12:30:26
09 Oct 2015
Friday
Facebook
Google Plus
Twitter
Rssfeed

മഹീന്ദ്രയുടെ കറണ്ട് തീനി

മഹീന്ദ്രയുടെ കറണ്ട് തീനി

നിറം കയറ്റിയ കോഴിക്കുഞ്ഞുങ്ങള്‍ കൂട്ടില്‍ നിന്ന് ചാടിപ്പോയതുപോലെയാണ് പണ്ട് ബാംഗ്ളൂര്‍ നഗരത്തിലൂടെ റേവകള്‍ പാഞ്ഞിരുന്നത്. കറണ്ടിലോടുന്ന ഈ ഇത്തിരിക്കുഞ്ഞന്‍മാരെ കണ്ടുനില്‍ക്കാന്‍ നല്ല രസമായിരുന്നു. പക്ഷേ ഈ രസം ഓടിക്കുമ്പോള്‍ കിട്ടാതിരുന്നതോടെ റേവയുടെ കാര്യം കട്ടപ്പുകയായി.
അപ്പോഴാണ് കാറും ജീപ്പും ലോറിയും ബൈക്കും എക്സ്കവേറ്ററുമൊക്കെ ഉണ്ടാക്കിക്കഴിഞ്ഞ് ഇനിയെന്ത് എന്ന് ആലോചിച്ചിരുന്ന മഹീന്ദ്ര റേവയെ കാണുന്നത്. പാവങ്ങളെ സഹായിക്കാന്‍ മഹീന്ദ്ര ഒരിക്കലും മടിച്ചിട്ടില്ല. അങ്ങനെ 2010 ല്‍ റേവയെ മഹീന്ദ്ര ഏറ്റെടുത്തു. വണ്ടിക്കച്ചവടത്തില്‍ റേവയെക്കാള്‍ തലച്ചോര്‍ മഹീന്ദ്രക്കുണ്ട്. അതുകൊണ്ട് പുതിയ ഒരു കാര്‍ ഉണ്ടാക്കി വില്‍ക്കാനുള്ള ബുദ്ധി മഹീന്ദ്ര കാണിച്ചു. പക്ഷേ വൈദ്യുത കാറിന്റെസാങ്കേതികവിദ്യയില്‍ മഹീന്ദ്ര വട്ടപ്പൂജ്യമാണ്. അവിടെ സഹായിക്കാന്‍ റേവ തന്നെ വേണ്ടി വന്നു. അങ്ങനെ റേവയുടെ മിശ്രണവും മഹീന്ദ്രയുടെ പാക്കിങുമായി പിറന്നതാണ് ഇ2ഒ.
ഏത് വണ്ടിയുണ്ടാക്കിയാലും പേര് അവസാനിക്കുന്നത് ‘ഒ’ എന്ന അക്ഷരത്തിലായിരിക്കണം എന്നത് മഹീന്ദ്രക്ക് നിര്‍ബന്ധമാണ്. അതുകൊണ്ടാണ് അവരുടെ വണ്ടികളുടെ പേര് എഴുതാന്‍ എളുപ്പമാണെങ്കിലും പറയാന്‍ ഇത്ര ബുദ്ധിമുട്ട്. 30,000 യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ഫാക്ടറിയടക്കം ഈ പരിപാടിക്ക് മഹീന്ദ്ര മുടക്കിയത് നൂറുകോടിയാണ്.
ഇന്ത്യയില്‍ മൊബൈല്‍ ഫോണുകളും റേവകളും ഒരേ പ്രശ്നമാണ് അനുഭവിച്ചുകൊണ്ടിരുന്നത്. ബാറ്ററിക്ക് ചാര്‍ജ് നില്‍ക്കുന്നില്ല. അത്യാവശ്യ സമയത്ത് നോക്കുമ്പോള്‍ രണ്ട് ബീപ് ശബ്ദവും കേള്‍പ്പിച്ച് സംഗതി ഓഫായിപോകും. മൊബൈല്‍ ഫോണ്‍ പേപ്പര്‍വെയിറ്റെങ്കിലുമാക്കാം. റേവയെക്കൊണ്ട് അതിനും കൊള്ളില്ല.
ഈ കുഴപ്പം തങ്ങളുടെ കൈയില്‍ നിന്ന് വരരുത് എന്ന് മഹീന്ദ്രക്ക് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് നോക്കിയും കണ്ടുമാണ് ഇ2ഒയെ അവര്‍ നിര്‍മിച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ ഗവേഷണം ഇതിന് പിന്നിലുണ്ട്. 29 കിലോവാട്ടിന്‍െറ വൈദ്യൂതി മോട്ടോര്‍ പരമാവധി 39.4 ബിഎച്ച്പി ശക്തി നല്‍കും.
മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാമെന്നാണ് വിശ്വസിക്കപ്പെടുന്നത്. പുത്തന്‍ തലമുറയില്‍പ്പെട്ട ഇതിന്‍െറ ലിത്തിയം അയണ്‍ ബാറ്ററി ഒരുതവണ ചാര്‍ജ് ചെയ്താല്‍ നൂറ് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാം.
നാല് പേര്‍ക്ക് സുഖമായി യാത്രചെയ്യാവുന്ന ഇതിന്‍െറ ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജു ചെയ്യാന്‍ അഞ്ചുമണിക്കൂര്‍ വേണം. ഓട്ടോമാറ്റിക് ഗിയര്‍ സംവിധാനമുള്ള കാറില്‍ നഗരം മാത്രം ചുറ്റുകയായിരിക്കും ബുദ്ധി.
ജി.പി.എസ് നാവിഗേഷന്‍ സംവിധാനം, കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട് /സ്റ്റോപ് ബട്ടണ്‍, വാഹനം ബ്രേക്കുചെയ്യുമ്പോള്‍ ബാറ്ററിയില്‍ കറണ്ട് കയറുന്ന റീജെനറേറ്റീവ് ബ്രേക്കിങ് സംവിധാനം തുടങ്ങിയവയാണ് മറ്റ് പ്രത്യേകതകള്‍. മുംബൈ, ബംഗളൂരു, പുണെ, അഹമ്മദാബാദ്, ഹൈദരാബാദ്, ചണ്ഡീഗഡ്, കൊച്ചി എന്നിവിടങ്ങളില്‍ ഇവന്‍ ആദ്യം എത്തും. പിന്നെ ബാക്കി സ്ഥലങ്ങളിലേക്ക് പടരും.
അതിന് മുന്നോടിയായി കാര്‍ ചാര്‍ജ് ചെയ്യാനുള്ള സ്ഥലങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ് മഹീന്ദ്ര. ഇതുവരെ 250 ഓളം ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ അവര്‍ സ്ഥാപിച്ചു കഴിഞ്ഞു.
കാറിന്‍െറ വില അതത് സംസ്ഥാനങ്ങള്‍ വൈദ്യുത വാഹനങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡിയെ ആശ്രയിച്ചിരിക്കും. ഡല്‍ഹി സര്‍ക്കാര്‍ 29 ശതമാനം സബ്സിഡി വൈദ്യുത കാറുകള്‍ക്ക് നല്‍കുന്നുണ്ട്. ഇത് കുറച്ചാല്‍ 5.96 ലക്ഷം രൂപയാണ് ഇ2ഒയുടെ ദല്‍ഹിയിലെ വില. ഇതോടെ പണി തീര്‍ന്നു എന്നു പറഞ്ഞ് വെറുതെയിരിക്കുകയല്ല മഹീന്ദ്ര.
ഒരു മണിക്കൂറിനകം ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജുചെയ്യാന്‍ കഴിയുന്ന പുതിയ ഇ2ഒ വേരിയന്‍റിന്‍െറ വികസന പ്രവര്‍ത്തനത്തിലാണ് അവര്‍.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus