മലപ്പുറം: ആരോഗ്യമുള്ള കുട്ടികളെ വാര്‍ത്തെടുക്കുക എന്നതാണ് വിദ്യാലയ ആരോഗ്യ പദ്ധതിയുടെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. വിദ്യാഭ്യാസ ആരോഗ്യ പദ്ധതി മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലേക്കും വ്യാപിപ്പിക്കുന്നതിന്‍െറ ജില്ലാതല ഉദ്ഘാടനം കോട്ടപ്പടി ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്‍െറ ആഭിമുഖ്യത്തില്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന വിദ്യാലയ ആരോഗ്യ പരിപാടി 2009ലാണ് ആരംഭിച്ചത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ തെരഞ്ഞെടുത്ത 114 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. സ്കൂള്‍ വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സുരക്ഷയാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെയും തെരഞ്ഞെടുത്ത അധ്യാപകരുടെയും മേല്‍നോട്ടത്തിലും പ്രത്യേകം പരിശീലനം ലഭിച്ച ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാര്‍ മുഖാന്തിരവുമാണ് നടത്തുന്നത്. പദ്ധതി പ്രകാരം 1327 സ്കൂളുകളിലായി 741195 വിദ്യാര്‍ഥികളുടെ ആരോഗ്യ നിലവാരം സംബന്ധിച്ചുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് സമഗ്രമായ രേഖയും സേവനങ്ങളും ലഭ്യമാക്കും.
കൗമാര വിദ്യാഭ്യാസം, പുകയില, മയക്കുമരുന്നുകളുടെ ദൂഷ്യഫലങ്ങള്‍, പോഷക ആഹാരം, ആരോഗ്യകരമായ ജീവിതശൈലി തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ബോധവത്കരണ പരിപാടികള്‍, കൊതുകിന്‍െറ ഉറവിട നശീകരണം, ഹെല്‍ത്ത് ക്ളബുകളുടെ ശാക്തീകരണം, മെഡിക്കല്‍ ക്യാമ്പുകള്‍, ശുചീകരണ പരിപാടികള്‍, കൗണ്‍സലിങ്, വിദഗ്ധ പരിചരണം ആവശ്യമായ കുട്ടികളെ റഫര്‍ ചെയ്യുക എന്നിവയാണ് പദ്ധതിയിലുള്‍പ്പെടുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ച 96 പബ്ളിക് ഹെല്‍ത്ത് നഴ്സുമാര്‍ക്ക് പുറമേ ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെയും സേവനം ഉപയോഗപ്പെടുത്തിയാണ് മുഴുവന്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നത്.
പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സുഹ്റ മമ്പാട് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി. വിനോദ് പദ്ധതി വിശദീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, ജില്ലാ സി.ആര്‍.എച്ച് ഓഫിസര്‍ ഡോ. സി. റോസ്മേരി, പി.ടി.എ പ്രസിഡന്‍റ് പി.എ. മജീദ്, പ്രിന്‍സിപ്പല്‍ സി. മനോജ്, ഹെഡ്മിസ്ട്രസ് കെ.സി. വിലാസിനി അമ്മ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ശശിധരന്‍, മാസ് മീഡിയ ഓഫിസര്‍ കെ.പി. സാദിഖ് അലി എന്നിവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍