പച്ചപ്പിന്‍െറ പുസ്തകം; കീഴടങ്ങിയവരുടേതും

പച്ചപ്പിന്‍െറ പുസ്തകം;  കീഴടങ്ങിയവരുടേതും

പ്രകൃതിയെ സമാനതകളില്ലാതെ ചൂഷണംചെയ്യുന്ന വര്‍ത്തമാനകാല ചിത്രങ്ങള്‍ക്കെല്ലാം ഒരേ നിറങ്ങളാണ്. ഭൂമിക്കുമേല്‍ വന്നിഴയുന്ന അളവുചങ്ങലകളും അത് വേര്‍തിരിച്ചെടുക്കുന്ന മണ്ണ് നിരത്തി വെടിപ്പാക്കുന്ന കൂറ്റന്‍ യന്ത്രങ്ങളും അതിന്‍െറ ഭാഗമാണ്. സമകാലിക സമൂഹം എവിടെയും കോറിയിടാതെ പോയ ഭൂമിയെ, മണ്ണിനെ, ആകാശത്തെ സ്വന്തം സ്വത്വത്തോട് ചേര്‍ത്തു ജീവിക്കുന്ന മനുഷ്യരുടെ തേങ്ങലുകളെ വികസനം എന്ന ഒറ്റവാക്കില്‍ ഒതുക്കുന്നു. പ്രകൃതിയും മണ്ണും മതിലുകെട്ടിത്തിരിക്കാനുള്ള സ്വകാര്യ സ്വത്തല്ലെന്ന അറിവില്‍ അവയോടിണങ്ങി ജീവിക്കുന്നവരെ പിഴുതെറിയുന്ന കാഴ്ചയാണ് ഹാരിസ് നെന്മേനിയുടെ ‘ഭൂമി അളന്നെടുക്കുന്നതിലെ വൈഷമ്യങ്ങള്‍’ എന്ന കഥാസമാഹാരം നല്‍കുന്നത്. സാമൂഹികശാസ്ത്രവുമായി പഠനത്തിലും പ്രവൃത്തിയിലും ജീവിതത്തിലും നിരന്തരം ഇടപഴകിയ വയനാട്ടുകാരനായ ഹാരിസ് നെന്മേനി മണ്ണില്‍നിന്നും സ്വന്തം ഊരുകളില്‍നിന്നും നിഷ്കാസനം ചെയ്യപ്പെട്ടവരുടെ വിലാപങ്ങള്‍ തന്‍െറ കഥകളിലൂടെ പുറത്തുകൊണ്ടുവന്നിരിക്കുന്നു.
‘ഭൂമി അളന്നെടുക്കുന്നതിലെ വൈഷമ്യങ്ങള്‍’ എന്ന കഥയില്‍ മണ്ണില്‍ വിയര്‍പ്പിലെ ഉപ്പ് ചേര്‍ത്ത് കുഴച്ച് സമ്പന്നമാക്കിയ ആദിവാസി സമൂഹം, അണക്കെട്ടിന്‍െറ പേരില്‍ തങ്ങളുടെ ഭൂമി മുറിച്ചെടുക്കാന്‍ എത്തുമ്പോള്‍ അളവുചങ്ങലകള്‍ക്കുനേരെ കൈകള്‍ വിടര്‍ത്തി നിന്ന് ഭൂമിയില്‍ അധീശത്വം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പിന്നീട് ഉപാധികളില്ലാതെ കീഴടങ്ങുന്നു. ഊരിലെ മൂപ്പന്‍ അളന്നെടുത്തുപോയ വയല്‍ ഉഴുതുമറിച്ച് വിത്തിടുന്നു. വികസനമെന്നതിലൂടെ ഒരരികിലേക്ക് മാറ്റിനിര്‍ത്തപ്പെടുന്നവ ഇവര്‍ക്ക് പ്രതിരോധത്തിന്‍െറയോ തോറ്റുകൊടുക്കലിന്‍െറയോ അല്ല, കീഴടങ്ങലിന്‍െറ ശരീരഭാഷയാണ്. കാലത്തിന്‍െറ വൈകാരികതകളെ കോറിയിടുന്ന സാഹിത്യത്തില്‍ അവരില്‍നിന്ന് ഉയരാത്ത തേങ്ങലുകള്‍ ഉണരുകയാണ്.
സാമൂഹികസേവന-ഗ്രാമവികസന വിഷയങ്ങളില്‍ പഠനഗവേഷണങ്ങള്‍ നടത്തുന്ന കഥാകൃത്ത് തന്‍െറ നേരനുഭവങ്ങളും പ്രകൃതിയെ പിരിയാന്‍ കഴിയാത്ത മനുഷ്യന്‍െറ വിഹ്വലതകളുമാണ് പങ്കുവെക്കുന്നത്. ‘കയ്മ, ഒരിനം നാടന്‍ വിത്ത്’ എന്ന കഥയില്‍ ഏറുമാടത്തിലിരുന്ന് വിള കാക്കുന്ന കയ്മയെന്ന പണിയന്‍ യുവാവ് ‘അല്ലെങ്കിലും മണ്ണ് ഞങ്ങളുടേത് നിങ്ങളുടേത് എന്നെല്ലാം അതിരിടുന്നത് നമ്മളൊക്കെത്തന്നെയല്ലേ’ എന്നു ചോദിക്കുമ്പോള്‍ വികസനവാദികളുടെ ഉത്തരം മുട്ടുന്നു.
കയ്മയെന്നത് ഒരിനം നാടന്‍ നെല്‍വിത്തിന്‍െറ പേരാണെന്ന് കഥയിലെ ഗവേഷകന്‍ കണ്ടെത്തുന്നു. പ്രകൃതിയുടെ ഒരു ഭാഗംതന്നെയാകുന്ന അവര്‍ക്ക് മറ്റെന്തു പേര് നല്‍കാനാകും? കയ്മയെ ഏറുമാടത്തില്‍നിന്ന് ഝാര്‍ഖണ്ഡിലെ ആദിവാസി സമൂഹമായ ഒറ്വാനുകളുടെ ഗ്രാമത്തിലെത്തിക്കുമ്പോള്‍ ഗവേഷകര്‍ക്ക് പ്രകൃതിയിലലിഞ്ഞ മനുഷ്യന്‍ ഒന്നുതന്നെയാണെന്ന് കണ്ടെത്താന്‍ കഴിയുന്നു. ‘പണിയ ഗോത്രത്തിന്‍െറ ഇടയില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണ് അവരുടെ പേരുകള്‍ മനസ്സിലുടക്കിയത്. കയ്മ, വെളുമ്പാല, ചണ്ണ, മൈന, തത്ത, മാരി എന്നിങ്ങനെ പച്ചപ്പിന്‍െറ ഗന്ധമുള്ള പേരുകള്‍. പരിഷ്കൃതരെന്ന് സ്വയം മുദ്രണംചെയ്ത നമ്മള്‍ അവരെ സമീപിക്കുന്നത് എങ്ങനെ അവരെ പ്രബന്ധവിഷയമാക്കാം, പഠന ഉപകരണമാക്കാം എന്ന തരത്തിലാണ്. കയ്മ അവന്‍െറ വിളയല്ലാഞ്ഞിട്ടുപോലും ഉറക്കമിളച്ച് പന്നികുത്താതെ സംരക്ഷിക്കുന്നു. എന്നാല്‍, അവനെ മനുഷ്യനായി കാണാന്‍പോലും നമുക്ക് കഴിയുന്നില്ലെന്ന് ഹാരിസ് പറയുന്നു. കഥാകൃത്തിന്‍െറ ജൈവ രാഷ്ട്രീയമാണ് ഓരോ കഥയിലും പ്രതിഫലിക്കുന്നത്.
‘കല്ലാറ്’ എന്ന കഥയില്‍ പുഴക്കു കുറുകെ ഒരു പാലവും അതിനോടുചേര്‍ന്ന് റോഡും വരുമ്പോള്‍ ഇരുകരകളിലാകുന്നത് അവിടെ തളിരിട്ടിരുന്ന ജീവിതമാണ്. ഭൂതകാലത്തില്‍നിന്ന് ഒളിച്ചോടി പുതിയ ജീവിതം സ്വീകരിക്കുന്ന ഷാഹിദ എന്ന കഥാപാത്രം വികസനത്തിന്‍െറ ഭാഗമായുള്ള ഇടപെടലുകളുടെ ഇരയായിമാറുന്നു. ഇവിടെ പ്രകൃതി വിരുദ്ധമെന്ന് കഥാകാരന്‍ രണ്ടര്‍ഥത്തില്‍ പ്രയോഗിച്ചിരിക്കുന്നു. കല്ലാറിന്‍െറ അരികില്‍ ഉപേക്ഷിക്കപ്പെടുന്ന ചാപിള്ള സമകാലീന സമൂഹത്തില്‍നിന്ന് കുടിയിറക്കപ്പെട്ട മനുഷ്യത്വത്തിന്‍െറ പ്രതീകമാണ്.
ജീവന്‍െറ തുടിപ്പിന് അടിസ്ഥാനമായ മണ്ണ്, വായു, ജലം എന്നിവ വിവേചനമില്ലാതെ ഉപയോഗിക്കുന്നത് മനുഷ്യര്‍ മാത്രമാണ്. ഭൂമിയിലെ ഈ സമ്പത്തുകള്‍ മുഴുവനായി ഊറ്റിയെടുത്ത്, ‘ഇനിയൊരു യുദ്ധമുണ്ടാവുക ജലത്തിനും വായുവിനും വേണ്ടിയാണ്’ എന്ന് പ്രസംഗിച്ചുനടക്കുന്നവര്‍ക്കെതിരെ വാളോങ്ങുകയാണ് ഹാരിസ് നെന്മേനിയുടെ ആദ്യ സ്വതന്ത്ര കഥാസമാഹാരം. ഒപ്പം മനുഷ്യന്‍െറ സ്വത്വമില്ലായ്മയും അപരത്വവും കഥാകൃത്ത് തുറന്നുകാട്ടുന്നു. മണ്ണ് നഷ്ടപ്പെട്ടതിനോടൊപ്പം മറ്റു പലതും കൊഴിഞ്ഞുപോയ ജീവിതങ്ങളും നമ്മള്‍ കാണുന്നു. മതത്തിന്‍െറ പേരില്‍ വേട്ടയാടപ്പെടുന്ന, തിരസ്കരിക്കപ്പെടുന്ന, ഓര്‍മകളില്‍നിന്നുപോലും അടര്‍ത്തിമാറ്റപ്പെടുന്നവരുടെ ചിത്രങ്ങളാണ് ‘ഭയം ചെയ്യുന്നത്’, ‘ഉത്തരം പ്രവചിക്കുക എളുപ്പമായ സമസ്യകള്‍’, ‘ഷാജഹാന്‍’, ‘റാങ്ക് ലിസ്റ്റിലെ ഊഴങ്ങള്‍’ എന്നീ കഥകളിലുള്ളത്. മൊഹ്റാജുദ്ദീന്‍ ആലം എന്ന കശ്മീരി ചെറുപ്പക്കാരന്‍ മതഗ്രന്ഥങ്ങളിലെ സ്നേഹം കണ്ടെത്താന്‍ ഗവേഷണം ചെയ്യുമ്പോഴും അയാളുടെ മതവും ദേശവും നാമവുമെല്ലാം അയാള്‍ക്ക് പ്രതികൂലമാകുന്നു. അയാള്‍ അറസ്റ്റ്ചെയ്യപ്പെടുമ്പോള്‍ സുഹൃത്തുക്കള്‍ അയാളെ ഓര്‍മയില്‍നിന്നുപോലും അടര്‍ത്തി ചതുപ്പിലെറിയുന്നു. ‘ഉത്തരം പ്രവചിക്കുക എളുപ്പമായ സമസ്യകള്‍’ എന്നതിലെ ഹനീഫയും നാമത്തിന്‍െറ പേരില്‍ ഒഴിവാക്കപ്പെടുന്നു. ‘അയാളുടെ പേര് മുഹമ്മദ് ഹനീഫ എന്ന ഒറ്റ കാരണം മതി പുലിവാലു പിടിക്കാന്‍’ എന്ന വാചകത്തിലൂടെ ഹനീഫയുടെ മൃതദേഹംപോലും തഴയപ്പെടുന്നു. തന്‍െറ മുസ്ലിം വ്യക്തിത്വം മറച്ചുവെക്കപ്പെടേണ്ടിവരുന്ന ഷാജഹാനെയും പരാജിതന്‍െറ ശരീരഭാഷയുള്ള അലാവുദ്ദീനെയും നമ്മള്‍ കഥകളില്‍ കണ്ടുമുട്ടുന്നു.
മനുഷ്യത്വം ചോര്‍ന്നുപോകുന്നവരില്‍നിന്നും കൂറ്റന്‍ മതിലുകെട്ടി മാറിയിരിക്കുന്ന ഭരതന്‍ മാഷിന്‍െറ കഥയിലൂടെ പ്രത്യയശാസ്ത്രത്തിന്‍െറയും ആശയത്തിന്‍െറയും പേരില്‍ നടക്കുന്ന അറുകൊലകളെ കഥാകാരന്‍ വിമര്‍ശിക്കുന്നു. പെണ്ണിനെ കാണുമ്പോള്‍ പ്രേരണയുണ്ടാകുന്ന വിദ്യാസമ്പന്നനായ ചെറുപ്പക്കാരനും മേയ്ദിനത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളിയും ചുമയും ക്ഷീണവും കൂട്ടുള്ള വാര്‍ധക്യത്തില്‍ ലോഡ്ജ്മുറിയില്‍ തളക്കപ്പെടുന്ന വൃദ്ധനും കാലങ്ങളായി ചെയ്ത വൃത്തിയില്‍ സ്വയം നഷ്ടപ്പെട്ട അപ്പനുമെല്ലാം അവരുടെ വികാരങ്ങളുടെ തള്ളിച്ച വായനക്കാരനിലും എത്തിക്കുന്നുണ്ട്. ചരിത്രത്തെ മാറ്റുന്ന നവീന സങ്കേതങ്ങളില്‍ മനുഷ്യന്‍ അവന്‍െറ അസ്തിത്വംപോലും ‘ടച്ച് അപ്പ്’ ചെയ്ത് ഒരുങ്ങുന്ന കാഴ്ചയാണ് ‘ഫോട്ടോഷോപ്പ്’ എന്ന കഥയിലുള്ളത്. ജീവിതത്തില്‍ കളിച്ചു ജയിച്ച നായകന്മാരെയും പ്രതിരോധിച്ചും കീഴടക്കിയും വളര്‍ന്ന വില്ലന്മാരെയും കഥാകൃത്ത് മാറ്റിനിര്‍ത്തിയിരിക്കുന്നു. ഇവിടെ കീഴടങ്ങിയവരുടെയും തോറ്റുപോയവരുടെയും തിളക്കമില്ലാത്ത കണ്ണുകളും ചോരവറ്റിയ മുഖങ്ങളും വായനക്കാരുടെ മനസ്സില്‍ ചിന്തയായി കുരുക്കുന്നു.
കണ്ണൂരിലെ കൈരളി ബുക്സ് പ്രസിദ്ധീകരിച്ച ‘ഭൂമി അളന്നെടുക്കുന്നതിലെ വൈഷമ്യങ്ങള്‍’ എന്ന കഥാസമാഹാരത്തില്‍ 13 ചെറുകഥകളാണുള്ളത്. കഥകളെല്ലാം ശുഭപര്യവസാനമുള്ളവയല്ല. നായകന്‍െറ ജീവിതത്തില്‍ മുഴച്ചുനില്‍ക്കുന്ന നന്മയാണ് വായനക്കാരിലേക്ക് പടരുന്നത്. അവന്‍/അവള്‍ മുറുകെ പിടിക്കുന്ന മൂല്യങ്ങള്‍ സമൂഹത്തിലേക്കും പടര്‍ത്തുകയെന്നതുതന്നെയാണ് കഥാകൃത്ത് ലക്ഷ്യംവെക്കുന്നതും. മനസ്സിലും ചിന്തയിലും പ്രകൃതിയും പച്ചപ്പും കുളിരും ഒപ്പം ചിന്തയുടെ തീനാമ്പുകളും നീട്ടുന്ന ഹാരിസിന്‍െറ കഥകള്‍ സമകാലീന സാഹിത്യത്തില്‍ ഇടമുള്ളവതന്നെയാണ്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus