ഇന്നിന്റെ ബോളിവുഡ് സംഗീതമായി അമിത് ത്രിവേദി

ഇന്നിന്റെ ബോളിവുഡ് സംഗീതമായി അമിത് ത്രിവേദി

ഫെബ്രുവരിയേ ആയിട്ടുള്ളെങ്കിലും ഈ വര്‍ഷം ഇതിനകം ബോളിവുഡില്‍ ഒരുപിടി ചിത്രങ്ങളും ഗാനങ്ങളും പുറത്തിറങ്ങിക്കഴിഞ്ഞു. ഗാനങ്ങളുടെ കാര്യത്തില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രം ഏതെന്ന് ചോദിച്ചാല്‍ ആദ്യം വരുന്ന പേരുകളില്‍ ഒന്ന് 'കൈ പോ ചെ' എന്ന അഭിഷേക് കപൂര്‍ ചിത്രമായിരിക്കും.
15 ഗാനങ്ങളടങ്ങിയ ഡേവിഡ്, 11 ഗാനങ്ങളുള്ള മാത്രു കി ബിജ്ലി കാ മണ്ടോലാ, ഒന്‍പത് ഗാനങ്ങളുള്ള എ.ബി.സി.ഡി എന്നിവയോട് കിടപിടിക്കാന്‍ വെറും മൂന്നു പാട്ടുകളുള്ള ഒരു സൌണ്ട് ട്രാക്കിന് സാധിക്കുന്നു എന്നത് തന്നെ സംഗീതസംവിധായകന്റെ കഴിവിന്റെ മികച്ച ദൃഷ്ടാന്തമാണ്. പക്ഷേ, ഇതീ ചങ്ങലയുടെ ഒടുവിലത്തെ കണ്ണി മാത്രം, അമിത് ത്രിവേദി എന്ന പ്രതിഭ ശ്രോതാക്കളെ തന്റെ അസാമാന്യ പാടവത്തിലൂടെ വിസ്മയിപ്പിക്കാന്‍ തുടങ്ങിയിട് ഇത് അഞ്ചാമത്തെ വര്‍ഷമാണ്.
എന്നും വ്യത്യസ്തത പരീക്ഷിക്കുന്ന സംവിധായകന്‍ അനുരാഗ് കാശ്യപ്, ദേവദാസ് എന്ന പ്രേമകാവ്യത്തെ 2009ല്‍ 'ദേവ് ഡി' എന്ന പേരില്‍ ആധുനിക പരിവേഷത്തോടെ അവതരിപ്പിച്ചപ്പോള്‍ കൂടെ നല്‍കിയത് 18 ഗാനങ്ങളാണ്. ആ ശ്രമകരമായ ജോലി ഭംഗിയായി നിര്‍വഹിച്ചാണ് അമിത് ത്രിവേദിയെന്ന സംഗീതസംവിധായകന്‍ ബോളിവുഡില്‍ തന്റെ വരവ് അറിയിച്ചത്. പക്ഷേ, അമിത്തിന്റെ സംഗീതസപര്യ ആരംഭിക്കുന്നത് ഇതിനൊക്കെ വളരെ മുമ്പേയാണ് ^ഗായകന്‍ ശ്രീറാം അയ്യര്‍, സംഗീത സംവിധായകന്‍ അമര്‍ത്യ രാഹുത് എന്നിവരോടൊപ്പം 2002ല്‍ 'ഓം' എന്ന അഞ്ചംഗ ഫ്യൂഷന്‍ ബാന്‍ഡ് സ്ഥാപിച്ചുകൊണ്ട്!
ആ സംഘത്തിന്റെ ആയുസ് ഒരു ആല്‍ബത്തില്‍ ഒടുങ്ങി. എങ്കിലും ടൈംസ് മ്യൂസിക്കായിരുന്നു ആ ആല്‍ബം പുറത്തിറക്കിയതെന്നത് ഗാനങ്ങളുടെ നിലവാരത്തിന് തെളിവായിരുന്നു. ആ ബാന്‍ഡിന്റെ വിരാമത്തിന് ശേഷം അമര്‍ത്യ രാഹുതിനുവേണ്ടിത്തന്നെ ഗാനം ചിട്ടപ്പെടുത്തിക്കൊണ്ടിരുന്ന അമിത് വീണ്ടും വരുന്നത് 'ഇന്ത്യന്‍ ഐഡല്‍' ജേതാവ് അഭിജിത് സാവന്തിന്റെ രണ്ടാമത്തെ ആല്‍ബമായ 'ജുനൂനി'ലാണ്. ബിഡ്ഡു, മിഥുന്‍ എന്നിവരുള്‍പ്പെട്ട ആല്‍ബത്തില്‍ നാലു ഗാനങ്ങള്‍ക്കാണ് അമിത് സംഗീതം നല്‍കിയത്. കേള്‍ക്കാന്‍ ഇമ്പമുള്ള പാട്ടുകളാണെങ്കിലും പില്‍ക്കാലത്ത് അമിത്തിന്റെ മുഖമുദ്രയാകാന്‍ പോന്ന പുതുമയൊന്നും അവയ്ക്കുണ്ടായിരുന്നില്ല. ആയിടക്ക് തന്നെ രമനേസിയാ തു തോ നാ ആയി എന്നിങ്ങനെ ഒരു പിടി മറ്റു സിനിമേതര ആല്‍ബങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
2008ല്‍ 'ആമിര്‍' എന്ന ചിത്രത്തിലാണ് സിനിമാ സംഗീത സംവിധായകനായി അമിത് അരങ്ങേറ്റം കുറിക്കുന്നത്. ഒരു തീം ഗാനമടക്കം തികച്ചും പുതുമയാര്‍ന്ന രീതിയിലുള്ള അതിലെ ആറുഗാനങ്ങള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ 'ദേവ് ഡി' യില്‍ വരാനിരുന്നതിന്റെ സാമ്പിള്‍ വെടിക്കെട്ടായിരുന്നു എന്നുവേണം കരുതാന്‍. എന്നാല്‍ പല കാരണങ്ങളാലും 'ആമിറി'ലെ ഗാനങ്ങള്‍ വേണ്ടത്ര ശ്രദ്ധ നേടിയില്ല.
അതേവര്‍ഷം അമിത്തിന്റെ ഒരു ഹിന്ദിഗാനം മലയാളത്തില്‍ 'അന്തിപൊന്‍വെട്ടം' എന്ന ചിത്രത്തില്‍ ഉപയോഗിക്കപ്പെട്ടു. പടത്തിന്റെ പരാജയം മൂലം അതും അധികമാരും അറിഞ്ഞില്ല.
അതിനുശേഷം കുറച്ചുമാസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹത്തിന്റെ സംഗീതജീവിതം മാറ്റിമറിച്ച 'ദേവ് ഡി' 2009ല്‍ പിറക്കുന്നത്. നാടന്‍ ശീലുകള്‍ അടങ്ങിയ 'ഡോല്‍ യാര', ക്ലാസിക്കല്‍ ഫ്യൂഷന്‍ ശൈലിയിലുള്ള 'പായലിയ' എന്നിവയില്‍ തുടങ്ങി പഞ്ചാബി, ജാസ്, ബ്ലൂസ്, റോക്ക് എന്നിങ്ങനെ 18 ഗാനങ്ങളില്‍ വ്യത്യസ്ത ശൈലികളുടെ വിപുലമായ 'ബുഫെ' തന്നെയായിരുന്നു ശ്രോതാക്കള്‍ക്ക് സമ്മാനിച്ചത്. അവതരണരീതി കൊണ്ടും വരികളിലെ വ്യത്യസ്തത കൊണ്ടും കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ വന്ന 'ഇമോഷനല്‍ അത്യാചാര്‍' എന്ന ഗാനമാണ്.
ആ വര്‍ഷം തന്നെയാണ് എ.ആര്‍. റഹ്മാന്‍ വളരെ കാലത്തിനിടക്ക് തന്റെ മികച്ച സൌണ്ട് ട്രാക്കായ 'ഡെല്‍ഹി സിക്സു'മായി വരുന്നത്. ഇത്രയും വമ്പന്‍ പ്രതിയോഗി ഉണ്ടായിരുന്നിട്ടും മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരമടക്കം ഒരു പിടി അവാര്‍ഡുകള്‍ അമിത് ആ വര്‍ഷം കീശയിലാക്കി. 2009ല്‍ തന്നെ 'വേക്ക് അപ്പ് സിഡ്' എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും നിര്‍വഹിച്ചു. ബോളിവുഡില്‍ വിരളമായി കാണുന്ന പ്രതിഭാസമാണ് പശ്ചാത്തലസംഗീതം സി.ഡിയായി പുറത്തിറങ്ങുന്നത്. 'വേക്ക് അപ്പ് സിഡി'ന്റെ പിന്നണിക്കായി അമിത് ഒരുക്കിയ അഞ്ചുഗാനങ്ങള്‍ അങ്ങനെ ആ അപൂര്‍വ ബഹുമതിയും സ്വന്തമാക്കി.
2010 അദ്ദേഹത്തിന് കൂടുതല്‍ തിരക്കേറി. 'സ്ട്രൈക്കര്‍' എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ തുടങ്ങി 'ആമിറി'ന്റെ സംവിധായകന്‍ രാജ് കുമാര്‍ ഗുപ്തയുടെ അടുത്ത സംരംഭമായ 'നോ വണ്‍ കില്‍ഡ് ജെസീക്ക' വരെ അഞ്ചു സിനിമകളുടെ ഭാഗമായി. ഇതില്‍ ഏറ്റവും വിജയംനേടിയത് റോക്ക് സംഗീതത്തിന്റെ ചുവട് പിടിച്ച് തീര്‍ത്ത 'ഉഡാന്‍' എന്ന സൌണ്ട്ട്രാക്കാണ്.
2011 അല്‍പം വിരസമായിരുന്നെങ്കിലും ബ്രിട്ടീഷ് സംവിധായകനായ മൈക്കല്‍ വിന്റര്‍ബോട്ടമിന്റെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിര്‍മിച്ച ചിത്രമായ 'തൃഷ്ണ'യുടെ സംഗീതം നല്‍കാന്‍ അവസരം ലഭിച്ചു.
തുടര്‍ന്ന് 'ഇഷക്ക്സാദെ' എന്ന ചിത്രത്തിലൂടെ 2012ല്‍ ശക്തമായി തിരിച്ചുവരുകയായിരുന്നു അമിത്. 'പരേശാന്‍' എന്ന ഗാനം കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പുറത്തിറങ്ങിയ 'അയ്യ', 'ലവ് ഷുവ് തോയ് ചിക്കന്‍ കുറാന' എന്നിവയിലൂടെ ഹാസ്യചിത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് അമിത് തെളിയിച്ചു. അതിനിടെ എം.ടി.വിയുടെ കോക്ക് സ്റ്റുഡിയോ രണ്ടാം സീസണിലൂടെ ഒരുപിടി ഫ്യൂഷന്‍ ഗാനങ്ങളും നമുക്ക് സമ്മാനിച്ചു. ഈ വര്‍ഷം എട്ടോളം പടങ്ങളാണ് അമിത്തിന്റെ ലിസ്റ്റിലുള്ളത്. അതില്‍ ആദ്യത്തേതാണ് 'കൈ പോ ചെ'.
അമിത് ത്രിവേദി ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയ കാലം മുതല്‍ക്ക് തന്നെ കേള്‍ക്കുന്ന ചോദ്യമാണ് 'അമിത്താണോ അടുത്ത എ.ആര്‍. റഹ്മാന്‍' എന്ന്. ആദ്യകാലത്ത് പലരും ഈ തുലനത്തെ ശക്തമായി എതിര്‍ത്തെങ്കിലും ഓരോ ചിത്രം കഴിയുന്തോറും ആ ചോദ്യം ന്യായീകരിക്കുന്ന രീതിയിലാണ് അമിത്തിന്റെ പ്രയാണം.
അമിത്തിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍, റഹ്മാന്റെ കടുത്ത ഫാനായ അദ്ദേഹത്തെ സംഗീതസംവിധായകനാവാന്‍ പ്രചോദനമായത് 'തിരുടാ തിരുടാ'യിലെ ഗാനങ്ങളാണ്. അതുകൊണ്ടു തന്നെ ഗാനങ്ങളുടെ ചിട്ടപ്പെടുത്തലില്‍ റഹ്മാനെ അനുസ്മരിപ്പിക്കുംവിധമുള്ള പുതുമ അമിത്തില്‍ കാണുന്നുമുണ്ട്.
റഹ്മാനെപ്പോലെതന്നെ ഗാനങ്ങളില്‍ ഒരുപാട് പുതിയ ഗായകരെ പരീക്ഷിച്ചിട്ടുണ്ട് അമിത്തും. അദ്ദേഹത്തിന്റെ ആദ്യകാല ട്രാക്കുകളില്‍ മുന്‍നിര ഗായകര്‍ വളരെ കുറവാണ്. അവസാനമിറങ്ങിയ 'കൈ പോ ചെ'യില്‍ മിലി നായര്‍ എന്ന മലയാളിഗായികക്കും ഇദ്ദേഹം ബോളിവുഡില്‍ തുടക്കം നല്‍കിയിട്ടുണ്ട്. സാമ്യങ്ങളേറെയുണ്ടെങ്കിലും അമിത്തിനെ റഹ്മാന്റെ പിന്‍ഗാമിയായി പലരും കാണുന്നതിന്റെ കാരണം അദ്ദേഹം നല്‍കുന്ന സംഗീതത്തിന്റെ നിലവാരമാണ്.
അമിത്തില്‍ നിന്ന് റഹ്മാനിലേക്കുള്ള ദൂരം എത്രയുമായിക്കൊള്ളട്ടെ, ഇപ്പോഴത്തെ നിലവാരത്തിന്റെയും വ്യത്യസ്തതയുടേയും കാര്യത്തില്‍ തന്റെ സമകാലികരേക്കാള്‍ ഏറെ മുന്നില്‍ തന്നെയാണീ 33 കാരനായ മുംബൈക്കാരന്‍ എന്നതില്‍ സംശയമില്ല.
(മ്യൂസിക് എലൌഡ് സൈറ്റിലെ സംഗീത നിരൂപകനാണ്ലേഖകന്‍ )

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus