Tue, 03/19/2013 - 20:12 ( 2 years 23 weeksago)
ഉണ്ട ബഷീറും ബാഴ് സലോണയും
(+)(-) Font Size
ഉണ്ട ബഷീറും ബാഴ് സലോണയും

സെവന്‍സ് മൈതാനങ്ങളില്‍ കളി മുറുകും മുമ്പ് നിരന്നുനില്‍ക്കുന്ന താരങ്ങള്‍ക്കിടയില്‍ കണ്ണുകള്‍ തേടിയിരുന്നത് ഉണ്ട ബഷീറിനെയായിരുന്നു. ഒരു കാല്‍പന്തുകളിക്കാരന്‍െറ ശരീരഭാഷയെക്കുറിച്ച മുന്‍കൂര്‍ നിഗമനങ്ങള്‍ തകര്‍ത്തെറിഞ്ഞ് കുറിയ ശരീരത്തില്‍ ബഷീറപ്പോള്‍ കിക്കോഫ് വിസിലിന് മുമ്പുള്ള മുന്നൊരുക്കങ്ങളിലേക്ക് തുള്ളിത്തെറിക്കുന്നുണ്ടാവും. ആദ്യം കാണുമ്പോള്‍ ബഷീറെനിക്ക് പിടികിട്ടാത്ത സമസ്യയായിരുന്നു. വയനാട് ഫാല്‍ക്കന്‍സിന്‍െറ പോക്കുവിനെയും കോയയെയും പോലുള്ള അതികായര്‍ക്കിടയില്‍ ഈ അഞ്ചടി ഒരിഞ്ചുകാരന് എന്തുകാര്യമെന്നായിരുന്നു കണ്ടമാത്രയിലെ ചിന്ത. പക്ഷേ, ബാലേ നര്‍ത്തകന്‍െറ മെയ്വഴക്കത്തോടെ പുഞ്ചിരി മീനങ്ങാടിയുടെ കുപ്പായത്തില്‍ സെവന്‍സ് മൈതാനത്ത് ബഷീര്‍ ‘ചിത്രം വരക്കുന്നത്’ കാണാന്‍ പിന്നീടൊരുപാടുനാള്‍ പിന്നാലെ സഞ്ചരിച്ചിട്ടുണ്ട്. ഡീഗോ മറഡോണയുടെ കളിമിടുക്കിനെ അത്രമേല്‍ നെഞ്ചേറ്റുന്നതിനിടയില്‍ മലയാളക്കരയില്‍ ബഷീര്‍ ലാറ്റിനമേരിക്കന്‍ ഫുട്ബാളിന്‍െറ ഉപാസകനായാണ് അനുഭവപ്പെട്ടത്. മൈതാനത്തിന്‍െറ വിലക്ഷണകോണുകളില്‍ ഒരു അരാജകവാദിയെപ്പോലെ ബഷീര്‍ ആരെയും കൂസാതെ നടന്നു. എതിരാളികളുടെ നിയന്ത്രണ ഭൂമിയിലേക്ക് പന്തിനെ പാദങ്ങളില്‍ കുരുക്കിയെടുത്ത് വളഞ്ഞുപുളഞ്ഞ് കയറി, കളിയുടെ നാടന്‍ ഫോക്ലോറില്‍ കണ്ടുപരിചയിക്കാത്ത നായകനായി മാറി. പെനാല്‍റ്റി ബോക്സില്‍ കാത്തുകിടന്ന് നെറ്റുതുളഞ്ഞുപോകുന്ന രീതിയില്‍ ഷോട്ടുകളുതിര്‍ക്കുന്ന കോയ കരുത്തിലൂന്നിയ ഒരതിശയമായിരുന്നെങ്കില്‍ ബഷീര്‍ ഏറക്കുറെ എന്നിലെ കളിസങ്കല്‍പങ്ങള്‍ക്കൊത്ത രീതിയില്‍ പന്തു തട്ടി. പ്രതിരോധനിരയില്‍ പോളോ മാല്‍ഡീനിയെപ്പോലെ ചങ്കുറപ്പുകാട്ടിയ പോക്കുവും കൂട്ടരും ആ ഡ്രിബ്ളിങ് പാടവത്തിനു മുന്നില്‍ കീഴ്പെടുന്നതു കാണാന്‍ ചന്തമേറെയായിരുന്നു.
സെവന്‍സ് കളത്തിലേക്ക് പവര്‍ ഗെയിമിന്‍െറ വന്യതയുമായി ആഫ്രിക്കന്‍ താരങ്ങള്‍ ഇറക്കുമതി ചെയ്യപ്പെട്ടിട്ടും ഉണ്ട ബഷീറിന്‍െറ ഉശിരിന് കുറവും വന്നിരുന്നില്ല. ആജാനുബാഹുക്കളായ കാപ്പിരി താരങ്ങളെ ശരീരചലനങ്ങളുടെ തന്ത്രങ്ങളില്‍ കൊരുത്ത ഡ്രിബ്ളിങ്ങുമായി നിലതെറ്റിച്ച ബഷീറിനുമേല്‍ അപ്പോഴും കൈയടികളുടെ നിലക്കാത്ത പ്രവാഹമുണ്ടായിരുന്നു.


മറഡോണക്കും ബഷീറിനുമിടയില്‍ പന്തുതട്ടലിന്‍െറ ചില പൊരുത്തങ്ങളുണ്ടെന്നാണ് അന്നുമിന്നും ഞാന്‍ വിശ്വസിക്കുന്നത്. ഉയരം കുറഞ്ഞവന്‍െറ വെട്ടിച്ചു കയറലുകള്‍ക്കാണ് ഫുട്ബാളില്‍ കൂടുതല്‍ ഭംഗിയെന്ന് മറഡോണ ലോകത്തിനുമേല്‍ കയറിനിന്ന് വിളംബരം ചെയ്തപ്പോള്‍ എന്‍െറ മനസ്സില്‍ ബഷീര്‍ അതു സാക്ഷ്യപ്പെടുത്തുകയായിരുന്നു. നെവല്‍സ് ഓള്‍ഡ് ബോയ്സിലോ ബോക്കാ ജൂനിയേഴ്സിലോ എസ്റ്റൂഡിയന്‍റ്സിലോ മറ്റോ ആയിരുന്നെങ്കില്‍ ബഷീര്‍ ഒരു കൊച്ചു മറഡോണ തന്നെയാകുമായിരുന്നെന്നതില്‍ സംശയമുണ്ടായിരുന്നില്ല. ഉയരമാണ് എല്ലാമെന്ന് ധരിക്കുന്ന നമ്മുടെ നാട്ടില്‍ സ്റ്റേറ്റ് അണ്ടര്‍ 21 ടീമില്‍വരെ തന്‍െറ കുറിയ ശരീരവും ആരെയും അമ്പരപ്പിക്കുന്ന പന്തടക്കവുമായി ബഷീര്‍ കയറിച്ചെന്നു. പിന്നീട് ജീവിതപ്രാരബ്ധങ്ങളുടെ കെട്ടുപൊട്ടിച്ചു ചാടാന്‍ അവന്‍ സെവന്‍സ് മൈതാനങ്ങളില്‍ കളിച്ചുതിമിര്‍ത്തു. ബൂട്ടിട്ട കാലുകള്‍കൊണ്ട് വകഞ്ഞുമാറ്റാന്‍ കഴിയുന്നതല്ല ജീവിതത്തിലെ അഗ്നിപരീക്ഷണങ്ങളെന്ന് ബോധ്യമായപ്പോള്‍ പിന്നെ പതിയെ കൂലിപ്പണിയുടെ കളത്തിലേക്ക് കുപ്പായമിട്ടിറങ്ങി.

*********
ഉണ്ട ബഷീറില്‍നിന്ന് ചിന്തകള്‍ ബാഴ്സലോണയിലെത്തി നില്‍ക്കുകയാണ്. അവിടെ ബഷീറിന്‍െറ അത്ര ഉയരക്കുറവില്ലെങ്കിലും കുമ്മായവരക്കുള്ളില്‍ കുള്ളന്മാരെന്ന് അടയാളപ്പെടുത്താവുന്ന കളിക്കാരുടെ ഒരു കൂട്ടം തന്നെയുണ്ട്. ലോകത്തെ ഏറ്റവും മികച്ച താരമായ ലയണല്‍ മെസ്സിയുടെ നേതൃത്വത്തില്‍ സാവി ഹെര്‍ണാണ്ടസ്, ആന്ദ്രേ ഇനിയസ്റ്റ, പെഡ്രോ, അലക്സി സാഞ്ചസ്, ജോര്‍ഡി ആല്‍ബ, ഡാനി ആല്‍വെസ് തുടങ്ങി ടീമിലെ മികച്ച താരങ്ങള്‍ പലരും 171 സെന്‍റീമീറ്ററില്‍ താഴെയുള്ളവര്‍. മൊത്തം കളിക്കാരുടെ ശരാശരി ഉയരം അഞ്ചടി ഒമ്പതിഞ്ച്. യൂറോപ്പിലെ ഏറ്റവും ഉയരം കുറഞ്ഞ ടീം. തടിമിടുക്കും പ്രതിരോധ തന്ത്രങ്ങളും മുഖ്യമായി കരുതുന്ന യൂറോപ്യന്‍ ഫുട്ബാളില്‍ ഇവരെങ്ങനെ ഇത്രകണ്ട് മികവു കാട്ടുന്നുവെന്നു ചിന്തിക്കുമ്പോഴാണ് ഉണ്ട ബഷീര്‍ മനസ്സിലെത്തുന്നത്. മൂന്നു തോല്‍വികള്‍കൊണ്ട് ലോകം എഴുതിത്തള്ളാന്‍ തുടങ്ങുമ്പോഴേക്ക് ബാഴ്സ തിരിച്ചുവന്നതു നോക്കുക. എ.സി.മിലാനെതിരെ ചാമ്പ്യന്‍സ് ലീഗിന്‍െറ രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ തകര്‍ത്തുകളിച്ച ബാഴ്സ ദിവസങ്ങള്‍ക്കകം റയോ വായ്യെകാനോയെ സ്പാനിഷ് ലീഗിലും ആധികാരികമായി അടിയറവുപറയിച്ചു.
ഈ ബാഴ്സലോണ അനുഭവവേദ്യമാക്കുന്നത് തീര്‍ച്ചയായും ആധുനിക ഫുട്ബാളിലെ താരമ്യേന അഴകാര്‍ന്ന കളിയാണെന്നതില്‍ എതിരഭിപ്രായമുണ്ടാകില്ല. ഇറ്റാലിയന്‍ ലീഗിന്‍െറ പ്രതിരോധ സമവാക്യങ്ങള്‍ക്കും ഇംഗ്ളീഷ് ലീഗിന്‍െറ സന്തുലിത ശൈലിക്കുമിടയില്‍ ഹോളണ്ടിന്‍െറ പഴയ ടോട്ടല്‍ ഫുട്ബാളിന്‍െറ വക്താവായ റിനൂസ് മിഷെല്‍സ് വികസിപ്പിച്ചെടുത്ത ചാരുതയാര്‍ന്ന ശൈലി. യോഹാന്‍ ക്രൈഫും മറഡോണയും റൊണാള്‍ഡീന്യോയും ഉള്‍പ്പെടെ പന്തടക്കത്തിന്‍െറ അപ്പോസ്തലന്മാര്‍ അഴകുവിടര്‍ത്തിയാടിയ നൂകാംപിന്‍െറ മണ്ണില്‍ ഈ ബാഴ്സലോണാ ടീം നടത്തുന്നത് പാസിങ് ഗെയിമിന്‍െറ പാരമ്പര്യം തന്നെ. ഭാവനാ സമ്പന്നരുടെ ധാരാളിത്തത്തില്‍ അവരത് കുറേക്കൂടി ആധികാരികമായി അവതരിപ്പിക്കുന്നുവെന്നു മാത്രം. തങ്ങളുടെ ലാ മാസിയ അക്കാദമിയില്‍ കളി പഠിച്ചെത്തിയവരുടെ ബാഹുല്യം പ്ളേയിങ് ഇലവനില്‍ അനുഭവപ്പെടുമ്പോള്‍ കുഞ്ഞുന്നാള്‍ മുതല്‍ കൂടെക്കളിക്കുന്ന മാനസിക ഐക്യം, അടുത്ത ചുവട് മനസ്സില്‍ ഗണിച്ചെടുക്കാനുള്ള അവസരമൊരുക്കുന്നു.


കുറിയ പാസുകളില്‍ കരുനീക്കുകയും പൊസിഷന്‍ ഫുട്ബാളിനെ പരമമായി കരുതുന്ന ശൈലിയില്‍ കളം ഭരിക്കുകയും ചെയ്യുമ്പോള്‍ അവിടെ കൂടുതല്‍ ക്രിയേറ്റിവ് ആയി കളിക്കുന്ന താരങ്ങളുടെ ഒരു കൂട്ടം തന്നെ വേണം. മധ്യനിരയില്‍ ഉയരത്തിന് പ്രാധാന്യമില്ലെന്നു വിശ്വസിക്കുന്ന ബാഴ്സലോണാ ശൈലി ഭാവനാസമ്പന്നതക്കും പന്തടക്കത്തിനുമാണ് മുഖ്യപരിഗണന നല്‍കുന്നത്. പിന്‍നിരയില്‍ കളിക്കുന്നവര്‍ക്കുപോലും ഈ ഗുണഗണങ്ങള്‍ നിര്‍ബന്ധമാണെന്ന് ബാഴ്സാ ഡിഫന്‍ഡര്‍മാരുടെ ബാള്‍ കണ്‍ട്രോള്‍ സാക്ഷ്യപ്പെടുത്തും.
ഉയരം കുറഞ്ഞ കളിക്കാര്‍ക്ക് ഭൂമിയുമായുള്ള ആകര്‍ഷണം കൂടുമെന്നും അതിവേഗ ചലനങ്ങള്‍ സാധ്യമാകുമെന്നും പന്തിനെ കൂടുതല്‍ ആധികാരികമായി നിയന്ത്രണത്തിലെടുക്കാന്‍ കഴിയുമെന്നുമുള്ള പഠനങ്ങളില്‍ ബാഴ്സ വിശ്വസിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് ഡെക്കോയും സാവിയും പോലുള്ളവര്‍ അവരുടെ കളിതന്ത്രങ്ങളുടെ മുഖ്യകണ്ണികളാവുന്നത്. ഉയരം കൂടിയ താരങ്ങള്‍ക്കിടയിലെ അതീവ പ്രതിഭാശാലിയായ സ്ളാറ്റന്‍ ഇബ്രാഹിമോവിച്ച് ഈ കണ്ണിയുമായി ഇണങ്ങിച്ചേരാന്‍ കഴിയാതെ കളം വിട്ടത് ഓര്‍ക്കുക. തങ്ങളുടെ മാനദണ്ഡങ്ങള്‍ ഏറെ ഒത്തിണങ്ങിയതു കൊണ്ടാണ് ബ്രസീലിന്‍െറ പ്രതിഭാധനനായ യുവസ്ട്രൈക്കര്‍ നെയ്മറിനെ ടീമിലെടുക്കാന്‍ ബാഴ്സലോണ ഇപ്പോള്‍ ഏറെ ആഗ്രഹിക്കുന്നതും.


സെന്‍ട്രല്‍ ഡിഫന്‍ഡറുടെ പൊസിഷനില്‍നിന്ന് പിക്വെഇടക്ക് ഡ്രിബ്ളിങ്ങിന്‍െറ മനോഹാരിതയില്‍ കയറിയെത്തുന്നതും ഫുള്‍ബാക്കുകളായ ആല്‍വെസിന്‍െറയും ആല്‍ബയുടെയും കൊള്ളിയാന്‍ നീക്കങ്ങളും ബാഴ്സയുടെ ക്രിയേറ്റിവ് ഫുട്ബാളിന്‍െറ കരുത്ത് വെളിപ്പെടുത്തുന്നു. വളരെ ഓര്‍ഗനൈസ്ഡ് ആയ ടീമുകള്‍ക്കെതിരെ വരെ ഈ ക്രിയേറ്റിവ് കരുനീക്കങ്ങള്‍ കുറിക്കുകൊള്ളും. ഡിഫന്‍സിവ് സ്ട്രാറ്റജിയുടെ മര്‍മമറിഞ്ഞവരായിട്ടും ബാഴ്സക്കെതിരെ ആദ്യപാദത്തില്‍ നേടിയ മുന്‍തൂക്കം നഷ്ടമാവാതെ കാക്കുന്നതില്‍ എ.സി.മിലാന്‍ പരാജയപ്പെടുന്നത് അതുകൊണ്ടാണ്. മുനകൂര്‍ത്ത പ്രത്യാക്രമണങ്ങളില്‍ ഡിഫന്‍ഡര്‍മാരുടെ നില തെറ്റിക്കുക മാത്രമാണ് ബാഴ്സയെ തോല്‍പിക്കാനുള്ള പ്രധാന പോംവഴി. സെറ്റ് പീസുകളില്‍ ഉയര്‍ന്നുചാടി ഉതിര്‍ക്കുന്ന ഹെഡറുകള്‍ മറ്റൊരായുധമാക്കാവുന്നതാണ്. അല്ലാതെ പന്തിന്മേല്‍ ആധിപത്യം കാട്ടി ബാഴ്സക്കെതിരായ മത്സരം പിടിച്ചെടുക്കാമെന്നു മോഹിക്കുന്നത് മൗഢ്യമായിരിക്കും. കാരണം, എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന മധ്യനിരയും അതിനു മുന്നില്‍ ഫിനിഷിങ്ങിന്‍െറ മര്‍മമറിഞ്ഞ മുന്നേറ്റക്കാരനുമുണ്ടവര്‍ക്ക്. കാവലാളുകളിലൊരാളുടെ കണ്ണൊന്നു പാളിയാല്‍ നിനച്ചിരിക്കാത്തൊരു നീക്കത്തില്‍ ശൂന്യതയില്‍നിന്നെന്ന വണ്ണം ഒരു കുറിയ കളിക്കാരന്‍ പെനാല്‍റ്റി ബോക്സില്‍ പൊട്ടിമുച്ച് പന്തിനെ വലയിലേക്ക് വഴിനടത്തും. പൊസിഷനിങ്ങും മൂവ്മെന്‍റിലും അത്രമാത്രം കേമന്മാരായതുകൊണ്ടാണ് ബാഴ്സാ താരങ്ങള്‍ എതിരാളികളെ  അതിജയിക്കുന്നതെന്ന് പ്രശസ്ത ഇറ്റാലിയന്‍ കോച്ച് അരിഗോ സാച്ചി വിലയിരുത്തിയിരുന്നു. കുറിയ ശരീരത്താല്‍ മെസ്സിയും പെഡ്രോയും സാവിയുമൊക്കെ ഞൊടിയിടയില്‍ നിയന്ത്രണങ്ങളുടെ കെട്ടുപൊട്ടിച്ചു കയറുമ്പോള്‍ പിറക്കുന്നത് ആകാരമല്ല, പ്രതിഭയാണ് വലുതെന്ന മുദ്രാവാക്യം തന്നെയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus