പൂര്‍വ്വകാല സ്മരണകളുണര്‍ത്തി ശൈത്യകാല കൂടാരങ്ങള്‍ സജീവമായി

പൂര്‍വ്വകാല സ്മരണകളുണര്‍ത്തി ശൈത്യകാല കൂടാരങ്ങള്‍ സജീവമായി

ദോഹ: ശൈത്യകാലമായതോടെ പൂര്‍വ്വികരുടെ ജീവിതശൈലി അനുസ്മരിപ്പിച്ച് മരുഭൂമിയില്‍ കൂടാരങ്ങള്‍ സജീവമായി. ശൈത്യകാലത്ത് ഒഴിവ്വേളകള്‍ ചെലവിടാനാണ് സ്വദേശികള്‍ ജനവാസകേന്ദ്രങ്ങളില്‍ നിന്ന് മാറി മരുപ്രദേശങ്ങളില്‍ താല്‍ക്കാലിക കൂടാരങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഇത്തരം മേഖലകളില്‍ സ്വന്തമായി സ്ഥലമുള്ളവര്‍ ആടും ഒട്ടകങ്ങളും പരിചാരകരുമായാണ് ഒഴിവ് വേളകള്‍ ആസ്വദിക്കാനെത്തുന്നത്.
സുഹൃദ്സംഘങ്ങളായോ കുടുംബങ്ങള്‍ ഒരുമിച്ചോ പ്രത്യേകം കൂടാരങ്ങളും അവക്ക് നടുവില്‍ മജ്ലിസും തീര്‍ത്ത് വ്യത്യസ്തമായൊരു അന്തരീക്ഷമാണ് ഇവര്‍ സൃഷ്ടിക്കുക. രണ്ടോ മൂന്നോ ദിവസം കഴിയാനുള്ള നിത്യോപയോഗ സാധനങ്ങളും കരുതിയിരിക്കും. ശൈത്യകാലം കഴിഞ്ഞേ പലരും കൂടാരങ്ങള്‍ പൊളിച്ചുമാറ്റൂ. ഓരോ ആഴ്ചയും രണ്ടും മൂന്നും ദിവസം ഇവിടെ കഴിച്ചുകൂട്ടുകയാണ് പതിവ്.
പൂര്‍വ്വികരുടെ ജീവിതരീതികള്‍ അനുഭവിച്ചറിയുകയാണ് ഇത്തരം ശൈത്യകാല കൂടാരവാസത്തിന്‍െറ ലക്ഷ്യം. മണല്‍ക്കാട്ടിലെ പ്രതികൂല സാഹചര്യങ്ങളെ ഇവര്‍ ഗൃഹാതുരസ്മരണകളോടെ ആസ്വദിക്കുന്നു. പാരമ്പര്യത്തെയും ഭൂതകാല ജീവിതശൈലിയെും ആധുനിക ജീവിതത്തിലും മുറുകെപ്പിടിക്കുന്നതിലൂടെ ഇവര്‍ വരും തലമുറകള്‍ക്ക് മാതൃകാപരമായ സന്ദേശം കൈമാറുകയാണ്. അധികൃതരുടെ അനുവാദം വാങ്ങിയാണ് കൂടാരങ്ങള്‍ സ്ഥാപിക്കുക. മിസഈദിലെ മണല്‍ക്കുന്നുകളുടെ പരിസരങ്ങളില്‍ ഇത്തരം നിരവധി കൂടാരങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇവിടെ വന്ന് രാപ്പാര്‍ക്കുന്ന വിദേശികളുമുണ്ട്. കൂടാരങ്ങളില്‍ ഭക്ഷണവും സംഗീതവിരുന്നുമൊരുക്കിയും ഒട്ടകസവാരി നടത്തിയും കടലില്‍ കുളിച്ചും ഒഴിവുദിവസങ്ങളെ ഇവര്‍ സജീവമാക്കുന്നു. വലിയ കൂടാരങ്ങളൊരുക്കി ഖത്തറിലെ വിവിധ ടൂറിസ്റ്റ് കമ്പനികളും ഈ രംഗത്ത് സജീവമാണ്.
കൂടാരങ്ങള്‍ നിര്‍മിക്കുന്നവര്‍ക്ക് വിശ്രമമില്ലാത്ത ദിനങ്ങളാണിപ്പോള്‍. അഞ്ചും ആറും വര്‍ഷമാണ് ഒരു കൂടാരത്തിന്‍െറ ആയുസ്സ്. കേട് വന്ന ഭാഗങ്ങള്‍ പുതുക്കിപ്പണിത് വീണ്ടും ഉപയോഗിക്കും. കാറ്റ് കടക്കാത്ത വിധത്തിലാണ് കൂടാരങ്ങളുടെ നിര്‍മാണം. മുമ്പ് കൂടാരങ്ങളുണ്ടാക്കാന്‍ മരക്കമ്പനുകളും മറ്റും ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ റെഡിമെയ്ഡ് കൂടാരങ്ങള്‍ സുലഭമാണ്. കൂടാരങ്ങളില്‍ പഴയമയുടെ പ്രൗഢിയുള്ള സാമഗ്രികള്‍ ഉപയോഗിക്കാനാണ് ഇവര്‍ക്ക് താല്‍പര്യം. ഈന്തപ്പനയോല കൊണ്ട് ചുറ്റും വേലിയും നിര്‍മിക്കാറുണ്ട്. മിസഈദിന് പുറമെ ദുഖാന്‍, ശമാല്‍, ഉംബാബ്, റവുത്തറാശിദ്, ഉംസലാല്‍, സിമൈസിമ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കൂടാരങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
വലിയ വാഹനങ്ങളില്‍ ബാത്റൂമും കുടിവെള്ള ടാങ്കും സജ്ജീകരിച്ച് കൂടാരങ്ങള്‍ക്ക് സമീപം നിര്‍ത്തിയിട്ടിരിക്കുന്നത് മിക്ക സ്ഥലങ്ങളിലും കാണാം.
കറന്നെടുത്ത ഒട്ടകപ്പാലും കനലില്‍ ചുട്ട വിഭവങ്ങളുമായി അറബിക്കഥകള്‍ അയവിറക്കിയും ദഫ്മുട്ടിയും കവിത ചൊല്ലിയും വിശാലമായ മണല്‍പ്പരപ്പിലെ ഈ വാസം പറഞ്ഞറിയിക്കാനാവാത്ത അനുഭവമാണെന്നാണ് സ്വദേശികളുടെ സാക്ഷ്യം.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus