ന്യൂദല്‍ഹി: ബസില്‍ കൂട്ടമാനഭംഗത്തിനിരയായി മരിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതില്‍ ദല്‍ഹി പൊലീസ് അലംഭാവം കാണിച്ചുവെന്ന യുവതിയുടെ സുഹൃത്തിന്റെ ആരോപണം ദല്‍ഹി പൊലീസ് നിഷേധിച്ചു.
ബസില്‍ പീഡനത്തിന് ശേഷം ബസില്‍ നിന്ന് റോഡിലേക്ക് വലിച്ചെറിയപ്പെട്ട തങ്ങളെ രക്ഷിക്കാന്‍ 45 മിനുട്ടിനു ശേഷമാണ് പൊലീസ് എത്തിയതെന്നും ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്നുമാണ് യുവാവ് സ്വകാര്യ ചാനലില്‍ വെളിപ്പെടുത്തിയിരുന്നത്.
എന്നാല്‍ രാത്രി 10.22 നാണ് യുവതിയും സുഹൃത്തും റോഡരികില്‍ അപകടത്തില്‍പ്പെട്ടു കിടക്കുന്നതായി ആദ്യ വിവരം ലഭിച്ചതെന്നും ഫോണ്‍ എത്തി നാലു മിനിറ്റുകള്‍ക്കുള്ളില്‍ പി.സി.ആര്‍ വാന്‍ സംഭവസ്ഥലത്തെത്തിയതാലും പൊലീസ് അറിയിച്ചു.
10.28 നു തന്നെ രണ്ടാമത്തെ വാന്‍ എത്തിയതായും 10.31 ഓടെ ഇരുവരെയും കൊണ്ട് വാന്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടതായും പൊലീസ് വ്യക്തമാക്കി. 24 മിനിട്ടുകള്‍ക്കുള്ളില്‍ അതായത് 10.55 ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
പൊലീസ് അലംഭാവം കാണിച്ചിട്ടില്ലെന്നും കണ്‍ട്രോള്‍ റൂമില്‍ സന്ദേശമെത്തിയതിനു 33 മിനിറ്റുകള്‍ക്കുള്ളില്‍ യുവതിയെ സര്‍ഫദ്ജങ് ആശുപത്രിയില്‍ എത്തിച്ചതായും ഈ വിവരങ്ങള്‍ ഗ്ളോബല്‍ പൊസിഷനിംങ് സിസ്റ്റത്തില്‍ റിക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍