കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ ബസ് തൊഴിലാളികള്‍ വേതന വര്‍ധനയാവശ്യപ്പെട്ട് ഞായറാഴ്ച അര്‍ധരാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കുന്നു. മോട്ടോര്‍ ട്രേഡ്യൂനിയന്‍ സംസ്ഥാനതല കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ക്ഷാമബത്തയും ശബള പരിഷ്കരണവും വേണമെന്നും 50 ശതമാനം ഇടക്കാല വര്‍ധന നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ബസ് ജീവനക്കാര്‍ പണിമുടക്കുന്നത്. 2008 ല്‍ തീരുമാനിച്ച വേതനമാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിനുശേഷം രണ്ടു തവണ ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചെങ്കിലും ബസ് ഉടമകള്‍ തൊഴിലാളികളെ പരിഗണിച്ചില്ലെന്ന് തൊഴിലാളി സംഘടനകള്‍ പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന സമരമൊഴിവാക്കാന്‍ ബസുടമകള്‍ സഹകരിക്കണമെന്നും ഇതിനായി സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടിരുന്നു.


നിങ്ങളുടെ അഭിപ്രായങ്ങള്‍