കോഴിക്കോട്: പുതിയങ്ങാടിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ രണ്ട് ആടുകള്‍ ചത്തു. പുത്തന്‍കുളങ്ങര ഷമീറ മന്‍സിലില്‍ ഖദീജയുടെ ആടുകളാണ് ആക്രമണത്തിനിരയായത്. രണ്ട് ആട്ടിന്‍കുട്ടികളെ കാണാതായിട്ടുണ്ട്.
എലത്തൂര്‍ മൃഗാശുപത്രിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ. ഷാജഹാന്‍ വഹീദ് പോസ്റ്റ്മോര്‍ട്ടം നടത്തി. തെരുവുനായ്ക്കള്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടുകാര്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ആടുകള്‍ ചത്തുകിടക്കുന്ന നിലയില്‍ കണ്ടത്. ഒരെണ്ണം കൂട്ടിന് സമീപത്തും രണ്ടാമത്തേതിന്‍െറ ജഡം മുന്‍വശത്തുമായാണ് കിടന്നിരുന്നത്.
മുന്‍വശത്തുണ്ടായിരുന്ന ആടിന്‍െറ തലയും കാലുകളും ഒഴികെയുള്ള ഭാഗങ്ങളെല്ലാം കടിച്ചെടുത്ത് ഭക്ഷിച്ചനിലയിലാണ്. കൂടിനടുത്തായി ആക്രമിച്ചുവെന്ന് കരുതുന്ന ജീവിയുടെ കാല്‍പ്പാടുകളുണ്ട്.
തെരുവുനായ്ക്കളോ മറ്റേതെങ്കിലും ജീവികളോ ആക്രമിക്കുമ്പോഴുണ്ടാകുന്ന ശബ്ദമൊന്നും കേട്ടിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. വീടിനോട് ചേര്‍ന്ന് കെ.പി.ആറിന്‍െറ ഉടമസ്ഥതയിലുള്ള രണ്ട് ഏക്കറോളം സ്ഥലവും തൊട്ടടുത്തുള്ള എ.ഐ.ആര്‍ കാമ്പസിന്‍െറ ആറ് ഏക്കര്‍ സ്ഥലവും കാട് പിടിച്ചുകിടക്കുന്നതിനാല്‍ ക്ഷുദ്ര ജീവികളുടെ താവളമായിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. നേരത്തെ എ.ഐ.ആര്‍ കാമ്പസില്‍നിന്ന് പുല്ല് ചെത്താന്‍ അനുവദിച്ചിരുന്നു. അത് നിര്‍ത്തിയതാണ് കാട് മൂടാനിടയാക്കിയത്. രണ്ടാഴ്ച മുമ്പ് പുതിയങ്ങാടിയിലെ തന്നെ അയ്യനാക്കില്‍ രാവുട്ടിയുടെ രണ്ട് ആടുകളും ആക്രമണത്തില്‍ ചത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍