ബംഗളൂരു: ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് ചികിത്സാവേളയില്‍ ഭാര്യയെയും മകനെയും ഒപ്പം നിര്‍ത്താമെന്ന് ബംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി. ആശുപത്രിയില്‍ സഹായിയെ നിര്‍ത്തുന്നത് സംബന്ധിച്ച് മഅ്ദനി നല്‍കിയ അപേക്ഷയിലാണ് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് അനുകൂല വിധി പറഞ്ഞത്. മഅ്ദനിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്നും കോടതി നിര്‍ദേശിച്ചു. ചികിത്സാ കാലാവധി കഴിയുന്നതുവരെ ഭാര്യ സൂഫിയ മഅ്ദനിക്കും മകന്‍ ഉമര്‍ മുഖ്താറിനും മഅ്ദനിയോടൊപ്പം നില്‍ക്കാം.
ചികിത്സയില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് ശനിയാഴ്ച നടന്ന വിചാരണക്കിടെ ജഡ്ജി മഅ്ദനിയോട് ആരാഞ്ഞിരുന്നു. അത്യന്തം അവശനാണെന്നും സഹായി ഇല്ലാതെ പോകാനാവില്ലെന്നും സഹായിയെ ആവശ്യപ്പെടുന്ന ഹരജി കോടതി നേരത്തെ തള്ളിയതാണെന്നും മഅ്ദനി അറിയിച്ചു. തുടര്‍ന്ന്, സഹായിയെ ആവശ്യപ്പെട്ട് വീണ്ടും അപേക്ഷ നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. എന്നാല്‍, സഹായിയെ അനുവദിക്കാനാവില്ലെന്ന് പ്രോസിക്യൂഷന്‍ ശക്തമായി വാദിച്ചു. തുടര്‍ന്ന് വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കാമെന്ന് അറിയിച്ച് ജയില്‍ സൂപ്രണ്ട് ശനിയാഴ്ചയും മഅ്ദനിയെ സമീപിച്ചു. സഹായി ഇല്ലാതെ പോകാനാവില്ലെന്ന നിലപാട് മഅ്ദനി ആവര്‍ത്തിച്ചെങ്കിലും അദ്ദേഹത്തെ ചികിത്സിക്കുന്ന സൗഖ്യ ആശുപത്രിയില്‍ സഹായി ഉണ്ടാകുമെന്ന നിലപാടാണ് ജയില്‍ സൂപ്രണ്ട് സ്വീകരിച്ചത്.
എന്നാല്‍,ഈ ആശുപത്രിയില്‍ പുരുഷ നഴ്‌സില്ലെന്നും അത്തരത്തിലൊരു സഹായിയെ അനുവദിക്കാനാവില്ലെന്നും ആശുപത്രി ഡയറക്ടര്‍ ഡോ. ഐസക് മത്തായി മഅ്ദനിയുടെ മകന്‍ ഉമര്‍ മുഖ്താറിനെയും പി.ഡി.പി ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബിനെയും അറിയിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍