തിരുവനന്തപുരം: രത്ന വ്യാപാരി ഹരിഹരവര്‍മയുടെ കൊലപാതക കേസില്‍ മലയാളികളായ അഞ്ച് പ്രതികള്‍ പിടിയില്‍. തലശ്ശേരി സ്വദേശി ജിതേഷ്, ചാലക്കുടി സ്വദേശി രാകേഷ്, കുറ്റിയാടി സ്വദേശി അജീഷ്്, കൂര്‍ഗ് സ്വദേശി ജോസഫ് എന്നിവരടക്കം അഞ്ചുപേരാണ് അറസ്റ്റിലായത്. ഇതില്‍ മൂന്ന് പേര്‍ ബാംഗ്ലൂരില്‍ എന്‍ജിനിയിറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ്.
ഹരിഹരവര്‍മ്മയില്‍ നിന്നും പ്രതികള്‍ തട്ടിയെടുത്ത കുറെയേറെ രത്നങ്ങള്‍ കണ്ടെടുത്തതായും എ.ഡി.ജി.പി എ ഹേമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളത്ത് ഏരൂരില്‍ വാടകക്കെടുത്ത വീട്ടില്‍ വെച്ചാണ് പ്രതികള്‍ ഹരിഹരവര്‍മ്മയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തലശ്ശേരി സ്വദേശി ജിതേഷായിരുന്നു മുഖ്യ സൂത്രധാരന്‍. ശീതളപാനീയത്തില്‍ മയക്കുമരുന്നു നല്‍കി , ക്ളോറോഫോം മണപ്പിച്ച് മയക്കിയതിനുശേഷം ഹരിഹരവര്‍മ്മയില്‍ നിന്നും രത്നങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. കൈകള്‍ പുറകില്‍ കെട്ടാന്‍ ശ്രമിക്കുന്നതിനിടെ വര്‍മ നിലവിളിക്കുകയും ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ കൊലയാളികള്‍ മുഖത്തും കഴുത്തിലും കുത്തിപ്പിടിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ വര്‍മ കൊലപ്പെടുകയായിരുന്നുവെന്ന് എ.ഡി.ജി.പി പറഞ്ഞു.
വളരെ ആസൂത്രിതമായ നീക്കത്തിലൂടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നും മൊബൈല്‍ ഫോണ്‍ പൊലീസ് പിന്തുടരാതിരിക്കാന്‍ പുതിയ കണക്ഷനുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഇനിയും അറസ്റ്റിലായേക്കുമെന്നും എ.ഡി.ജി.പി വ്യക്തമാക്കി.
പ്രതിയായ ജോസഫിനെ കര്‍ണാടകയിലെ മന്ത്രിപുത്രനെന്ന പേരില്‍ വര്‍മക്ക് പരിചയപ്പെടുത്തിയാണ് രത്നങ്ങള്‍ തട്ടിയെടുക്കാന്‍ ആസൂത്രണം നടത്തിയിരുന്നത്. എന്നാല്‍ വര്‍മ വില കുറഞ്ഞ രത്നങ്ങളാണ് വില്‍ക്കാന്‍ ശ്രമിച്ചതെന്നും എ.ഡി.ജി.പി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


നിങ്ങളുടെ അഭിപ്രായങ്ങള്‍