തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്‍െറ പുനരധിവാസ പദ്ധതിക്ക് മാര്‍ച്ച് 31നകം അന്തിമ രൂപമാകുമെന്നും ഈ വര്‍ഷംതന്നെ നിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി വി.എസ്. ശിവകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന് സ്പെഷല്‍ ഓഫിസറെ നിയമിച്ചിട്ടുണ്ട്.
കരമന-വഴിമുക്ക് ഒന്നാം ഘട്ടത്തില്‍ പ്രാവച്ചമ്പലം വരെയുള്ള റീച്ചിലാണ് നിര്‍മാണം ആരംഭിക്കുക. ഇതിനുപുറമെ നഗര വികസനത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കും.
കരമന-കളിയിക്കാവിള ദേശീയപാതാവികസനത്തിന്‍െറ ഒന്നാംഘട്ടമായ കരമന-വഴിമുക്ക് പാതയെ രണ്ട് റീച്ചായിത്തിരിച്ച് കരമന-പ്രാവച്ചമ്പലം അലൈന്‍മെന്‍റിന് അംഗീകാരം നല്‍കി ഭൂമിയേറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 1780 ഓളം ആക്ഷേപങ്ങള്‍ സ്വീകരിച്ചു. ഇവര്‍ക്ക് ഹിയറിങ് നടത്തി ലാന്‍ഡ് റവന്യൂ കമീഷണറുടെ അന്തിമതീര്‍പ്പിന് സമര്‍പ്പിച്ചിരിക്കുകയാണ്. ഈ റീച്ചിലെ കെട്ടിടങ്ങളുടെ വില നിര്‍ണയിക്കുന്ന നടപടി പൊതുമരാമത്ത് വകുപ്പ് നടത്തുകയാണ്.
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് തലസ്ഥാനത്ത് സഞ്ചാര സംഗമ കേന്ദ്രം (മള്‍ട്ടി മോഡല്‍ ട്രാന്‍സ്പോര്‍ട്ട് ഹബ്) സ്ഥാപിക്കും. വിമാനം, റോഡ്, റെയില്‍വേ, ഉള്‍നാടന്‍ ജലഗതാഗതം, കടല്‍ സഞ്ചാര മേഖലകള്‍ സംഗമിക്കുന്ന കേന്ദ്രം വിമാനത്താവളം കേന്ദ്രീകരിച്ച് വികസിപ്പിക്കുകയാണ് ലക്ഷ്യം. സാധ്യതാ പഠനം നടത്താന്‍ റോഡ്ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹബ്ബിന്‍െറ ഭാഗമായി ആക്കുളം-കോവളം ബോട്ട് സര്‍വീസ് ആരംഭിക്കും.
പാര്‍വതീപുത്തനാര്‍ ഇതിനായി നവീകരിക്കും. പദ്ധതിറിപ്പോര്‍ട്ട് ഫെബ്രുവരി 20നകം ലഭിക്കും. ഹബ്ബിന്‍െറ ഭാഗമാണെങ്കിലും ഇത് പ്രത്യേകം നടപ്പാക്കും. കിഴക്കേകോട്ടയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്കൂളിന്‍െറ രണ്ടര ഏക്കറില്‍ ട്രിഡ കോംപ്ളക്സ് സഹിതം ബസ് പാര്‍ക്കിങ് മൈതാനമുണ്ടാക്കും. തകരപ്പറമ്പിലെ വ്യാപാരികളെയും ഇവിടേക്ക് മാറ്റും.
നഗരവികസനത്തിന് നാല് പ്രത്യേക പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. രണ്ടാം ഘട്ട റോഡ് നവീകരണത്തിന്‍െറ ഭാഗമായി നഗരസമീപ ഭാഗങ്ങളിലായി റിങ്-ലിങ്ക് റോഡുകള്‍ നവീകരിക്കും. ആദ്യഘട്ടത്തില്‍ 42 കിലോമീറ്റര്‍ നവീകരിച്ചിരുന്നു. ഇത് 60 കിലോമീറ്ററാക്കും. തമ്പാനൂരിലും അട്ടക്കുളങ്ങരയിലും ബി.ഒ.ടി അടിസ്ഥാനത്തില്‍ പാര്‍ക്കിങ് പ്ളാസകള്‍ സ്ഥാപിക്കും. പാളയം, മണക്കാട് മാര്‍ക്കറ്റുകള്‍ നവീകരിക്കും.
വനംവകുപ്പുമായി ചേര്‍ന്ന് ഹരിത നഗര പദ്ധതിയില്‍ ഒരു ലക്ഷം മരം നടും. അഭിപ്രായ സമന്വയം ഉണ്ടാകാത്തതാണ് മാലിന്യ സംസ്കരണ പദ്ധതിക്ക് തടസ്സം. ചാല മാതൃകയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഒരേസമയം പദ്ധതികള്‍ സ്ഥാപിക്കുന്നത് ആലോചിക്കും. ഇതിന് കൗണ്‍സിലര്‍മാരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍