കാഞ്ഞങ്ങാട്: അനിശ്ചിതത്വത്തിന് വിരാമമിട്ട് പെരിയയില്‍ കേന്ദ്ര സര്‍വകലാശാല ആസ്ഥാനത്തിന് ശിലയിട്ടു. ഒട്ടേറെ വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും അറുതിവരുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഭൂമിയിലാണ് ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രി ഡോ. എം. പല്ലം രാജു തറക്കല്ലിട്ടത്. തറക്കല്ലിടല്‍ നിരവധി തവണ മാറ്റിവെച്ചത് കേന്ദ്ര സര്‍വകലാശാല സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. നിറഞ്ഞ സദസ്സിനെ സാക്ഷിനിര്‍ത്തി കേന്ദ്രമന്ത്രി ഡോ. പല്ലം രാജു കാമ്പസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്, ശിലാസ്ഥാപന ചടങ്ങും നിര്‍വഹിച്ചു. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ഡോ. ശശി തരൂര്‍, കാമ്പസിന്‍െറ മാസ്റ്റര്‍പ്ളാനും വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് സീഡിയും പി. കരുണാകരന്‍ എം.പി യൂനിവേഴ്സിറ്റി ന്യൂസ് ലെറ്ററും പ്രകാശനം ചെയ്തു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, കേന്ദ്ര സര്‍വകലാശാല ചാന്‍സലര്‍ ഡോ. വി.എല്‍. ചോപ്ര, കെ. കുഞ്ഞിരാമന്‍ എം.എല്‍.എ (ഉദുമ) എന്നിവര്‍ സംസാരിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസ് സ്വാഗതവും രജിസ്ട്രാര്‍ ഡോ. കെ.എം. അബ്ദുല്‍ റഷീദ് നന്ദിയും പറഞ്ഞു. എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളദേവി, സിഡ്കോ ചെയര്‍മാന്‍ സി.ടി. അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല, കാഞ്ഞങ്ങാട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എ. കൃഷ്ണന്‍, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. അരവിന്ദന്‍, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സന്‍ ഹസീന താജുദ്ദീന്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്‍റ് മുഹമ്മദ്കുഞ്ഞി ചായിന്‍റടി, ജില്ല കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, സ്റ്റുഡന്‍റ്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പി.വി. അനൂപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.


നിങ്ങളുടെ അഭിപ്രായങ്ങള്‍