ഒറ്റപ്പാലം: രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വിവിധ പദ്ധതികള്‍ക്ക് ഒറ്റപ്പാലം നഗരസഭ കൗണ്‍സില്‍യോഗം രൂപം നല്‍കി. 36 വാര്‍ഡുകളിലുമുള്ള പൊതു കിണറുകളിലെ ചളിയെടുത്ത് വൃത്തിയാക്കും. കേടായ കുഴല്‍ക്കിണറുകള്‍ അറ്റകുറ്റപ്പണി നടത്തി പ്രവര്‍ത്തനക്ഷമമാക്കാനും പുതിയവ നിര്‍മിക്കാനും ആവശ്യമായ എസ്റ്റിമേറ്റ് തയാറാക്കും.
പുതിയ കിണറുകള്‍ കുഴിക്കുന്നതിന് സ്ഥലം ഉടമകള്‍ വിട്ടുകൊടുക്കണം. നീരൊഴുക്കുള്ള തോടുകളില്‍ ചിറകെട്ടി ജലശേഖരണത്തിന് സൗകര്യമൊരുക്കും.
രണ്ടു ദിവസത്തിനകം എസ്റ്റിമേറ്റ് തയാറാക്കി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ഒറ്റപ്പാലം പി.ഡബ്ള്യു.ഡി റെസ്റ്റ്ഹൗസില്‍ ചേര്‍ന്ന യോഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് കുടിവെള്ളക്ഷാമം പരിഹരിക്കാനുതകുന്ന പദ്ധതികളുടെ രൂപരേഖ തയാറാക്കി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലയെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമര്‍പ്പിക്കുന്ന എസ്റ്റിമേറ്റ് പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. നഗരസഭ ചെയര്‍പേഴ്സന്‍ പി. പാറുക്കുട്ടി അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍