‘നോ ചേഞ്ച് ഇന്‍ ഐ.സി.എസ്.കെ യൂനിഫോം’ കാമ്പയിന്‍ പടരുന്നു

കുവൈത്ത് സിറ്റി: ഏഴായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളിലെ യൂനിഫോം വിവാദം വീണ്ടും ചൂടുപിടിക്കുന്നു. രക്ഷിതാക്കളുടെ പ്രതിഷേധത്തെയും പാരന്‍റ് അഡൈ്വസറി കൗണ്‍സിലിലെ ചിലരുടെ ശക്തമായ നിലപാടിനെയും തുടര്‍ന്ന് സ്കൂള്‍ മാനേജ്മെന്‍റ് യൂനിഫോമിന് ഈടാക്കുന്ന വന്‍ തുക കുറക്കാന്‍ തീരുമാനിച്ചെങ്കിലും ഭൂരിഭാഗം രക്ഷിതാക്കളും ഇതില്‍ തൃപ്തരല്ല.
ഏകപക്ഷീയമായി തീരുമാനിച്ച യൂനിഫോം മാറ്റം തന്നെ ഉപേക്ഷിക്കണമെന്നാണ് രക്ഷിതാക്കളില്‍ ഒരു വിഭാഗത്തിന്‍െറ ആവശ്യം. ഇതിനുവേണ്ടി ‘നോ ചേഞ്ച് ഇന്‍ ഐ.സി.എസ്.കെ യൂനിഫോം’ കാമ്പയിന്‍ തന്നെ അവര്‍ തുടങ്ങിക്കഴിഞ്ഞു. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റിലുടെയും മറ്റും ആശയവിനിമയം നടത്തി യൂനിഫോമിനെതിരെ രക്ഷിതാക്കളുടെ അഭിപ്രായം സ്വരൂപിക്കുന്നത് കൂടാതെ ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കമ്യൂണിറ്റി സ്കൂളിന്‍െറ നാലു ബ്രാഞ്ചുകളിലെയും നൂറു കണക്കിന് രക്ഷിതാക്കള്‍ ഇന്നലെ വൈകീട്ട് സാല്‍മിയ ഗാര്‍ഡനില്‍ ഒത്തുചേര്‍ന്ന് യുനിഫോം മാറ്റം ഉപേക്ഷിക്കുന്നതുവരെ അതിനുവേണ്ടി പോരാടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യൂനിഫോമിനുള്ള തുക ഒരു കാരണവശാലും സ്കൂളില്‍ അടക്കില്ലെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു രക്ഷിതാവും യൂനിഫോം തുക സ്കൂളില്‍ അടക്കരുതെന്നും അവര്‍ ആഹ്വാനം ചെയ്തു.
തുക കുറച്ചെങ്കിലും മാനേജ്മെന്‍റ് അതിലൂടെ രക്ഷിതാക്കളുടെ കണ്ണില്‍പൊടിയിടുകയായിരുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. ചെറിയ കുട്ടികള്‍ക്ക് ഒമ്പതര ദിനാറും വലിയ കുട്ടികള്‍ക്ക് പത്തര ദീനാറുമാണ് ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായി ബോര്‍ഡ് ഓഫ് ട്രസ്റ്റീസും പി.എ.സി അംഗങ്ങളും ചേര്‍ന്ന് നടത്തിയ യോഗത്തിന്‍െറ തീരുമാനമായി നിശ്ചയിക്കപ്പെട്ടത്. എന്നാല്‍, ഒപ്ഷണല്‍ ആയി നിശ്ചയിച്ചിരുന്ന ബ്ളേസറും ഷൂവും ഒഴിവാക്കിയപ്പോള്‍ കുറഞ്ഞ തുകയാണിതെന്നും ഷര്‍ട്ടും പാന്‍റ്സും ടൈയും ബെല്‍റ്റും സോക്സുമടങ്ങുന്ന സെറ്റിന് പുതുക്കിയ നിരക്ക് തന്നെ കൂടുതലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഹോള്‍സെയില്‍ റേറ്റില്‍ വാങ്ങുമ്പോള്‍ ഇതിനെക്കാള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്.
യൂനിഫോം മാറ്റത്തിന്‍െറ പേരില്‍ ലഭിക്കുന്ന വന്‍ തുക എവിടേക്ക് പോകുന്നു എന്ന കാര്യത്തില്‍ സ്കൂള്‍ മാനേജ്മെന്‍റിന്‍െറ ഭാഗത്തുനിന്ന് ഒരുവിധത്തിലുള്ള സുതാര്യത ഇല്ലെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കുട്ടിയോട് പത്ത് ദീനാര്‍ വെച്ച് വാങ്ങിയാല്‍ തന്നെ ഒരു സെറ്റ് യൂനിഫോമിന്‍െറ പേരില്‍ 70,000 ദീനാര്‍ കിട്ടും. ചുരുങ്ങിയത് മൂന്ന് സെറ്റ് എങ്കിലും വേണമെന്നിരിക്കെ അതിന്‍െറ പേരില്‍ കിട്ടുന്നത് രണ്ടു ലക്ഷത്തിലറെ ദീനാര്‍. ഇതില്‍ എത്ര ലാഭം കിട്ടുന്നുവെന്നും അതില്‍ എത്ര സ്കൂളിന്‍െറ ഫണ്ടിലേക്ക് പോകുന്നു എന്നും എത്ര ഇടനിലക്കാരായി നില്‍ക്കുന്ന ബോര്‍ഡ് അംഗങ്ങളുടെ പോക്കറ്റിലേക്ക് പോകുന്നു എന്നൊന്നും പുറത്താരും അറിയുന്നില്ല.
അതിനിടെ, സ്കൂളില്‍ രക്ഷിതാക്കള്‍ക്ക് പരിശോധിക്കാന്‍ സാമ്പിള്‍ ആയി എത്തിയ യൂനിഫോമിന്‍െറ നിലവാരത്തെ കുറിച്ചും ഏറെ പരാതി ഉയര്‍ന്നിട്ടുണ്ട്. സ്കൂള്‍ മാനേജ്മെന്‍റ് പറഞ്ഞപോലെ ഉന്നത നിലവാരമുള്ള തുണി കൊണ്ടുള്ള യൂനിഫോമല്ല എത്തിയിരിക്കുന്നതെന്ന് പല രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. നിശ്ചയിച്ച ശേഷം കുറച്ച തുകക്ക് പോലുമുള്ള നിലവാരമില്ല അവക്ക് എന്നാണ് ആക്ഷേപം. യൂനിഫോമിന്‍െറ നിറത്തെ കുറിച്ചും പരാതിയുണ്ട്. വളരെ മങ്ങിയ നിറമാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും ഈ യൂനിഫോമില്‍ കുട്ടികളെ കാണാന്‍ തന്നെ അഭംഗിയായിരിക്കുമെന്നുമാണ് മിക്ക രക്ഷിതാക്കളുടെയും അഭിപ്രായം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus