കല്‍പറ്റ: താരതമ്യേന പിന്നാക്കം നില്‍ക്കുന്ന വയനാട് ജില്ലയെ ബാങ്ക് വഴി ആനുകൂല്യങ്ങള്‍ നല്‍കുന്ന പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പി.കെ. ജയലക്ഷ്മി. ബാങ്ക് അക്കൗണ്ടുകള്‍ വഴി കേന്ദ്ര സര്‍ക്കാറിന്‍െറ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കല്‍പറ്റ എസ്.കെ.എം.ജെ സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍.
കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രത്യേക പരിഗണനയാണ് വയനാടിന് നല്‍കുന്നത്. വലിയ തോതിലുള്ള സബ്സിഡി തുക അര്‍ഹരായവരുടെ കൈകളില്‍ എത്തുന്നുവെന്ന് ഉറപ്പുവരുത്താന്‍ പദ്ധതിയിലൂടെ കഴിയും. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പണം മികച്ച രീതിയില്‍ ചെലവഴിക്കുന്ന ജില്ല ഈ പദ്ധതിയിലും മാതൃകയാകും. സ്കോളര്‍ഷിപ്പുകള്‍ ബാങ്ക് അക്കൗണ്ടുവഴി ലഭിക്കുന്നതിലൂടെ പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തിലും പുരോഗതിയുണ്ടാകും. സുതാര്യവും അഴിമതിരഹിതവുമായ ഒരു സംസ്കാരം പുതുതലമുറയെ പഠിപ്പിക്കാനും പദ്ധതി കൊണ്ട് കഴിയുമെന്ന് മന്ത്രി ജയലക്ഷ്മി പറഞ്ഞു.
പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കുള്ള പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കുള്ള പാസ് ബുക്കും എ.ടി.എം കാര്‍ഡും ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്തു.
പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ 43 ജില്ലകളില്‍ കേരളത്തില്‍ നിന്ന് വയനാടും പത്തനംതിട്ടയുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ലീഡ് ബാങ്കായ കനറാ ബാങ്കിന്‍െറ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സമയബന്ധിതമായി വയനാട് ജില്ലയില്‍ ബാങ്കിങ് സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. ബാങ്ക് അക്കൗണ്ടില്ലാത്ത കുടുംബങ്ങളെ കണ്ടെത്തുന്നതിനും അവര്‍ക്ക് അക്കൗണ്ട് തുടങ്ങുന്നതിനുമായി നടത്തിയ സര്‍വേയില്‍ 23 ബാങ്കുകള്‍ പങ്കാളികളായി. ഇതിന്‍െറ ഫലമായി ജില്ലയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ഉറപ്പാക്കാനായതായി ജില്ലാ കലക്ടര്‍ അറിയിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ജില്ലയില്‍ എട്ട് തരത്തിലുള്ള സ്കോളര്‍ഷിപ്പുകളും ജനനീ സുരക്ഷ യോജന പ്രകാരമുള്ള പ്രസവാനുകൂല്യവുമാണ് ബാങ്കു വഴി നല്‍കുന്നത്. ആകെ 16,013 ഗുണഭോക്താക്കളാണ് ജില്ലയിലുള്ളത്.
എം.ഐ. ഷാനവാസ് എം.പി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, കനറാ ബാങ്ക് ഡെ. ജനറല്‍ മാനേജര്‍ കെ.ആര്‍. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കനറാ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അര്‍ച്ചന എസ്. ഭാര്‍ഗവ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍