വില്ലാജിയോ ദുരന്തം: വിവാദ നഴ്സറിക്ക് ലൈസന്‍സുണ്ടായിരുന്നില്ലെന്ന് മൊഴി

ദോഹ: വില്ലാജിയോ മാളില്‍ കഴിഞ്ഞ മെയ് 28നുണ്ടായ അഗ്നിബാധയില്‍ മരിച്ച 13 കുട്ടികള്‍ പഠിച്ചിരുന്ന ജിമ്പാന്‍സി എന്ന സ്ഥാപനത്തിന് നഴ്സറിയുടെ ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് മൊഴി. കഴിഞ്ഞദിവസം കോടതിയില്‍ നടന്ന വിചാരണയില്‍ വാണിജ്യ, വ്യാപാരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനാണ് വിവാദ നഴ്സറിക്കെതിരെ മൊഴി നല്‍കിയതെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കുട്ടികള്‍ക്ക് കളിക്കാനും വിനോദത്തിനുമുള്ള സ്ഥലം (പ്ളേ-എന്‍റര്‍ടെയ്ന്‍മെന്‍റ് ഏരിയ) എന്ന നിലയിലുള്ള ലൈസന്‍സാണ് വകണിജ്യ, വ്യാപാര മന്ത്രാലയം ജിമ്പാന്‍സിക്ക് നല്‍കിയിരുന്നത്. നഴ്സറിയായി പ്രവര്‍ത്തിക്കണമെങ്കില്‍ സാമൂഹികകാര്യ മന്ത്രാലയത്തിന്‍െറ ലൈസന്‍സുണ്ടായിരിക്കണം.
എന്നാല്‍, ജിമ്പാന്‍സിക്ക് ഇത്തരമൊരു ലൈസന്‍സുണ്ടായിരുന്നില്ലത്രെ. മന്ത്രാലയത്തിന് 36 പരിശോധകരുണ്ടെങ്കിലും ജിമ്പാന്‍സി നഴ്സറിയായി പ്രവര്‍ത്തിക്കുന്ന കാര്യം ഇവരാരും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷോപ്പിംഗ് സെന്‍ററുകളിലും മാളുകളിലുമുള്ള വിനോദസൗകര്യങ്ങള്‍ ലൈസന്‍സ് വ്യവസ്ഥകള്‍ ലംഘിച്ച് മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കൃത്യമായി നിരീക്ഷിച്ചിരിക്കണമെന്നാണ് ചട്ടം.
ദുരന്തത്തില്‍ മരിച്ച കുട്ടികളുടെ രക്ഷിതാക്കളെയും കഴിഞ്ഞദിവസം വിസ്തരിച്ചു. പ്രാദേശിക ടൂറിസം മാഗസിനില്‍ ജിമ്പാന്‍സിയെ നഴ്സറികളുടെ പട്ടികയില്‍ കണ്ടതിനെത്തുടര്‍ന്നാണ് മകനെ അവിടെ ചേര്‍ത്തതെന്ന് ഒരു മാതാവ് പറഞ്ഞു. ദുരന്തം തങ്ങളുടെ ജീവിതം തന്നെ തകര്‍ത്ത കഥകളാണ് ചിലര്‍ വിവരിച്ചത്. കുട്ടി മരിക്കാനിടയായത് തന്‍െറ അശ്രദ്ധയും ഉത്തരവാദിത്തമില്ലായ്മയുമാണെന്ന് ആരോപിച്ച് ഭര്‍ത്താവ് വിവാഹമോചനം നടത്തിയതായി ഫ്രഞ്ച് പൗരത്വമുള്ള ഒരു ഈജിപ്ഷ്യന്‍ വംശജ പറഞ്ഞു. ഇവരുടെ യൂസുഫ് എന്ന മകന്‍ ദുരന്തത്തില്‍ മരിച്ചിരുന്നു.
രണ്ടാമത്തെ പ്രസവത്തിനായി ദോഹയിലെത്തിയ ഇവര്‍ നാല് മാസത്തെ കരാര്‍ ഒപ്പിട്ടാണ് മകനെ ജിമ്പാന്‍സിയില്‍ ചേര്‍ത്തത്. കുട്ടിയെ ഇവിടെ ചത്തേ് 20 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ദുരന്തം. സ്ഥാപനം നഴ്സറിയാണെന്ന് ബോധ്യപ്പെടുത്തുന്ന വൗച്ചറുകള്‍ അവര്‍ കോടതിയില്‍ ഹാജരാക്കി. ജിമ്പാന്‍സി നഴ്സറിയാണെന്ന് ഉടമകളിലൊരാള്‍ അറബിക് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നതായി മറ്റൊരു രക്ഷിതാവ് ചൂണ്ടിക്കാട്ടി. രജിസ്ട്രേഷന്‍ ഫീസായി 500 റിയാലും കുട്ടികള്‍ സ്ഥാപനത്തില്‍ ചെലവഴിക്കുന്ന സമയത്തിനനുസരിച്ച് പ്രതിമാസം 2000 മുതല്‍ 2,900 റിയാല്‍വരെ ഫീസുമാണ് ഈടാക്കിയിരുന്നത്.
സംഭവസമയം തീയും പുകയും മൂലം പ്രധാന കവാടത്തിലൂടെ തങ്ങള്‍ക്ക് നഴ്സറിയിലേക്ക് കടക്കാനായില്ലെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റില്‍ നിന്നുള്ള സാക്ഷി മൊഴിനല്‍കി. സ്ഥലത്തെത്തിയ രണ്ടാമത് സിവില്‍ ഡിഫന്‍സ് സംഘത്തിലെ അംഗമായിരുന്നു ഇയാള്‍. കേസില്‍ ഈ മാസം 23 മുതല്‍ വീണ്ടും വാദം കേള്‍ക്കും.


നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല.
Please Note:
അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
comments powered by Disqus