കോട്ടയം: അലവലാതികളെ പിടിച്ച് ആഭ്യന്തര മന്ത്രിയാക്കിയതിന് കേരളം അനുഭവിക്കുകയാണെന്ന് സി.പി.എം നേതാവ് എം.എം മണി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആസനം താങ്ങലാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പണിയെന്നും മണി പരിഹസിച്ചു. അഞ്ചേരി വധക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന മണി ജാമ്യത്തിലിറങ്ങി രണ്ടാം ദിവസമാണ് സംസ്ഥാന ആഭ്യന്തരമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശവുമായി രംഗത്തിറങ്ങിയത്.
സി.പി.എം നടത്തുന്ന ഭൂസംരക്ഷണ സമരത്തിന്റെ കോട്ടയം ജില്ലയിലെ അഞ്ചാംദിന സമരപരിപാടികള്‍ കുമരകത്തിനടുത്ത മെത്രാന്‍ കായല്‍ പ്രദേശത്ത് ഉദ്ഘാടനം ചെയ്യവെയാണ് മണി രൂക്ഷ വിമര്‍ശം അഴിച്ചുവിട്ടത്. രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമാക്കണമെന്ന എ.കെ ആന്റണിയുടെ നിര്‍ദ്ദേശം ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂരും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നുവെന്ന എന്‍.എസ്.എസ് നേതാവ് സുകുമാരന്‍ നായരുടെ ആരോപണം മണിയും ആവര്‍ത്തിച്ചു. ടി.പി വധക്കേസില്‍ വഴിവക്കില്‍ നിന്ന് സോഡ കുടിച്ചവരെപ്പോലും പ്രതിയാക്കുകയായിരുന്നു. കേരളത്തില്‍ സിപിഎമ്മിനെ തകര്‍ക്കാനാണ് ആഭ്യന്തരമന്ത്രിയുടെ ശ്രമമെന്നും മണി വിമര്‍ശിച്ചു.


നിങ്ങളുടെ അഭിപ്രായങ്ങള്‍