കൈറോ: ലിബിയന്‍ മുന്‍ പ്രസിഡന്‍റ് മുഅമ്മര്‍ ഖദ്ദാഫിയുടെ മകന്‍ സെയ്ഫുല്‍ ഇസ്ലാമിനെതിരായ വിചാരണ ഫെബ്രുവരിയില്‍ ആരംഭിക്കുമെന്ന് ലിബിയ.
സെയ്ഫുല്‍ ഇസ്ലാം, മുന്‍ പ്രധാനമന്ത്രി ബഗ്ദാദി അല്‍ മഹ്മൂദി, ഖദ്ദാഫിയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി അബ്ദുല്ല അല്‍ സനൂസി എന്നിവരുടെ ചോദ്യം ചെയ്യല്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കി വിചാരണ ആരംഭിക്കുമെന്ന് നിയമമന്ത്രി സലാഹി മറഗ്നിയാണ് ദേശീയ ടെലിവിഷനിലൂടെ അറിയിച്ചത്.
വിചാരണ ആദ്യം തീരുമാനിച്ചത് 2012 സെപ്റ്റംബറിലായിരുന്നു. എന്നാല്‍, മൗറിത്താനിയ, അബ്ദുല്ല അല്‍ സനൂസിയെ ലിബിയക്ക് കൈമാറിയതോടെ സെയ്ഫുല്‍ ഇസ്ലാമിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ വിചാരണ നീട്ടിവെക്കുകയായിരുന്നുവെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി ആര്‍.ഐ.എ നാവോസ്റ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖദ്ദാഫിയുടെ രണ്ടാമത്തെ പുത്രനാണ് 40കാരനായ സെയ്ഫ്. ഖദ്ദാഫിയുടെ പിന്‍ഗാമിയായി ഒരുകാലത്ത് ഏറ്റവും സാധ്യത കല്‍പിക്കപ്പെട്ട വ്യക്തി കൂടിയാണ് ഇയാള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍