ലൈംഗിക കുറ്റകൃത്യങ്ങളില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജോലി വിലക്കുന്നു.
ഇത്തരക്കാരുടെ പട്ടിക തയാറാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള വിവിധ നടപടികളുടെ ഭാഗമായാണ് ഈ നീക്കം. ഇത്തരം കേസുകള്‍ പരിശോധിക്കുന്നതിന് ഓരോ ജില്ലയിലും ഡി.എസ്.പി റാങ്കിലുള്ള പൊലീസ് ഓഫിസറെ നിയമിക്കുമെന്നും രണ്ടാഴ്ചക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചു. മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കര്‍ശനനടപടികള്‍ക്കൊരുങ്ങുന്നത്. സ്ത്രീപീഡകര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും ആലോചിക്കുന്നുണ്ട്.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ വിചാരണക്ക് നേരത്തെ ഒമ്പത് ജില്ലകളില്‍ അതിവേഗ കോടതികള്‍ സ്ഥാപിച്ചിരുന്നു. സ്ത്രീകളെ അക്രമത്തില്‍നിന്ന് രക്ഷിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപയുടെ ‘നാരി സമ്മാന്‍’ പുരസ്കാരം നല്‍കുമെന്ന് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍