മഞ്ചേരി: പുഴകളിലേക്ക് വാഹനമിറക്കുന്നത് തടയാന്‍ കോണ്‍ക്രീറ്റ് ഭിത്തി കെട്ടിയാലല്ലാതെ മണല്‍പാസുകള്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ പഞ്ചായത്തുകള്‍ പ്രതിരോധത്തിലായി. പ്രത്യക്ഷത്തില്‍ സര്‍ക്കാറിന്‍െറ കൂടെ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന പഞ്ചായത്തുകള്‍ മണല്‍മാഫിയക്ക് വേണ്ടി ഇതെങ്ങനെ അട്ടിമറിക്കാമെന്ന് ചിന്തിക്കുകയാണ്. ജനുവരി മാസത്തിലെ പാസ് വിതരണം ഒന്നുമുതല്‍ 24വരെയാണ്.
75 കടവുകളുള്ള ഏറനാട് താലൂക്കില്‍ ഇതുവരെ ഒരു പഞ്ചായത്തിലേക്കും പാസ് നല്‍കിയിട്ടില്ല.
അതിനിടെ, കോണ്‍ക്രീറ്റ് ഭിത്തി കെട്ടാന്‍ സാവകാശം വേണ്ടതിനാല്‍ 12 കടവുകളുള്ള ആനക്കയം പഞ്ചായത്തില്‍ പുഴയിലേക്ക് വാഹനമിറങ്ങാതിരിക്കാന്‍ കിടങ്ങ് നിര്‍മിച്ചിരിക്കുകയാണ്. ആനക്കയം പഞ്ചായത്ത് ഇക്കാര്യം ചൂണ്ടിക്കാട്ടി ഏറനാട് താലൂക്കില്‍ മണല്‍പാസിന് അനുമതി തേടിയിട്ടുണ്ടെങ്കിലും കിട്ടിയിട്ടില്ല.
പുഴയിലേക്ക് വാഹനമിറക്കുന്നത് തടഞ്ഞശേഷമേ പാസ് നല്‍കാവൂ എന്ന് ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസ് തഹസില്‍ദാര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനുവരി മാസം ഇത് നടപ്പാക്കണം. പാസ് വിതരണത്തിനുശേഷം ഏതെങ്കിലും പുഴകളില്‍ വാഹനമിറക്കി മണലെടുക്കുന്നതിന്‍െറ തെളിവുകള്‍ പത്രങ്ങളിലോ ചാനലുകളിലോ വന്നാല്‍, റവന്യു വകുപ്പ് മറുപടി പറയേണ്ടി വരുമെന്നും ബന്ധപ്പെട്ട താലൂക്ക്, വില്ലേജ് അധികൃതര്‍ ഇതില്‍ ജാഗ്രത കാണിക്കണമെന്നും കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 33 വില്ലേജുകളുള്ള ഏറനാട് താലൂക്കില്‍ വില്ലേജ് ഓഫിസര്‍മാരും താലൂക്ക് ഉദ്യോഗസ്ഥരും പങ്കെടുത്ത അവലോകന യോഗം വെള്ളിയാഴ്ച ഓഫിസില്‍ നടന്നു. ഭിത്തി കെട്ടേണ്ട ചുമതല പഞ്ചായത്തിനാണെന്നും ചെലവിന്‍െറ പകുതി ഫണ്ട് റിവര്‍ മാനേജ്മെന്‍റ് വഹിക്കുമെന്നതിനാല്‍ വിട്ടുവീഴ്ച വേണ്ടെന്നും യോഗത്തില്‍ തഹസില്‍ദാര്‍ ഇ.സി. സ്കറിയ അറിയിച്ചു. വാഴക്കാട് പഞ്ചായത്തിലെ ചില കടവുകളില്‍ റോഡില്‍നിന്ന് ഏറെ താഴെയാണ് പുഴ. അതിനാല്‍ ഭിത്തികെട്ടല്‍ പ്രയാസം തീര്‍ക്കുമെന്ന് യോഗത്തില്‍ വില്ലേജ് ഓഫിസര്‍ ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കേണ്ടെന്ന് യോഗത്തില്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍