12:30:26
06 Oct 2015
Tuesday
Facebook
Google Plus
Twitter
Rssfeed

ഗ്രാന്‍റ് ചെറോക്കി

ഗ്രാന്‍റ് ചെറോക്കി

മൈക്ടൈസന്‍െറ കരുത്തും ഐശ്വര്യറായിയുടെ രൂപവും ഒരാള്‍ക്ക് നല്‍കുന്നപോലെയാണ് ജീപ്പ് ഗ്രാന്‍റ് ചെറോക്കികള്‍ നിര്‍മിക്കുന്നത്.
പജേറോയും ലാന്‍റ് ക്രൂയിസറും വാഴുന്ന ലോകത്ത് എന്തെങ്കിലുമാകണമെങ്കില്‍ ഇങ്ങനെയുള്ള വഴികള്‍ സ്വീകരിക്കണമെന്ന് ജീപ്പിനറിയാം. വാഹനലോകത്തെ വിമുക്ത ഭടനാണ് ജീപ്പ്. രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ സേനക്കുവേണ്ടിയാണ് ജനിച്ചത്. അമേരിക്കന്‍ മോട്ടോഴ്സാണ് പിതാവ്. എല്ലാ യുദ്ധങ്ങളും കഴിയുമ്പോള്‍ സാധാരണ പട്ടാളക്കാര്‍ക്ക് സംഭവിക്കുന്നതുപോലെ ജീപ്പിനെയും ആര്‍ക്കും വേണ്ടാതായി. ജീവിക്കണമെങ്കില്‍ നാട്ടിലിറങ്ങി വല്ല കൂലിപ്പണിയും ചെയ്യണമെന്നതായി സ്ഥിതി. അങ്ങനെ 1945 കാലഘട്ടത്തില്‍ ജീപ്പ് സാധാരണക്കാര്‍ക്കും കിട്ടിത്തുടങ്ങി. ആയിടക്ക് മഹീന്ദ്രയും മുഹമ്മദും ചേര്‍ന്ന് ജീപ്പിനെ ഇന്ത്യയിലെത്തിച്ചു. ക്രമേണ കേരളത്തിന്‍െറ ദേശീയ വാഹനമായി ജീപ്പ് മാറി. എല്ലാ യൂട്ടിലിറ്റി വണ്ടികളെയും ജീപ്പ് എന്ന് വിളിക്കുന്നിടം വരെയെത്തികാര്യങ്ങള്‍. മലമ്പ്രദേശങ്ങളില്‍ ട്രാക്ടറിനും കാറിനുമിടയിലെ വിടവ് നികത്തുന്ന വാഹനമാണിത്. എന്നുകരുതി ജീപ്പിനെ തള്ളിപ്പറയരുത്. ആഡംബരവാഹനങ്ങളുണ്ടാക്കുന്നതിലും അഗ്രഗണ്യരാണിവര്‍.
1974 ലാണ് ഗ്രാന്‍റ് ചെറോക്കി ആദ്യം പ്രത്യക്ഷപ്പെടുന്നത്. ജീപ്പിന്‍െറ തനി സ്വഭാവമായിരുന്നതിനാല്‍ കരുത്തിന് മാത്രമായിരുന്നു പ്രാധാന്യം. 1987മുതല്‍ ക്രൈസ്ലറാണ് ഇവരെ പോറ്റുന്നത്. ഇതോടെ ചെറോക്കിയുടെ നല്ലകാലം തുടങ്ങി. കുറച്ച് വൈകിയെങ്കിലും ചെറോക്കി ഇപ്പോള്‍ ഇന്ത്യയിലുമെത്തുകയാണ്. കൊണ്ടുവരുന്നയാളെ കേട്ടാല്‍ ആദ്യമൊന്ന് ഞെട്ടും. സാക്ഷാല്‍ ഫിയറ്റ്. നേരെചൊവ്വേ ഒരു കാര്‍ വില്‍ക്കാന്‍ പറ്റാത്തവരാണോ ഈ സാഹസം ചെയ്യുന്നതെന്ന് ചോദിക്കാന്‍ വരട്ടെ. കാരണം ക്രൈസ്ലറിന്‍െറ ഉടമകളാണ് ഫിയറ്റ്.
സാക്ഷാല്‍ ഫെറാരിയും ഫിയറ്റിനെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കും. ടാറ്റയും മാരുതിയും ഷെവര്‍ലെയുമൊക്കെ ഫിയറ്റിന്‍െറ ദയയിലാണ് ഇവിടെ കഴിയുന്നത്. ബെന്‍സ് എം ക്ളാസിന്‍െറ ഷാസിയാണ് ഗ്രാന്‍റ് ചെറോക്കിക്കുള്ളത്. എഞ്ചിന്‍ ഇറ്റലിയില്‍ നിന്നാണ്. 240 ബി.എച്ച്.പി കരുത്തുള്ള മൂന്നു ലിറ്ററിന്‍െറ വി 6 കോമണ്‍റെയില്‍ എഞ്ചിന്‍ 550 എന്‍.എം കരുത്ത് നല്‍കും. എട്ട് സെക്കന്‍റിനുള്ളില്‍ 100 കി.മീ വേഗമാര്‍ജിക്കും.
പരമാവധി 180 കീ.മീറ്ററില്‍ വരെ പോകാന്‍ കഴിയും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സും ഇതിനുണ്ട്. അഞ്ചാം തലമുറയിലെ ചെറോക്കിയാണ് ഇന്ത്യയിലെത്തുന്നത്. വലുപ്പമാണ് ചെറോക്കികളുടെ പ്രധാന ആകര്‍ഷണം. 30 മുതല്‍ 40 ലക്ഷം വരെ വിലയുള്ള ആഡംബര സ്പോര്‍ട്സ് യൂട്ടിലിറ്റി വിഭാഗത്തിലാണ് ചെറോക്കി.
അതുകൊണ്ടുതന്നെ സവിശേഷതകളെക്കുറിച്ച് ഒരുപാട് വര്‍ണിക്കേണ്ടതില്ല. നമുക്ക് തികച്ചും പുതുമയാണെങ്കിലും എന്‍.ആര്‍.ഐകള്‍ക്ക് ചെറോക്കികള്‍ സ്വന്തക്കാരെപോലെയാണ്. ജീപ്പിന്‍െറ ഏക പ്രതീക്ഷയും അതുതന്നെ.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus