തലശ്ശേരി: റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസുകളില്‍ വര്‍ധിച്ചുവരുന്ന അഴിമതി തടയാന്‍ ഇ-പേയ്മെന്‍റ് സൗകര്യം രണ്ടു മാസത്തിനകം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
തലശ്ശേരിയില്‍ കേരള മോട്ടോര്‍ ഡ്രൈവിങ് സ്കൂള്‍ ഇന്‍സ്ട്രക്ടേഴ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡ്രൈവിങ് മേഖലയില്‍ അഴിമതി നിര്‍മാര്‍ജനം ചെയ്യുന്നതിന് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ടെസ്റ്റ് നടപ്പാക്കിവരുകയാണ്. അടുത്തമാസം മുതല്‍ കണ്ണൂരിലും ഇതാരംഭിക്കും.
കമ്പ്യൂട്ടറൈസ്ഡ് ടെസ്റ്റ് ഏര്‍പ്പെടുത്തിയാല്‍ താല്‍പര്യമുള്ളവരെ ജയിപ്പിക്കാനും വിരോധമുള്ളവരെ തോല്‍പ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. തിരുവനന്തപുരത്തും തൃശൂരിലും ഈ സംവിധാനം തുടങ്ങിയിട്ടുണ്ട്.
നിലവില്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് 30 ദിവസം കൊണ്ടാണ്. ഇത് 45 ദിവസമാക്കി ഉയര്‍ത്തും. 45 ദിവസത്തെ പരിശീലനത്തിനിടയില്‍ റോഡ് നിയമങ്ങളെക്കുറിച്ചും അപകടസാധ്യതയെക്കുറിച്ചും ബോധവത്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പാലോട് രവി എം.എല്‍.എ അധ്യക്ഷത വഹിച്ചു. റോഡ് സുരക്ഷ പ്രതിജ്ഞ സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ചൊല്ലിക്കൊടുത്തു. നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍