കണ്ണൂര്‍: എന്തുവിലകൊടുത്തും എവിടെനിന്നും വൈദ്യുതി വാങ്ങുമെന്നും നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്. കണ്ണൂര്‍ പ്രസ്ക്ളബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി അധികവില ഈടാക്കാതെതന്നെ ജനങ്ങള്‍ക്ക് നല്‍കും. സംസ്ഥാനം കടുത്ത ഊര്‍ജ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ജൂണ്‍ വരെ ലോഡ്ഷെഡിങ് തുടരും. വരള്‍ച്ച തുടങ്ങിയതോടെ ഡാമുകളിലെ ജലസംഭരണം നന്നേ കുറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 43 ശതമാനമാണ് കുറവ്. കൂടാതെ വൈദ്യുതി ഉപഭോഗം ക്രമാതീതമായി കൂടുകയാണ്. വൈദ്യുതി വാങ്ങാന്‍ പണമില്ലാത്ത സ്ഥിതി പ്രതിസന്ധി രൂക്ഷമാക്കുകയാണ്. ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുപോലും തുക മുന്‍കൂറായി ലഭിക്കുന്നില്ല. പ്രതിവര്‍ഷം 10-12 ശതമാനം വരെ വൈദ്യുതി ആവശ്യം കൂടുകയാണ്. ഈവര്‍ഷം 55-56 മില്യന്‍ യൂനിറ്റാണ് ശരാശരി ഉപഭോഗം. കഴിഞ്ഞ വര്‍ഷമിത് 45 ശതമാനമായിരുന്നു.
കെ.എസ്.ഇ.ബിയുടെ പ്രതിമാസ നഷ്ടം 200 കോടി രൂപയാണ്. ഈവര്‍ഷം 2400 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഊര്‍ജ നിയന്ത്രണത്തിന്‍െറ ഭാഗമായാണ് ലോഡ്ഷെഡിങ്ങും 500 യൂനിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കും ഏര്‍പ്പെടുത്തിയത്. എല്‍.എന്‍.ജി ഉപയോഗിച്ച് ബ്രഹ്മപുരത്ത് 300 മെഗാവാട്ട് നിലയം സ്ഥാപിക്കും. ഇതിനായി ആഗോള ടെന്‍ഡര്‍ വിളിക്കും. മാര്‍ച്ചില്‍ പദ്ധതി കമീഷന്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. ഇതിനുപുറമെ കായംകുളം എന്‍.ടി.പി.സിയില്‍ 1950 മെഗാവാട്ട് അധികവൈദ്യുതി ഉല്‍പാദിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. ചീമേനിയിലെ താപനിലയവും സജീവപരിഗണനയിലാണ്. എന്നാല്‍, പ്രകൃതിവാതക പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഊര്‍ജ പ്രതിസന്ധി മറികടക്കാന്‍ സോളാര്‍ വൈദ്യുതിയുടെ സാധ്യതയും സര്‍ക്കാര്‍ ആരായുന്നുണ്ട്. ഇതിന്‍െറ ഭാഗമായി ഒരുവീട്ടില്‍ ഒരുകിലോവാട്ട് സോളാര്‍ വൈദ്യുതി പദ്ധതി നടപ്പാക്കും. ആദ്യഘട്ടത്തില്‍ 10,000 വീടുകളിലാണ് ഉദ്ദേശിക്കുന്നത്. 30 ശതമാനം കേന്ദ്രവും 39,000 രൂപ സംസ്ഥാന സര്‍ക്കാറും സബ്സിഡി നല്‍കും. ഉല്‍പന്നങ്ങളുടെ വിപണനത്തിനായി 20 കമ്പനികളെ തെരഞ്ഞെടുത്തിട്ടുണ്ട്. വൈദ്യുതി സബ്സിഡിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് റെഗുലേറ്ററി കമീഷനല്ല, സര്‍ക്കാറാണ്. കെ.എസ്.ആര്‍.ടി.സിയും കടുത്ത പ്രതിസന്ധിയിലാണ്. പ്രതിമാസനഷ്ടം 60 കോടി രൂപയാണ്. പ്രതിവര്‍ഷം 720 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ജീവനക്കാര്‍ക്കുള്ള ശമ്പളയിനത്തില്‍ മാത്രം 45 കോടിയും പെന്‍ഷന്‍ വകയില്‍ 32 കോടിയും നീക്കിവെക്കണം. വിലക്കയറ്റം വഴി പ്രതിവര്‍ഷം 180 കോടിയുടെ അധികചെലവാണ്. മൊത്തം 5300 ബസുകളാണുള്ളത്. ഇതില്‍ 700 ബസുകള്‍ കട്ടപ്പുറത്താണെന്നും മന്ത്രി പറഞ്ഞു. പ്രസ് ക്ളബ് പ്രസിഡന്‍റ് കെ.എന്‍. ബാബു അധ്യക്ഷത വഹിച്ചു. സി.പി. സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍