12:30:26
10 Oct 2015
Saturday
Facebook
Google Plus
Twitter
Rssfeed

പീഡകരെ എങ്ങനെ ശിക്ഷിക്കണം?

പീഡകരെ എങ്ങനെ ശിക്ഷിക്കണം?

ഈ കുറിപ്പ് തയാറാക്കാന്‍ ഞാന്‍ കീബോര്‍ഡില്‍ വിരലുകള്‍ അമര്‍ത്തിക്കൊണ്ടിരിക്കെ ഒരു പെണ്‍കൊടി കൂടി തലസ്ഥാന നഗരിയില്‍ മാനഭംഗത്തിനിരയായി. അബലകളെ കൂടുതല്‍ ദുര്‍ബലരാക്കുക, അവശ വിഭാഗങ്ങളെ വീണ്ടും ഇരകളാക്കുക, മാനംകെടുത്തുക... ഇതെല്ലാം നമ്മുടെ വ്യവസ്ഥിതിയുടെ തകരാറുമൂലമോ? വ്യക്തികളുടെ മനോഭാവം കാരണമോ? തുടങ്ങിയ പ്രശ്നങ്ങള്‍ രാജ്യമെങ്ങും വിഭിന്ന രീതികളില്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നു. ഈ പുതുവത്സരത്തെ നാം വരവേറ്റതുതന്നെ ക്രൂര മാനഭംഗത്തിന്‍െറ നടുക്കുന്ന വാര്‍ത്തയുമായായിരുന്നു. പുതുവത്സരപ്പിറവിക്കുശേഷം പിറന്ന ഓരോ ദിവസവും മാനഭംഗത്തിന്‍െറയും ഇരകള്‍ കൊല്ലപ്പെട്ടതിന്‍െറയും ദുരന്തകഥകളാണ് നമുക്ക് സമ്മാനിച്ചത്. പ്രശ്നങ്ങള്‍ ഇത്ര രൂക്ഷവും വ്യാപകവുമാണെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് പുതുമപോയ ഉത്തരങ്ങള്‍ മാത്രമാണ് സമര്‍പ്പിക്കാനുള്ളത്.
മാനഭംഗസംഭവങ്ങള്‍ തുടരത്തുടരെ സംഭവിച്ചിട്ടും രാഷ്ട്രീയ കേളികള്‍ക്കു മാറ്റമില്ല. കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയ വന്‍ കക്ഷികള്‍ മാത്രമല്ല രാഷ്ട്രീയ പ്രേരിതമായ നിലപാടുകളാല്‍ പ്രശ്നങ്ങളെ കൂട്ടിക്കുഴക്കുന്നത്. സൈനിക മേഖലയിലുള്ളവരും സിവില്‍ സമൂഹാംഗങ്ങളുംവരെ സ്വന്തം താല്‍പര്യത്തിനു മുന്‍തൂക്കം നല്‍കുന്ന ഉത്തരങ്ങള്‍ പുറത്തുവിടുന്നു. പണക്കാരനും ദരിദ്രനും കള്ളനും തെരുവുതെണ്ടിയും വ്യാപാരിയും നിയമജ്ഞനുമെല്ലാം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നു.
പ്രശ്നത്തിന് പലരും വിചിത്രമായ ഒറ്റമൂലി നിര്‍ദേശിക്കുന്നു. ‘ലൈംഗികശേഷി നശിപ്പിക്കല്‍’, വധശിക്ഷ, അവയവ വിച്ഛേദനം’... പഴയകാല ഏകാധിപതികളുടെ രീതിയാണ് ഈ പോംവഴികള്‍ നിര്‍ദേശിക്കുന്നവരും അവലംബിക്കുന്നത്. സര്‍വ കുറ്റത്തെയും വധശിക്ഷകൊണ്ട് നേരിടുന്ന അനീതി. ‘തലവെട്ടുക’ എന്ന ശിക്ഷക്കുപകരം ‘മര്‍മപ്രധാനമായ അവയവം വെട്ടുക’ എന്നതു മാത്രമാണ് വ്യത്യാസം.
ഇവയൊന്നും യഥാര്‍ഥ പരിഹാരമല്ലെന്ന് ഞാന്‍ കരുതുന്നു. ഇത്തരം ശിക്ഷകള്‍ അരാജകത്വത്തിനാണ് വഴിതുറക്കുക. പണവും കൈയൂക്കും നിയമപാലക പിന്തുണയുമുള്ളവര്‍ എത്രയെത്ര നിരപരാധികളെയാണ് ഈ ജനാധിപത്യ രാജ്യത്ത് കാരാഗൃഹങ്ങളില്‍ അടക്കുന്നത്.
കളവ്, അഴിമതി തുടങ്ങിയ കേസുകളില്‍ യഥാര്‍ഥ കുറ്റവാളികള്‍ സ്വതന്ത്രരായി വിഹരിക്കുന്നതും പകരക്കാരോ ചെറുകിട കുറ്റവാളികളോ കുരുക്കിലാകുന്നതും സര്‍വസാധാരണമാണ്. ഈ നിലവെച്ചു പരിശോധിച്ചാല്‍ പീഡനക്കേസുകളിലെ ‘വെട്ടിമാറ്റല്‍’ ശിക്ഷ അഥവാ ലൈംഗികശേഷി നശീകരണം ദുരുപയോഗപ്പെടുത്താവുന്ന ചട്ടമായി കലാശിക്കും.
അതിന്‍െറ പ്രത്യാഘാതം അതിഗുരുതരമായിത്തീരുകയും ചെയ്യും. മാനഭംഗകേസില്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടില്ല എന്നതിന് ഒരുറപ്പുമില്ല. വര്‍ഷങ്ങള്‍ കഴിയുമ്പോഴാകും യഥാര്‍ഥ പ്രതി ഉന്നത രാഷ്ട്രീയക്കാരനോ വി.ഐ.പിയോ ആയിരുന്നു എന്നു നാം തിരിച്ചറിയുക. ശിക്ഷ അനുഭവിച്ച ഹതഭാഗ്യനുവേണ്ടി കണ്ണീര്‍പൊഴിക്കാന്‍ ചിലപ്പോള്‍ ബന്ധുക്കള്‍പോലും ശേഷിക്കുന്നുണ്ടാകില്ല. നിയമ കാര്‍ക്കശ്യങ്ങളെ സംബന്ധിച്ച് വാചാലരാകാന്‍ നമുക്ക് അനായാസം കഴിയും. നീതി കൃത്യമായി നടപ്പാക്കാന്‍ നമുക്കു സാധിക്കുമോ?
ശിക്ഷിക്കേണ്ടതു ശരീരത്തെയാണെന്ന മുന്‍വിധി നാം ഉപേക്ഷിച്ചേ മതിയാകൂ. പീഡകന്‍െറ മനസ്സിലേക്കുകൂടി നാം കണ്ണുകള്‍ അയക്കണം. അവന് ലഭിച്ച പ്രേരകങ്ങള്‍, അവരുടെ ബന്ധങ്ങള്‍, സാമൂഹിക സ്ഥിതിഗതികള്‍ എന്നിവകൂടി പരിഗണിക്കുന്ന ശിക്ഷകളോ ശിക്ഷണങ്ങളോ ആയിരിക്കണം നടപ്പില്‍ വരുത്തേണ്ടത്.
പീഡകരുടെ മനസ്സിനെ ശരിപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്കരിക്കപ്പെടണം, ഒപ്പം മറ്റ് നിരവധി പേരുടെയും. ബോളിവുഡില്‍നിന്ന് സ്ഥിരം മസാല ചിത്രങ്ങള്‍ പടച്ചുവിടുന്ന നിര്‍മാതാക്കളെയും സംവിധായകരെയും സാമൂഹിക മന$ശാസ്ത്രപാഠങ്ങള്‍ അഭ്യസിപ്പിക്കണം. ആഭാസനൃത്തങ്ങളും പീഡനരംഗങ്ങളും കുത്തിനിറച്ച് യുവജനങ്ങളെ ഉദ്ദീപിപ്പിക്കുന്ന സിനിമാ വ്യവസായികളെ ചോദ്യംചെയ്യാന്‍ ആളില്ലാത്ത അവസ്ഥക്ക് അന്ത്യംകുറിക്കണം. സിനിമക്കാരും രാഷ്ട്രീയമേലാളന്മാരും തഴച്ചുവളരുന്നതിന്‍െറ അണിയറ രഹസ്യങ്ങള്‍ പരിശോധിക്കപ്പെടണം. സമൂഹത്തില്‍ അശ്ളീലത പടര്‍ത്താന്‍ ആരെയും അനുവദിച്ചുകൂടാ.

പുതുപുസ്തകങ്ങള്‍

ബലാല്‍കാരവും തിരസ്കാരവും മാത്രമല്ല, സ്ത്രീയനുഭവങ്ങള്‍ എന്നു തെളിയിക്കുന്ന പുസ്തകവുമായി ഹൈദരാബാദിലെ ഹുമ കിദ്വായ് തന്‍െറ കന്നി പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നു.
‘ഹുസൈനി ആലം ഹൗസ്’ എന്ന ഈ കൃതി സ്വന്തം കുടുംബത്തിലെ സ്ത്രീകള്‍ പുരുഷകോയ്മകള്‍ക്കതീതമായി നിലകൊണ്ട തന്‍േറടങ്ങളെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. പ്രസാധനം: സബാന്‍ ബുക്സ്.
നിയോഗി ബുക്സ് പ്രസിദ്ധീകരിച്ച ‘ആര്‍ക്കിടെക്ചര്‍ ഓഫ് ശാന്തി നികേതന്‍: ടാഗോര്‍സ് കണ്‍സെപ്റ്റ് ഓഫ് സ്പേസ്’ എന്ന രചനയും എന്‍െറ ഹൃദയം കവര്‍ന്നു. മഹാനായ കവി ടാഗോര്‍ ചിത്രകലയില്‍ മാത്രമല്ല, വാസ്തുശില്‍പ കലയിലും തല്‍പരനായിരുന്നു എന്ന് സ്പഷ്ടമാക്കുന്നുണ്ട് ഈ രചന.
ജയ്പൂര്‍ സാഹിത്യോത്സവം ഈ മാസം 24ന് നടക്കാനിരിക്കുന്നു. അഞ്ചു ദിനം നീളുന്ന ആ സാംസ്കാരിക മാമാങ്കത്തെ കേന്ദ്രീകരിച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങളാല്‍ മുഖരിതമാണ് ദല്‍ഹി. മന്ത്രി കപില്‍ സിബല്‍ സാഹിത്യോത്സവത്തില്‍ സന്നിഹിതനാകുമത്രെ. മന്ത്രിയായല്ല, സ്വന്തം രചനകള്‍ ആലപിക്കുന്ന കവിയായി!


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus