12:30:26
22 May 2013
Wednesday
Facebook
Twitter
Rssfeed

250 താലിബാന്‍ പോരാളികളെ അഫ്ഗാന്‍ വിട്ടയച്ചു

കാബൂള്‍: അഫ്ഗാനിസ്താനിലെ നാറ്റോ അധിനിവേശ ശക്തികള്‍ക്കെതിരായ പോരാട്ടം ശക്തമാക്കിയതിനെ തുടര്‍ന്ന് യു.എസ് തടവില്‍ പാര്‍പ്പിച്ച 250 പോരാളികളെ അഫ്ഗാന്‍ സര്‍ക്കാര്‍ മോചിപ്പിച്ചു. 11 വര്‍ഷമായി തുടരുന്ന സംഘര്‍ഷം ഒത്തുതീര്‍പ്പിലൂടെ പരിഹരിക്കുന്നതിന് നടപടി സഹായിക്കുമെന്ന് കരുതുന്നതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള 80 പേരെ വെള്ളിയാഴ്ച മോചിച്ചിച്ചിരുന്നു. ബാക്കിയുള്ളവരെ ശനിയാഴ്ചയും വിട്ടയച്ചു. സര്‍ക്കാര്‍ മോചിപ്പിക്കാന്‍ തീരുമാനിച്ച 400 പേരടങ്ങുന്ന ബാച്ചില്‍ അവശേഷിക്കുന്നവരെ ഈയാഴ്ച തന്നെ വിട്ടയക്കുമെന്ന് അഫ്ഗാന്‍ പൊലീസ് മേധാവി മേജര്‍ ജലാലുദ്ദീന്‍ അറിയിച്ചു. അധിനിവേശത്തിനുശേഷം താലിബാന്‍ അടക്കമുള്ള സംഘടനകള്‍ക്കെതിരെ നാറ്റോ സൈന്യം നടത്തിയ ഓപറേഷനിടെ പിടിയിലായവരെയാണ് വിട്ടയച്ചിരിക്കുന്നത്.
‘അഫ്ഗാനിസ്താനില്‍ സമാധാനം കൊണ്ടുവരാന്‍ അവര്‍ക്ക് കഴിയുമെന്നും അവര്‍ സര്‍ക്കാറിനെ പിന്തുണക്കുമെന്നും ഞങ്ങള്‍ക്ക് ഉറപ്പുണ്ട്’ -പൊലീസ് മേധാവി പറഞ്ഞു. അഫ്ഗാന്‍ ഹൈ പീസ് കൗണ്‍സില്‍ ആണ് ഇത്തരം നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കൗണ്‍സിലിന്‍െറ അംഗങ്ങളും പോരാളികളുടെ ബന്ധുക്കളും കാബൂള്‍ ജയിലില്‍ മോചനത്തിന് വേണ്ടിയുള്ള നടപടിക്രമങ്ങളിലാണ്. നാറ്റോ സൈന്യം അഫ്ഗാന്‍ വിടുന്നതിന് മുമ്പായി താലിബാന്‍ അടക്കമുള്ള പോരാളി ഗ്രൂപ്പുകളുമായി സമാധാന ഉടമ്പടിയിലെത്താനുള്ള ശ്രമങ്ങളും കൗണ്‍സില്‍ നടത്തുന്നുണ്ട്. 2014 അവസാനത്തോടെയാണ് യു.എസ് അടക്കമുള്ള നാറ്റോ സഖ്യസേന അഫ്ഗാനില്‍ നിന്ന് ഏതാണ്ട് പൂര്‍ണമായി പിന്മാറിയത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ പാകിസ്താന്‍ 26 താലിബാന്‍ പോരാളികളെ വിട്ടയച്ചിരുന്നു. ഇതും സമാധാന ശ്രമങ്ങള്‍ക്ക് ശക്തി പകര്‍ന്നു.
ഇത്തരം നീക്കങ്ങളെ ഉപയോഗപ്പെടുത്തി സമാധാനശ്രമങ്ങള്‍ ഊര്‍ജിതമാക്കാനും മോചിപ്പിക്കപ്പെട്ടവരെ കാബൂളിനും താലിബാന്‍ നേതാക്കള്‍ക്കുമിടയിലെ മധ്യസ്ഥരാക്കി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോവാനുമാണ് കൗണ്‍സിലിന്‍െറ ശ്രമം.
കാബൂളിന് സമീപത്തുള്ള ബെഗ്രാം താവളത്തില്‍ ആയിരക്കണക്കിന് ആളുകളെയാണ് യു.എസ് സൈന്യം തടവില്‍ വെച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാറുമായുണ്ടാക്കിയ കരാര്‍ പ്രകാരം 3000ത്തിലേറെ പേരെ യു.എസ് സൈന്യം അഫ്ഗാന് കൈമാറിയിരുന്നു.
എന്നാല്‍, മുഴുവന്‍ തടവുകാരെയും കൈകാര്യം ചെയ്യാന്‍ അഫ്ഗാന് കഴിയില്ലെന്നാണ് യു.എസിന്‍െറ നിലപാട്.
തങ്ങള്‍ അപകടകാരികളെന്ന് സംശയിക്കുന്നവരെ പോലും വിചാരണ കൂടാതെ മോചിപ്പിക്കുകയാണെന്നും കര്‍സായിയുടെ വിമര്‍ശത്തിന് മറുപടിയായി യു.എസ് പറഞ്ഞു.
നിലവില്‍ വിവിധ രാജ്യങ്ങള്‍ തങ്ങളുടെ വിവിധ ട്രൂപ്പുകളെ പൂര്‍ണമായോ ഭാഗികമായോ പിന്‍വാങ്ങി തുടങ്ങിയിട്ടുണ്ട്.
നാറ്റോ പിന്മാറ്റത്തിന് മുമ്പുള്ള നിര്‍ണായക ചുവടുവെപ്പായാണ് അഫ്ഗാന്‍ പോരാളികളുടെ മോചനം വിലയിരുത്തപ്പെടുന്നത്. ഇവരില്‍ പലരും അന്യായമായി തടവില്‍ കഴിയുന്നവരാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus
Contact us on
Madhyamam Daily
Silver hills, Calicut 12
Pin: 673012
Phone: 0495 2731500
E-Mail: info@madhyamam.com