ആലപ്പുഴ: അബ്ദുന്നാസിര്‍ മഅ്ദനിയോട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ച സമീപനം ആശ്വാസകരവും സ്വാഗതാര്‍ഹവുമാണെന്ന് പി.ഡി.പി വര്‍ക്കിങ് ചെയര്‍മാന്‍ പൂന്തുറ സിറാജ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എം.ഐ. ഷാനവാസ് എം.പിയും ഉള്‍പ്പെടെയുള്ളവര്‍ കര്‍ണാടക മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിശദ ചര്‍ച്ച നടത്തിയതിന്‍െറ ഫലം വൈകാതെ ഉണ്ടാകുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയില്‍ തികഞ്ഞ പ്രതീക്ഷയാണ് പി.ഡി.പിക്കുള്ളത്. ഇതുമൂലം മഅ്ദനിയെ നേരില്‍ കാണാനുള്ള സാഹചര്യം കേരളീയ സമൂഹത്തിന് വൈകാതെയുണ്ടാകും. കോണ്‍ഗ്രസിന്‍െറയും ലീഗിന്‍െറയും നിലപാടുകള്‍ ആത്മാര്‍ഥതയോടെയാണ് കാണുന്നത്. മഅ്ദനിയുടെ മോചനം യാഥാര്‍ഥ്യമാക്കുന്നതിന് ശക്തമായ പ്രക്ഷോഭം പി.ഡി.പി ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടരവര്‍ഷം ബംഗളൂരുവിലെ ജയിലില്‍ മഅ്ദനിക്ക് നല്‍കിയ ചികിത്സയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാകണമെന്നും മെച്ചപ്പെട്ട ചികിത്സയാണ് നല്‍കിയതെന്ന വാദം തെറ്റാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടിലൂടെ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതര അവസ്ഥയിലാണ് മഅ്ദനിയുടെ ആരോഗ്യനില. മൂന്നുദിവസം മുമ്പ് അദ്ദേഹം ബോധംകെട്ട് വീണു. മഅ്ദനിക്കുള്ള ചികിത്സ കോടതി നിരീക്ഷണത്തില്‍ നടക്കണം.
നേതാക്കളായ കൊട്ടാരക്കര സാബു, നിസാര്‍ മത്തേര്‍, കെ.പി. നാസര്‍, അന്‍സാരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍