കല്‍പറ്റ: ദേശീയപാതയിലെ രാത്രിയാത്രാ നിരോധം സംബന്ധിച്ച് ബംഗളൂരുവില്‍ നടന്ന ചര്‍ച്ചയില്‍ കര്‍ണാടക മുഖ്യമന്ത്രിയടക്കമുള്ളവരുടെ നിലപാട് നിരാശജനകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പം ചര്‍ച്ചയില്‍ പങ്കെടുത്ത എം.ഐ. ഷാനവാസ് എം.പി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബംഗളൂരു ചര്‍ച്ചയില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തില്‍ പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളാണ് വരുന്നത്.
കേരളം ഉന്നയിച്ച ഏക ആവശ്യം കര്‍ണാടക സഹകരിക്കണമെന്നാണ്. 18 കി.മീ. ഫൈ്ളഓവര്‍ എന്ന നിര്‍ദേശം ദൗര്‍ഭാഗ്യവശാല്‍ അവര്‍ സ്വീകരിച്ചില്ല. കോണ്‍വോയ് എന്നതിനോടും ഒഴുക്കന്‍മട്ടിലാണ് അവര്‍ പ്രതികരിച്ചത്. സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം നല്‍കിയ നിയമോപദേശത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും ജനപ്രതിനിധികളും കര്‍ണാടക മുഖ്യമന്ത്രി ഷെട്ടാറുമായി ചര്‍ച്ച നടത്തിയത്. സുപ്രീംകോടതിയില്‍ കേസ് വരുമ്പോള്‍ കേരളത്തിന്‍െറ വാദം എതിര്‍ക്കാതിരിക്കണമെന്നും കര്‍ണാടകയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അത് പരിഗണിക്കാമെന്ന മറുപടിയാണ് കര്‍ണാടക നല്‍കിയത്. ബദല്‍പാത നമ്മുടെ അജണ്ടയില്‍ ഇല്ലെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലുള്ള പാതയിലെ നിരോധം പൂര്‍ണമായും നീക്കുകയാണ് കേരളത്തിന്‍െറ ആവശ്യം -ഷാനവാസ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍