മൂന്നാര്‍: കേരളത്തിലെ തമിഴ് ഭൂരിപക്ഷ മേഖലകളെ തമിഴ്നാടിനോട് ചേര്‍ക്കാനുള്ള രഹസ്യ പ്രചാരണം സംബന്ധിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. തമിഴ്നാട്ടിലെ ചില ജാതി-തീവ്രവാദ കക്ഷികളുടെ നേതൃത്വത്തില്‍ തോട്ടം മേഖലയില്‍ വീഡിയോ പ്രദര്‍ശനവും വിഘടനവാദവും നടക്കുന്നതായി ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം.
ദേവികുളം, പീരുമേട് താലൂക്കുകളിലെ തമിഴ് തോട്ടം തൊഴിലാളികള്‍ക്കിടയിലാണ് ഒരു മാസമായി പ്രചാരണം ശക്തമായിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിന്‍െറ മറവിലും മത-സാമുദായിക കൂട്ടായ്മകളുടെ പേരിലുമാണ് യോഗങ്ങള്‍ നടക്കുന്നത്. മൂന്നാറിലെ ചിലരാണ് ഇതിന് നേതൃത്വം നല്‍കുന്നതെങ്കിലും പണവും മറ്റ് സഹായങ്ങളും തമിഴ്നാട്ടില്‍ നിന്ന് എത്തുന്നുണ്ട്. മൂന്നാര്‍ കോളനി കേന്ദ്രീകരിച്ചും മറയൂരിലുമാണ് യോഗങ്ങള്‍ അധികവും നടക്കുന്നത്. കുറ്റിയാര്‍വാലിയിലെ ഭൂമി നേടിയവരില്‍ അധികവും ഇവരുടെ പിന്തുണയുള്ളവരാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇടുക്കിയിലെ ഭൂപ്രദേശങ്ങളുടെ വീഡിയോ ചിത്രങ്ങളും പ്രകോപനപരമായ പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയ സീഡികള്‍ മേഖലയില്‍ വ്യാപകമായതായി കഴിഞ്ഞ ദിവസങ്ങളില്‍ ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് അധികൃതര്‍ ഉണര്‍ന്നത്. എന്നാല്‍, പ്രധാന രാഷ്ട്രീയ കക്ഷികളാരും ഇതിനെതിരെ രംഗത്ത് വരാത്തത് ദുരൂഹത ഉണര്‍ത്തുന്നുണ്ട്. തമിഴ് പ്രാദേശിക വാദമുയര്‍ത്തുന്ന ‘വൈക്കോ’ ഇതിനിടെ രണ്ട് തവണ മറയൂരിലെത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്‍െറ മറവില്‍ കേരള വിരുദ്ധ വികാരം പ്രചരിപ്പിച്ചവരില്‍ പ്രധാനിയായ വൈക്കോ ഇവിടെയും മുതലെടുക്കാന്‍ ശ്രമിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
മൂന്നാറില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള ബസ് സര്‍വീസുകളിലെ എണ്ണം മുതല്‍ തമിഴര്‍ക്കും മലയാളികള്‍ക്കുമുള്ള ഭൂമിയുടെ അളവ് വരെ വേര്‍തിരിവിനുള്ള കാരണമായി ഉയര്‍ത്തിക്കാട്ടുകയാണ്. ഇതിനു പിന്നിലുള്ളവരെ കണ്ടെത്തുകയും ഏതെങ്കിലും ഗ്രൂപ്പുകളോ കക്ഷികളോ നേതൃത്വം നല്‍കുന്നുണ്ടോയെന്നുമുള്ള അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
നിങ്ങളുടെ അഭിപ്രായങ്ങള്‍