ്യപ്പെടുകയും പൊലീസിനാല്‍ വേട്ടയാടപ്പെടുകയും ചെയ്തു. അറസ്റ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍, ടെക്നിക്കല്‍ സ്കൂളില്‍ എല്‍.ഡി ക്ളര്‍ക്കായിരുന്ന അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. അടുത്തിടെയാണ് തിരികെ ജോലിയില്‍ പ്രവേശിച്ചത്. കോടതി ഉത്തരവിന്‍െറ ബലത്തില്‍ ബ്ളോഗിന്‍െറ പാസ്വേഡ് കൈക്കലാക്കിയ പൊലീസ് വിചിത്രകേരളം ഡിലീറ്റ് ചെയ്തതിനെ തുടര്‍ന്നാകാം അത് നെറ്റില്‍നിന്ന് അപ്രത്യക്ഷമായി. സൈബര്‍ നിയമം നെറ്റില്‍ ഭീകരത വിതക്കുന്നതിന്‍െറ ഉത്തമദൃഷ്ടാന്തമായിരുന്നു ഷൈന്‍ നേരിട്ട പീഡനം. അകാലത്തിലുള്ള അദ്ദേഹത്തിന്‍െറ മരണം ഈ പശ്ചാത്തലത്തില്‍ ഏറെ നൊമ്പരപ്പെടുത്തുന്നു.
നവമാധ്യമരംഗത്ത് ഈ ഭീകരത ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ദുര്‍വൃത്തരും രാഷ്ട്രീയക്കാരുടെ പാദസേവകരും അഴിമതിക്കാരുമായ പൊലീസുകാരുടെ കൈയില്‍പെടാതിരിക്കാന്‍, സംഘടനാബലമോ പൊതുസമൂഹത്തിന്‍െറ പിന്തുണയോ ഇല്ലാത്ത, വെര്‍ച്വല്‍ ലോകത്ത് വ്യാപരിക്കുന്ന നമ്മുടെ ബ്ളോഗര്‍മാരും മറ്റും സാമൂഹിക വിമര്‍ശങ്ങള്‍പോലും മയപ്പെടുത്താന്‍ നിര്‍ബന്ധിതരാകുന്നു. നിയമത്തിന്‍െറ മനുഷ്യത്വ വിരുദ്ധത കാരണം സൈബര്‍ കൊടുംഭീകരരായി മുദ്രയടിക്കപ്പെടുമെന്ന ഭയത്താല്‍ മിക്കവരും ഉള്‍വലിയുന്നതോടെ നവമാധ്യമങ്ങള്‍ വെറും കൊച്ചുവര്‍ത്തമാനവേദികളായി ക്രമേണ അപ്രസക്തമാകും. ഭരണകൂടങ്ങളെ വിറപ്പിച്ച ഈ മാധ്യമങ്ങളുടെ അകാലമരണം തന്നെയാണ് അവരുടെ ലക്ഷ്യം. സൈബര്‍ നിയമം ഭേദഗതിചെയ്യുകപോലുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയത് അതുകൊണ്ടാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus