ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗക്കേസില്‍ കുറ്റപത്രം പരിഗണിച്ച സാകേത് മെട്രോപൊളിറ്റന്‍ കോടതി അഞ്ചു പ്രതികളും പ്രഥമദൃഷ്ട്യാ നില നില്‍ക്കുന്നതാണെന്ന് മജിസ്ട്രേറ്റ് വ്യക്തമാക്കി. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു.
സാകേതിലെ അതിവേഗ കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് നിര്‍മലത അഗര്‍വാളാണ് കേസ് പരിഗണിച്ചത്. വിചാരണ അടച്ചിട്ട മുറിയില്‍ നടത്തമെന്ന ആവശ്യം ഇപ്പോള്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ മരിച്ച യുവതിയുടെയും കുടുംബങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായി പൊലീസ് സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടും കുറ്റപത്രവും മറ്റ് രേഖകളും രഹസ്യമായി സൂക്ഷിക്കാനും കോടതി ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ പ്രായപരിശോധനക്ക് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കൂട്ടമാനഭംഗകേസില്‍ പ്രതികളായ ആറുപേരില്‍ അഞ്ചുപേര്‍ക്കെതിരെയുള്ള കുറ്റപത്രം വ്യാഴാഴ്ച പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ആറാമത്തെ പ്രതി പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അവകാശപ്പെടുന്നതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയാണ് ഈ പ്രതിയുടെ വിചാരണ നടക്കുക.
മുഖ്യപ്രതി ബസ് ഡ്രൈവര്‍ രാം സിങ്, സഹോദരന്‍ മുകേഷ് സിങ്, കൂട്ടുകാരായ പവന്‍ ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് കോടതി ശനിയാഴ്ച പരിഗണിച്ചത്. ഇവര്‍ക്കെതിരെ കൊലപാതകം , കൊലപാതക ശ്രമം , കുട്ടമാനഭംഗം, അസ്വഭാവിക കുറ്റകൃത്യം, കവര്‍ച്ച, കവര്‍ച്ചയുംകൊലപാതകവും, തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, പൊതുലക്ഷ്യത്തോടെ പ്രവര്‍ത്തിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
കുറ്റപത്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ പങ്കും വിശദീകരിച്ചിട്ടുണ്ട്. ഇയാള്‍ ബസില്‍ വെച്ച് രണ്ടു തവണ യുവതിയെ ബലാത്സംഗം ചെയ്യുകയും അതിക്രൂരമായി പരിക്കേല്‍പ്പിക്കുന്നതിന് മറ്റു പ്രതികളെ പ്രേരിപ്പിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു.
സര്‍ഫദര്‍ജങ് ആശുപത്രിയില്‍ നിന്നും യുവതി നല്‍കിയ മൊഴിയും ബസില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെമൊഴിയും പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവുകളാകും.
ഡിസംബര്‍ 16 ന് ദല്‍ഹിയില്‍ ഓടുന്ന ബസില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതി 13 ദിവസത്തിനു ശേഷം 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ മരിക്കുകയായിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍