ന്യൂദല്‍ഹി: തലസ്ഥാനത്ത് ബസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിയുടെ വിശദാംശം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സ്വാമി ഓംജി എന്നയാള്‍ കോടതിയിലെത്തിയത് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു.
ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയ സാകേത് മജിസ്ട്രേറ്റ് കോടതിയിലാണ് സ്വാമിയെത്തിയത്. ബലാത്സംഗത്തിനിരയാകുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ചെയര്‍മാനാണെന്ന് അവകാശപ്പെട്ടാണ് സ്വാമി ഓംജി കോടതിയില്‍ അപേക്ഷ നല്‍കിയത്. കുറ്റപത്രത്തിന്‍െറ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.
താനൊരു ഇന്ത്യന്‍ പൗരനാണെന്നും കൊല്ലപ്പെട്ട യുവതി ദേശത്തിന്‍െറ പുത്രിയാണെന്നും അവളുടെ സുഹൃത്ത് ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതില്‍ കുഴപ്പമില്ലെന്നും സ്വാമി വാദിച്ചു.
എന്നാല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്ന് ഇയാളോട് സെഷന്‍സ് കോടതിയെ സമീപിക്കാന്‍ മജിസ്ട്രേറ്റ് നമൃത അഗര്‍വാള്‍ നിര്‍ദേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍