Fri, 03/01/2013 - 10:14 ( 11 weeks 5 daysago)
ധോണി ആറാം നമ്പറില്‍ ഇറങ്ങണം -ദ്രാവിഡ്
(+)(-) Font Size
ധോണി ആറാം നമ്പറില്‍ ഇറങ്ങണം -ദ്രാവിഡ്

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് മത്സരങ്ങളില്‍ സ്ഥിരമായി ആറാം നമ്പറില്‍ പാഡുകെട്ടിയിറങ്ങണമെന്ന് മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ആസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറാം നമ്പറിലിറങ്ങിയ ധോണി ഒന്നാമിന്നിങ്സില്‍ 224 റണ്‍സെടുത്ത് ടീമിനെ ജയത്തിലേക്ക് നയിച്ചിരുന്നു. ഏഴാം സ്ഥാനക്കാരനായി ബാറ്റിങ്ങിനിറങ്ങുന്ന ധോണി രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ആറാം നമ്പറില്‍ ക്രീസിലെത്തിയത്്. ധോണിയുടെ പ്രകടനത്തെയും ഒന്നാം ടെസ്റ്റിനെയും വിലയിരുത്തി ദ്രാവിഡ് സംസാരിക്കുന്നു.

എന്തുകൊണ്ടാണ് ധോണി ആറാം നമ്പറില്‍ ഇറങ്ങണമെന്ന് പറയുന്നത്?
ആ സ്ഥാനത്തിറങ്ങുമ്പോള്‍ ഇതുപോലെ മികച്ച ഇന്നിങ്സുകള്‍ കളിക്കാന്‍ അവസരം കിട്ടും. ഏഴാം നമ്പറില്‍ ബാറ്റിങ് അല്‍പം ബുദ്ധിമുട്ടാണ്. ഒരു സ്ഥാനം മുമ്പേ ക്രീസിലെത്തുമ്പോള്‍ ഒരു സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍ ധോണിക്കൊപ്പമുണ്ടാകും. ഒരു ഓള്‍റൗണ്ടര്‍ പിന്നാലെ വരാനുമുണ്ടെന്നതും മാനസികമായി കരുത്തു പകരും. ഈ പ്രകടനം ധോണി വിദേശത്ത് ആവര്‍ത്തിക്കുകയാണ് വേണ്ടത്. വിദേശ പിച്ചുകളില്‍ ധോണി ആറാം നമ്പറില്‍ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യയെ അത് വ്യത്യസ്തമായൊരു ടീമാക്കി മാറ്റും. ഇന്ത്യന്‍ ടീമിന്‍െറ പ്രകൃതം തന്നെ മാറ്റാന്‍ ഉതകുന്നതായിരിക്കും അത്. ടീമിന്‍െറ സന്തുലിതത്വത്തെ ഏറെ ഗുണകരമായാണ് അത് സ്വാധീനിക്കുക.

ഇന്ത്യന്‍ ടീമിന്‍െറ അടുത്ത വിദേശ പര്യടനം ദക്ഷിണാഫ്രിക്കയിലേക്കാണ്. അവിടെ ധോണിക്ക് തിളങ്ങാനാവുമോ?
അവിടെയും ധോണി ആറാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ് എന്‍െറ അഭിപ്രായം. അത് ജദേജയെപ്പോലെ ഒരു ഓള്‍റൗണ്ടറെ ഏഴാം നമ്പറില്‍ കളിപ്പിക്കാനും മൂന്നു പേസ് ബൗളര്‍മാരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താനും  സഹായിക്കും. അത് ടീമിന് സന്തുലിതത്വവും കൂടുതല്‍ സാധ്യതകളും സമ്മാനിക്കും.

വിമര്‍ശങ്ങള്‍ക്ക് നടുവിലായിരുന്ന ധോണിക്ക് ഈ ഇരട്ട സെഞ്ച്വറി ഏറെ സഹായകമാവില്ലേ?
ഈ വിമര്‍ശങ്ങളൊന്നും ധോണിയെ വ്യാകുലപ്പെടുത്തിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അതുകൊണ്ടാണ് ഏറെ വിജയങ്ങള്‍ നേടാന്‍ അദ്ദേഹത്തിന് കഴിയുന്നത്. ഈ ഇരട്ട സെഞ്ച്വറി  കളി ആസ്വദിക്കാനും സ്വയം ഉണര്‍വുനേടാനും ധോണിയെ തുണക്കും. റണ്‍സ് സ്കോര്‍ ചെയ്യുകയും ടീമിനെ ജയത്തിലേക്ക് നയിക്കുകയും ചെയ്യുകയെന്നതാണ് ഏതൊരു ക്യാപ്റ്റനും ആഗ്രഹിക്കുന്നത്.

12 വിക്കറ്റെടുത്ത അശ്വിന്‍െറ ബൗളിങ് പ്രകടനത്തെക്കുറിച്ച്?
കരിയറില്‍ തിരിച്ചടികളുണ്ടായശേഷം കോച്ചിനൊപ്പം കൂടുതല്‍ സമയം ചെലവിട്ട് കരുത്താര്‍ജിച്ചാണ് അവന്‍ തിരിച്ചെത്തിയത്. യുവതാരങ്ങളുടെ ഒറ്റപ്പെട്ട തിരിച്ചടികളെ ഞാന്‍ ഗൗനിക്കാറില്ല. ഏറെ സ്ളോ ബാളുകള്‍ എറിഞ്ഞ അശ്വിന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഭാവിയിലേക്ക് അശ്വിന്‍ ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്.

പരമ്പരയില്‍ ആസ്ട്രേലിയ തിരിച്ചുവരുമെന്ന് കരുതുന്നുണ്ടോ?
ഒരിക്കലും എഴുതിത്തള്ളാന്‍ പറ്റാത്ത ടീമാണ് ആസ്ട്രേലിയ. ഇന്ത്യയെ ഭയപ്പെടുത്താന്‍ അവര്‍ക്ക് അവസരം ലഭിച്ചിരുന്നു. എന്നാല്‍, പീറ്റര്‍ സിഡിലും മിച്ചല്‍ സ്റ്റാര്‍ക്കും നന്നായി ബൗള്‍ ചെയ്തില്ല. എന്നിട്ടും അവര്‍ ചില ചോദ്യങ്ങളുയര്‍ത്തി. ടേണിങ് ട്രാക്കില്‍ ഒന്നാമിന്നിങ്സില്‍ 380 റണ്‍സ് സ്കോര്‍ ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞു. പ്ളേയിങ് ഇലവനിലെ താരങ്ങളെ സെലക്ട് ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധ കാട്ടിയാല്‍ ഓസീസിന് പിടിച്ചുനില്‍ക്കാനാവും. ചെന്നൈയിലേതുപോലെ ടേണ്‍ ചെയ്യുന്ന പിച്ചാണെങ്കില്‍ രണ്ടാം സ്പിന്നറെ ടീമില്‍ ഉള്‍പ്പെടുത്തണം. ഇന്ത്യയില്‍ പന്തെറിഞ്ഞ് പരിചയമുള്ള മിച്ചല്‍ ജോണ്‍സണിനെയും സേവിയര്‍ ഡോഹെര്‍ട്ടിയെയും ടീമിലെടുക്കുന്നത് ആസ്ട്രേലിയക്ക് ഗുണം ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. റണ്ണൊഴുക്ക് തടയാന്‍ ഇംഗ്ളണ്ടിന് മോണ്ടി പനേസറെന്നപോലെ ഒരു ബൗളര്‍ ഒപ്പമുണ്ടെങ്കില്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus