മാനന്തവാടി: വിവിധ വകുപ്പുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കിയിട്ടും ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമികള്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടാന്‍ റവന്യൂ വകുപ്പ് നടപടികള്‍ ആരംഭിച്ചു.
ആദ്യഘട്ടമെന്ന നിലയില്‍ 1990ല്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കൈമാറിയ തിരുനെല്ലി വില്ലേജിലെ 47/2ല്‍പ്പെട്ട 95 സെന്‍റ് ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. ഡി.ടി.പി.സി ഉപയോഗിക്കാതിരുന്നതിനെ തുടര്‍ന്ന് സ്വകാര്യ വ്യക്തി കൈയേറി കാപ്പി, കുരുമുളക് തുടങ്ങിയ കൃഷികള്‍ ചെയ്തുവരുകയായിരുന്നു. ഈ ഭൂമിയിലെ കാര്‍ഷിക വിളകള്‍ ജനുവരി പത്തിന് പരസ്യമായി ലേലം ചെയ്തു വില്‍ക്കാന്‍ നോട്ടീസ് ഇറക്കിയിട്ടുണ്ട്.
അടുത്ത ഘട്ടമെന്ന നിലയില്‍ ഭൂമി അളന്നുതിരിച്ച് സംരക്ഷിക്കും. വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി അനുവദിച്ചാല്‍ ഒരു വര്‍ഷത്തിനകം അവ ഉപയോഗിച്ചില്ലെങ്കില്‍ സര്‍ക്കാറിന് തിരിച്ചുപിടിക്കാമെന്ന നിയമം നിലവിലുണ്ട്.
ഈ നിയമം റവന്യൂ വകുപ്പ് നടപ്പാക്കാത്തതുകൊണ്ടാണ് വര്‍ഷങ്ങളായി സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെട്ടുപോയത്. സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന് റവന്യൂ വകുപ്പ് താഴെയങ്ങാടിയില്‍ എട്ട് ഏക്കര്‍ ഭൂമി വീടുകള്‍ നിര്‍മിക്കുന്നതിനായി അനുവദിച്ചിരുന്നു. ഈ ഭൂമി വെറുതെ കിടക്കുകയാണ്.
ഇതും കണ്ടുകെട്ടാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. ഇത്തരത്തില്‍ 800 ഏക്കര്‍ റവന്യൂ ഭൂമി മാനന്തവാടി താലൂക്കിലുണ്ടെന്നാണ് കണക്ക്. ഇതില്‍ പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് 370 അപേക്ഷകള്‍ റവന്യൂവകുപ്പിന്‍െറ പരിഗണനയിലുണ്ട്.
അപേക്ഷകള്‍ക്ക് തീര്‍പ്പുകല്‍പിച്ച് ബാക്കി ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയാറായാല്‍ ഭൂമിപ്രശ്നം ഒരു പരിധിവരെ പരിഹരിക്കാനാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍